ശുഭാംശുവിനെ കൈവീശിക്കാണിച്ചാലോ! അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്നുമുതല്‍ കേരളത്തിന്റെ ആകാശത്ത്

ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയം | Photos: PTI, facebook.com/ISS
ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയം | Photos: PTI, facebook.com/ISS

ക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിയ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല അവിടെ പരീക്ഷണങ്ങള്‍ തുടരുകയാണ്.  ശുഭാംശു ഉള്‍പ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് ഐഎസ്എസ് ഭൂമിയെ അതിവേഗം ചുറ്റിപ്പറക്കുകയാണ്. ഇങ്ങനെ ഭൂമിയെ ചുറ്റുന്ന ബഹിരാകാശനിലയത്തെ ലോകത്തിന്റെ പലഭാഗത്തുനിന്നും ആകാശത്ത് കാണാം. തിങ്കളാഴ്ച ഏതാനും ദിവസങ്ങള്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ വിവധ പ്രദേശങ്ങളില്‍ നിന്ന് ഐഎസ്എസ്സിനെ ആകാശത്തുകാണാം. 

മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് ഐഎസ്എസ് ഭൂമിയെ ചുറ്റിപ്പറക്കുന്നത്. ഭൂമിയെ ഒരുതവണ വലംവെക്കാന്‍ ബഹിരാകാശ നിലയത്തിന് വെറും 90 മിനുറ്റ് മതി. അതായത്, നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരുദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാം. യുഎസ്, റഷ്യ, കാനഡ, ജപ്പാന്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) തുടങ്ങിയ രാജ്യങ്ങളാണ് ഐഎസ്എസ് നിര്‍മ്മിച്ചതും പരിപാലിക്കുന്നതും. ഇതുവരെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലയത്തിലെത്തിയിട്ടുണ്ട്. 

ഇത്രയും പ്രാധാന്യമുള്ള അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഭൂമിയില്‍ നിന്ന് നോക്കിക്കാണാന്‍ കൗതുകത്തോടെ കാത്തിരിക്കുന്നത് ഒട്ടേറെ പേരാണ്. ഇതിന് സഹായിക്കാന്‍ നാസയുടെ 'സ്‌പോട്ട് ദി സ്‌റ്റേഷന്‍' ഉള്‍പ്പെടെ വിവിധ ആപ്പുകള്‍ ലഭ്യമാണ്. ബഹിരാകാശ നിലയത്തെ തത്സമയം ട്രാക്ക് ചെയ്യാനും ഈ ആപ്പുകള്‍ സഹായിക്കും. പ്രകാശം പുറത്തുവിടാത്ത ഐഎസ്എസ് ഭൂമിയില്‍ നിന്ന് ദൃശ്യമാകാന്‍ കാരണം അതില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശമാണ് - ചന്ദ്രനെ നമുക്ക് കാണാന്‍ കഴിയുന്നതിന്റെ അതേ കാരണം. ഓരോ പ്രദേശത്തും ഏതാനും മിനുറ്റുകള്‍ മാത്രമാണ് ഐഎസ്എസ് ദൃശ്യമാകുക. 

ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാര്‍ സങ്കീര്‍ണമായ സോഫ്റ്റ്‌വെയറുകളുടേയും തത്സമയ വിവരങ്ങളുടേയും സഹായത്തോടെ ഐഎസ്എസിന്റെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ നാസ പരസ്യപ്പെടുത്തുന്നതിനാലാണ് ആപ്പുകള്‍ ഉപയോഗിച്ച് നമുക്ക് ഐഎസ്എസ്സിനെ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നത്. 

ശുഭാംശുവിനെ കാണാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തേയും വഹിച്ചുകൊണ്ട് ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ നമുക്കും കാണാം. ശുഭാംശു കണ്ടില്ലെങ്കിലും നിലയത്തെ നോക്കി നമുക്ക് കൈവീശിക്കാണിക്കാം. അതിനായി വരുംദിവസങ്ങളില്‍ ഐഎസ്എസ് ഇന്ത്യയിൽ ദൃശ്യമാകുന്ന തിയ്യതികളും സമയവും ചുവടെ നല്‍കുന്നു. 

തിയ്യതി ഐഎസ്എസ് ദൃശ്യമാകുന്ന സമയം
ജൂലായ് ഏഴ്   രാത്രി 08:48 മുതല്‍ 08:55 വരെ
ജൂലായ് എട്ട്   പുലര്‍ച്ചെ 04:59 മുതല്‍ 05:05 വരെ 
ജൂലായ് എട്ട്   രാത്രി 07:59 മുതല്‍ 08:06 വരെ
ജൂലായ് എട്ട്   രാത്രി 09:38 മുതല്‍ 09:41 വരെ
ജൂലായ് ഒമ്പത്   പുലര്‍ച്ചെ 04:10 മുതല്‍ 04:16 വരെ
ജൂലായ് ഒമ്പത് രാത്രി 08:48 മുതല്‍ 08:53 വരെ
ജൂലായ് 10   പുലര്‍ച്ചെ 03:22 മുതല്‍ 03:27 വരെ
ജൂലായ് 10 പുലര്‍ച്ചെ 04:58 മുതല്‍ 05:04 വരെ
ജൂലായ് 10 രാത്രി 07:59 മുതല്‍ 08:05 വരെ
ജൂലായ് 11    പുലര്‍ച്ചെ 02:34 മുതല്‍ 02:36 വരെ
ജൂലായ് 11 പുലര്‍ച്ചെ 04:09 മുതല്‍ 04:15 വരെ
ജൂലായ് 12   രാത്രി 07:59 മുതല്‍ 08:03 വരെ

ഏത് ദിശയിലാണ് നിലയം ദൃശ്യമാകുക എന്നറിയാനായി ഐഎസ്എസ് ട്രാക്കർ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ഈ ദിവസങ്ങളിലൊന്നും ഐഎസ്എസ്സിനെ കാണാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ടതില്ല. ജൂലായ് 24 മുതല്‍ വീണ്ടും നിലയം ഇന്ത്യയുടെ ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Also Read: 67 വർഷമായി ഭൂമിയെ ചുറ്റിക്കറങ്ങുന്ന കൃത്രിമോപഗ്രഹം; വാന്‍ഗാര്‍ഡ് 1-നെ തിരികെ മണ്ണിലിറക്കാൻ കഴിയുമോ?

Content Highlights: International Space Station (ISS) flies over Kerala. Here are the spotting times