പസഫിക്, അറ്റ്ലാന്റിക്ക് സമുദ്രങ്ങൾ ചുരുങ്ങി ഇല്ലാതാകും, ചെങ്കടൽ വലുതാകും; ഹെയ്‌ലി ഗബ്ബി പറയുന്നത്

ലോകമെമ്പാടുമുള്ള പർവതാരോഹകരുടെ സ്വപ്നമാണ് ഏറ്റവും നീളമുള്ള അപ്പലേച്ചിയൻ ട്രെയിൽ. വടക്കൻ അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനമായ ജോർജിയയിലെ സ്പ്രിങ്ങർ മലയിൽനിന്ന് ആരംഭിച്ച് വടക്കുകിഴക്കൻ സംസ്ഥാനമായ മെയിനിലെ കത്താദിൻ മലയിൽ 14 സംസ്ഥാനങ്ങളിലൂടെ 3540 കിലോമീറ്റർ സഞ്ചരിച്ച് അവസാനിക്കുന്ന പാതയാണിത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻതീരം ചേർന്ന് കിടക്കുന്ന അപ്പലേച്ചിയൻ പർവതനിരയുടെ മുകളിലൂടെ മൂന്നുമാസത്തോളം കാൽനടയാത്ര ചെയ്ത് കത്താദിൻ മലയിലെത്തി അവിടെനിന്ന് ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും സെൽഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്.
40 കോടി വർഷംമുൻപ് ഭൂമിയിലുണ്ടായിരുന്ന ഒരു സമുദ്രത്തിന്റെ അടിത്തട്ടിലൂടെയാണ് അവർ സഞ്ചരിച്ചതെന്ന് ഇവരിൽ ഒരാളെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ എന്നത് സംശയംതന്നെ. അതെ, രണ്ടുവൻകരകൾ കൂട്ടിയിടിച്ചപ്പോൾ ഇടയ്ക്കുണ്ടായിരുന്ന സമുദ്രാടിത്തട്ട് നമ്മുടെ ഹിമാലയപർവതംപോലെ ഉയർന്നുപൊങ്ങിയുണ്ടായതാണ് അപ്പലേച്ചിയൻ പർവതനിരകൾ. ഒരേയൊരു വ്യത്യാസം മാത്രം, ഹിമാലയം അഞ്ചുകോടി വർഷംമുൻപുണ്ടായിരുന്ന ടെത്തീസ് സമുദ്രം അടഞ്ഞാണ് ഉണ്ടായതെങ്കിൽ അപ്പലേച്ചിയൻ പർവതനിരകൾ 40 കോടി വർഷംമുൻപുള്ള അയപ്പറ്റസ് സമുദ്രം അടഞ്ഞാണുണ്ടായത്.
ടൂസോ വിൽസൺ കണ്ടെത്തിയത്
വടക്കൻ അമേരിക്കയിലെ അപ്പലേച്ചിയൻ പർവതനിരയും യൂറോപ്പിൽ കാണുന്ന കലിഡോണിയൻ പർവതനിരകളും ഇപ്പോൾ അറ്റ്‌ലാന്റിക്കിന്റെ രണ്ടുകരകളിലാണെങ്കിലും അവ ഒരിക്കൽ ഒരുമിച്ചായിരുന്നു. ഇവ രണ്ടും ഒന്നായി അയപ്പറ്റസ് സമുദ്രം അടഞ്ഞുണ്ടായതാണെന്ന് ആദ്യമായി കണ്ടെത്തിയ ഒരാളുണ്ട്. അദ്ദേഹമാണ് കനേഡിയൻ ശാസ്ത്രജ്ഞനായ ടൂസോ വിൽസൺ. 1966-ൽ വിൽസൺ ഇതേ അപ്പലേച്ചിയനിലൂടെ നടന്നപ്പോൾ അദ്ദേഹത്തിന് മനസ്സിലായത് അതിന്റെ കിഴക്കും പടിഞ്ഞാറും കാണുന്ന പാറകളും അവയിലെ ഫോസിലുകളും തികച്ചും വ്യത്യസ്തമാണെന്നും അപ്പലേച്ചിയൻ-കലിഡോണിയൻ 40 കോടി വർഷംമുൻപ് ഉണ്ടായിരുന്ന അയപ്പറ്റസ് എന്ന സമുദ്രം അടഞ്ഞുണ്ടായ പർവതനിരയാണെതെന്നുമാണ്. അങ്ങനെയെങ്കിൽ അപ്പലേച്ചിയന്റെ കിഴക്കും പടിഞ്ഞാറും അയപ്പറ്റസ് എന്ന അതിപുരാതന സമുദ്രത്തിന്റെ രണ്ടുവശങ്ങളിലെ വൻകരകൾ ആയിരുന്നെന്ന് അദ്ദേഹത്തിന് മനസ്സിലായി.
ഈ കൂട്ടിയിടിയിലൂടെയാണ് പാഞ്ചിയ എന്ന ഒറ്റഭൂഖണ്ഡം ഭൂമിയിൽ പിറന്നത്. അതിനുചുറ്റും പന്തലാസ എന്ന ഒറ്റസമുദ്രംമാത്രമായിത്തീർന്നു. സൂക്ഷ്മമായി കാര്യങ്ങൾ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് മനസ്സിലായത് അപ്പലേച്ചിയൻ-കലിഡോണിയൻ പർവതനിരകൾ വേർപെട്ടത് 18 കോടി വർഷംമുൻപ് പാഞ്ചിയയിലുണ്ടായ ഒരു പിളർപ്പിലൂടെ അറ്റ്‌ലാന്റിക് ജനിച്ചപ്പോഴെന്നാണ്. അങ്ങനെയാണെങ്കിൽ ഇന്നത്തെ അറ്റ്‌ലാന്റിക് രണ്ടുപ്രാവശ്യം ഏകദേശം ഒരേ വരയിലൂടെ തുറന്നതാണെന്ന് മനസ്സിലാകും.
80 കോടി വർഷംമുൻപ് ആദ്യത്തെ അറ്റ്‌ലാന്റിക് സമുദ്രം (അയാപ്പറ്റസ്) അന്നുണ്ടായിരുന്ന റോഡീനിയ എന്ന ഒറ്റ വൻകര പിളർന്നപ്പോൾ ഉണ്ടായെങ്കിൽ രണ്ടാമത്തെ അറ്റ്‌ലാന്റിക് 18 കോടി വർഷംമുൻപ് പാഞ്ചിയ പിളർന്നപ്പോഴാണ് ഉണ്ടായത്. അപ്പലേച്ചിയൻ-കലിഡോണിയൻ പാറകൾ പറയുന്നത് ഈ കഥയാണ്. അങ്ങനെ അപ്പലേച്ചിയൻ പർവതനിരകളിലെ രണ്ടുവശത്തെയും വ്യത്യസ്ത പാറകളും അവയിലെ ഫോസിലുകളും, വൻകരകൾ പിളരുമ്പോൾ സമുദ്രങ്ങൾ ഉണ്ടാവുകയും അതേ സമുദ്രങ്ങൾതന്നെ കോടിക്കണക്കിന് വർഷങ്ങൾ കഴിയുമ്പോൾ അടഞ്ഞ് പർവതനിരകൾ ഉണ്ടാവുകയും ചെയ്യുന്നു എന്ന വലിയ സത്യത്തിലേക്ക് വിൽസൺ എന്ന ശാസ്ത്രജ്ഞനെ നയിച്ചു. ഇതാണ് പിൽക്കാലത്ത് ലോകം വിൽസൺ സൈക്കിൾ (Wilson Cycle) എന്ന പേരിൽ സമുദ്രങ്ങളുടെ ജനനവും മരണവും അടയാളപ്പെടുത്തുന്ന പ്രക്രിയയായി മനസ്സിലാക്കിയത്.
ഹെയ്‌ലി ഗബ്ബി പുകയുന്നതെന്തിനാണ്?
വൻകരകൾ പിളർന്ന് പുതിയ സമുദ്രങ്ങളുണ്ടാകുന്നതും അവ വലുതാകുന്നതും ഒരു ഘട്ടത്തിനുശേഷം അടഞ്ഞ് പർവതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നതിനെയാണ് വിൽസൺ സൈക്കിൾ എന്ന് വിളിക്കുന്നത്. ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് സമുദ്രങ്ങൾക്ക് ജനനവും ജീവിതവും മരണവും പുനർജന്മവും ഉണ്ടെന്നാണ്. അതാണ് അറ്റ്‌ലാന്റിക്കിൽ നമ്മൾ കണ്ടത്.
വൻകരകളുടെ പിളർപ്പും വശങ്ങളിലേക്കുള്ള നീങ്ങലും അവിടങ്ങളിലേക്ക് അടുത്തുള്ള സമുദ്രങ്ങൾ ഇരച്ചുകയറുന്നതും അവ വലുതാകുന്നതും പിന്നീട് ചുരുങ്ങി വൻകരകൾ ഇടിക്കുമ്പോൾ മടക്കുപർവതങ്ങൾ ഉണ്ടാകുന്നതും ഭൂമിയിൽ പതിവാണ്. ഇതിനുകാരണം ഭൂമിക്കടിയിലെ ദ്രാവകരൂപത്തിലെ തിളച്ചുമറിയുന്ന പാറകൾ അഥവാ മാഗ്‌മ വൻകരകളെ ദുർബലമാക്കുകയും അവയെ പിളർത്തുകയും ആ പിളർപ്പുകളിലൂടെ അഗ്നിപർവതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നതിനാലാണ്.
ഭൂമിക്കടിയിലെ തിളച്ചുമറിയുന്ന പാറകളുടെ മുകളിലൂടെ വെള്ളത്തിലിട്ട പലകകൾപോലെ നീങ്ങുന്നതുകൊണ്ടാണ് കരകൾ വശങ്ങളിലേക്ക് നീങ്ങി സമുദ്രങ്ങൾ വലുതാകുന്നത്. ഇങ്ങനെ ഇപ്പോൾ ഭൂമിയുടെ ഉപരിതലം പിളർന്ന് വശങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന വൻകര ആഫ്രിക്കയാണ്. അതാണ് വടക്കുകിഴക്കൻ ആഫ്രിക്കയിൽ ‘സി’ ആകൃതിയിൽ പിളർപ്പുകൾ റിഫ്ട് വാലികളായി കാണുന്നത്. ഈ പിളർപ്പുകൾക്കടിയിൽ തിളച്ചുമറിയുന്ന മാഗ്‌മയാണ്. അത് പിളർപ്പുകളിലൂടെ പുകയായും ചാരമായും ലാവയായും പുറത്തുവരും. അതാണ് നാം ഈയിടെ എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബിയിലൂടെ വരുന്നത് കണ്ടത്.
താമസിയാതെ ഈ പിളർപ്പുകൾ വലുതായി അടുത്തുള്ള ചെങ്കടൽ ഇങ്ങോട്ട് ഇരച്ചുകയറും. ഇങ്ങനെയുള്ള പിളർപ്പ് വലുതായി ഒരു കുഞ്ഞു സമുദ്രമായതാണ് അടുത്തിടെയുണ്ടായ ചെങ്കടൽ. ചെങ്കടലിന് ഇപ്പോൾ ബാല്യമാണ്. അത് വളർന്നുവലുതാവും. പ്രായമായിക്കഴിഞ്ഞാൽ ചെങ്കടലും ചുരുങ്ങി അടയും. അറ്റ്‌ലാന്റിക്കും പസഫിക്കും പ്രായമായ അടയാറായ സമുദ്രങ്ങളാണ്. അവ താമസിയാതെ അയപേറ്റസും ടെത്തീസും അടഞ്ഞതുപോലെ അടയും. അവിടെ ഭൂമി കുലുങ്ങും. പുതിയ പർവതനിരയുണ്ടാകും. ടെത്തീസ് പൂർണമായും അടഞ്ഞിട്ടില്ല. പടിഞ്ഞാറൻ ഭാഗത്ത് പൂർണമായും അടയാത്ത ടെത്തീസിന്റെ ഭാഗങ്ങളാണ് മെഡിറ്ററേനിയൻ കടലും കാസ്ബിയൻ കടലും ആരാൽ കടലുമെല്ലാം.
ഭൂമിയുടെ 460 കോടി വർഷത്തെ ചരിത്രത്തിൽ എത്ര സമുദ്രങ്ങൾ എത്ര പ്രാവശ്യം തുറക്കുകയും അടയ്ക്കുകയും ചെയ്തെന്നോ എത്ര വൻകരകൾ എത്ര പ്രാവശ്യം പിളരുകയും പിന്നീട് ഒന്നാകുകയും ചെയ്തെന്നോ കൃത്യമായ ധാരണ ശാസ്ത്രജ്ഞർക്കില്ല. കാരണം, ഭൂമിയുടെ ആദ്യത്തെ 200 കോടി വർഷത്തെ അടയാളങ്ങൾ പാറകളിൽ വ്യക്തമല്ല എന്നതുതന്നെ. എന്തായാലും, കുട്ടികൾ കണ്ണുപൊത്തിക്കളിക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതുപോലെ വൻകരകളും സമുദ്രങ്ങളും ഭൂമിയുടെ ഉപരിതലത്തിൽ ഓടിക്കൊണ്ടേയിരിക്കുകയാണെന്നുമാത്രം ഇപ്പോൾ പറഞ്ഞവസാനിപ്പിക്കാം.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി വകുപ്പ് മുൻ മേധാവിയാണ് ലേഖകൻ)
Content Highlights: The geological phenomenon known as the Wilson Cycle explains how oceans are born, grow, and eventually vanish to form mountain ranges. Current observations at Ethiopia's Hayli Gubbi indicate that the African continent is splitting, allowing the Red Sea to expand.