കക്കത്തോടുകളിൽനിന്ന് ചരിത്രത്തിലേക്ക്; ഹരപ്പൻ ജീവിതത്തിലെ പുതിയ കണ്ടെത്തലുകൾ- അഭിമുഖം

#ഡോ. വി.എന്‍. പ്രഭാകര്‍ / ഇ.ജി. രതീഷ്
ഡോ. വി.എന്‍. പ്രഭാകര്‍ | Photo: Mathrubhumi
ഡോ. വി.എന്‍. പ്രഭാകര്‍ | Photo: Mathrubhumi

ഗുജറാത്തില്‍ കച്ചിലെ ബംഭന്‍കയില്‍ പൈപ്പ് ലൈനിന് കുഴിയെടുത്തവര്‍ കക്കത്തോടുകളുടെ ഒരു കൂമ്പാരം കണ്ടെത്തുന്നു. അറിഞ്ഞെത്തിയ പുരാവസ്തുഗവേഷകരുടെ അന്വേഷണത്തില്‍ ഇത്തരം 16 സ്ഥലങ്ങള്‍കൂടി തിരിച്ചറിഞ്ഞു. പ്രമുഖ ഹരപ്പന്‍ നഗരമായ ധൊലാവീരയ്ക്ക് ചുറ്റുവട്ടത്തായിരുന്നു ഇവയെല്ലാം. 9500 വര്‍ഷം പഴക്കമുള്ള (7500 ബിസിഇ) മനുഷ്യവാസത്തിന്റെ തെളിവുകളാണിതെന്ന് ശാസ്ത്രീയപരീക്ഷണങ്ങളിലൂടെ ഇപ്പോള്‍ വ്യക്തമായി. 'ഹരപ്പന്‍ സംസ്‌കാരം പെട്ടെന്ന് പൊട്ടിമുളച്ചതല്ല. അതൊരു നീണ്ട പരിണാമപ്രക്രിയയാണ്..' കണ്ടെത്തലിന്റെ പ്രാധാന്യത്തെപ്പറ്റി മാതൃഭൂമി പ്രതിനിധി ഇ.ജി. രതീഷിനോട് സംസാരിക്കുകയാണ് പഠനത്തിന് നേതൃത്വംനല്‍കിയ ഡോ. വി.എന്‍. പ്രഭാകര്‍. ഗാന്ധിനഗര്‍ ഐഐടിയിലെ ആര്‍ക്കിയോളജിക്കല്‍ സയന്‍സസ് സെന്റര്‍ കോഡിനേറ്ററായ ഇദ്ദേഹം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ എക്സ്‌കവേഷന്‍ ആന്‍ഡ് എക്സ്പ്ലൊറേഷന്‍ മുന്‍ ഡയറക്ടറുമാണ്.

ഈ കണ്ടെത്തലുകളുടെ ചരിത്രപ്രാധാന്യം എന്താണ്?

ഹരപ്പന്‍ സംസ്‌കാരം അതിന്റെ ഔന്നത്യത്തിലെത്തിയത് 2600-1900 ബിസിഇയിലാണെന്ന് നമുക്കറിയാം. ഇതേപ്പറ്റി ധാരാളം പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കച്ചിലെ ധൊലാവീര പ്രധാനസങ്കേതവുമാണ്. അതിലും അയ്യായിരം വര്‍ഷംമുന്‍പ് അവിടെ ആളുകള്‍ താമസിച്ചിരുന്നുവെന്നതിന് വ്യക്തമായ തെളിവ് ഇപ്പോള്‍ കിട്ടിയിരിക്കുന്നു. കച്ചിലെ ഹരപ്പന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് പൊട്ടിമുളച്ച് പിന്നീട് അപ്രത്യക്ഷമായവയല്ല. 7500 ബിസിഇയില്‍ തുടങ്ങി 1500 ബിസിഇ വരെയെങ്കിലും നീളുന്ന ഒരു പരിണാമപ്രക്രിയയാണ് ഇതെന്ന് വ്യക്തമാകുന്നു. കച്ചിലെ തദ്ദേശീയരുടെ വൃത്താകൃതിയിലുള്ള ഗൃഹനിര്‍മാണരീതിയൊക്കെ ആ സംസ്‌കാരത്തിന്റെ ഇപ്പോഴുമുള്ള തുടര്‍ച്ചകളായി കാണാവുന്നതുമാണ്.

ഇത് ഹരപ്പന്‍ സംസ്‌കാരം കൂടുതല്‍ പഴക്കമുള്ളതാണെന്ന നിഗമനത്തിലേക്ക് നയിക്കുമോ?

ഇല്ല. നഗരസ്വഭാവമുള്ള മനുഷ്യ അധിവാസകേന്ദ്രത്തെയാണ് ചരിത്രകാരന്മാര്‍ സംസ്‌കാരമെന്ന് വിലയിരുത്തുക. ഹാരപ്പന്റെ മൂന്നു ചരിത്രഘട്ടങ്ങളും കൃത്യമായി അടയാളപ്പെട്ടുകഴിഞ്ഞു. പക്ഷേ, ചരിത്രത്തില്‍ ഒന്നും പെട്ടെന്ന് ഉരുവംകൊണ്ട് ഇല്ലാതാകുന്നില്ല. അതൊരു ജൈവപ്രക്രിയയാണ്. 'ഹണ്ടര്‍-ഗാതറര്‍' സമൂഹങ്ങള്‍ രൂപംകൊള്ളുകയും ക്രമേണ ഗ്രാമജീവിതമുണ്ടാവുകയും അവ സംസ്‌കാരങ്ങളായി വളരുകയും ചെയ്യും. 7500 ബിസിഇ കാലത്തുതന്നെ പാകിസ്താനിലെ ലാസ് ബേലയിലും മക്രാനിലും സമാനരീതിയില്‍ മനുഷ്യര്‍ ജീവിച്ചിരുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ഇന്നത്തെ ഇന്ത്യയിലെ ഹരപ്പന്‍ മേഖലയിലും സമാനമായ മനുഷ്യവാസം തെളിഞ്ഞിരിക്കുന്നു. ഇതാണ് അടിത്തറയെന്നു പറയാം.

ഗവേഷണത്തിന് സഹായകരമായ തെളിവുകളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും എന്തൊക്കെയാണ്?

ഖാദിര്‍, ബേല ദ്വീപുകളിലും പരിസരങ്ങളിലുമായി കക്കകളുടെയും ചിപ്പികളുടെയും തോടുകളുടെ കൂനകളാണ് പ്രധാനമായി കണ്ടത്. അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെയും ഡല്‍ഹിയില്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സെലറേറ്റര്‍ സെന്ററിലെയും പരിശോധനകളില്‍നിന്ന് ,ഇവ മനുഷ്യര്‍ ഭക്ഷിച്ച് ഉപേക്ഷിച്ചവയാണെന്ന് കൃത്യമായ കാലഗണനയോടെ വ്യക്തമായി. വലിയ കൂനകളായിരുന്നില്ല എന്നതില്‍നിന്ന് ,ആളുകള്‍ ഏറെക്കാലം ഒരു സ്ഥലത്ത് താമസിച്ചിരുന്നില്ല എന്നു മനസ്സിലാക്കാം. ചെറിയ കൂട്ടങ്ങളായി സമൃദ്ധമായ കണ്ടല്‍വനങ്ങളിലെ തീരപ്രദേശത്ത് ഭക്ഷണലഭ്യതയനുസരിച്ച് മാറിമാറി താമസിക്കുന്ന പ്രകൃതക്കാരായിരുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള കല്ലുകൊണ്ടുള്ള ആയുധങ്ങളും കണ്ടെത്തി. ചെറുതും കൂര്‍ത്തതുമാണിവ. ഭക്ഷണം മുറിച്ചെടുക്കാന്‍ ഇവ ഉപകരിച്ചു.

ശാസ്ത്രീയസങ്കേതങ്ങളുടെ പ്രാധാന്യം എടുത്തുപറയണം. ബ്രിട്ടീഷുകാര്‍ ഇത്തരം തെളിവുകള്‍ നേരത്തേ കണ്ടെങ്കിലും കാലഗണനയ്ക്ക് കഴിഞ്ഞില്ല. കക്കയവശിഷ്ടങ്ങളിലെ കാര്‍ബണ്‍ 14 റേഡിയോ ആക്ടീവ് ഐസോടോപ്പ് മൂല്യം കണക്കാക്കല്‍, ആക്സെലറേറ്റര്‍ മാസ് സ്പെക്ട്രോമെട്രി തുടങ്ങിയവ ഞങ്ങളെ തുണച്ചു.

ഹരപ്പന്‍ സംസ്‌കാരത്തെ ഈ പഴയസമൂഹങ്ങള്‍ എങ്ങനെ സ്വാധീനിച്ചു?

സ്വാധീനമെന്നതിനെക്കാള്‍ പൊതുവായ അറിവ് എന്നാണ് പറയേണ്ടത്. അന്ന് റാന്‍ ഓഫ് കച്ചില്‍ സമുദ്രം കുറെക്കൂടി അടുത്തായിരുന്നു. അനേകം നീര്‍ച്ചാലുകളും ഏഴ് ദ്വീപുകളും ഉണ്ടായിരുന്നു. ഇന്ന് ഖാദിര്‍ മാത്രമേ ദ്വീപ് എന്ന് പറയാനുള്ളൂ. സ്വാഭാവികമായും വള്ളങ്ങള്‍ ഉപയോഗിക്കേണ്ടിവരും. യാത്ര, ഭക്ഷണശേഖരണം, ഭൂമിശാസ്ത്രം തുടങ്ങിയവയെപ്പറ്റിയുള്ള പ്രാചീനരുടെ അറിവുകള്‍ പകര്‍ന്നുകിട്ടിയവയാണ്. ധൊലാവീര രണ്ടു പുഴകളുടെ ഇടയില്‍ പടുത്തുയര്‍ത്തിയ നാഗരികതയാണ്. ഒഴുക്ക് കുറവായതിനാലാണ് ഈ ഭാഗത്ത് ഇവര്‍ തമ്പടിച്ചത്. ഇത്തരം അറിവുകള്‍ പെട്ടെന്ന് കിട്ടുന്നവയല്ല. പില്‍ക്കാലത്ത് ഹരപ്പന്‍ ജനത ലോകത്തെ മികച്ച കപ്പലുകളുണ്ടാക്കി. മെസപ്പൊട്ടേമിയ അടക്കമുള്ള സംസ്‌കാരങ്ങളുമായി വ്യാപാരം നടത്തി. മികച്ച ആഭരണങ്ങള്‍ നിര്‍മിച്ചു. അതിനുള്ള അസംസ്‌കൃതവിഭവങ്ങള്‍ പലയിടത്തുനിന്നും എത്തിച്ചു. അന്നത്തെ വലിയ സാമ്പത്തികശക്തിയായിമാറി.

ഹരപ്പയുടെ തുടക്കംപോലെ പ്രധാനമല്ലേ ഒടുക്കവും?

ഹരപ്പന്‍ ജനത എവിടേക്കുപോയി എന്നത് ചരിത്രത്തിലെ അഭിമാനപ്രശ്‌നമായി പലരും എടുക്കുകയാണ്. 2200 ബിസിഇയില്‍ ലോകത്ത് വലിയ കാലാവസ്ഥാ വ്യതിയാനമുണ്ടായി. മെസൊപ്പൊട്ടേമിയമുതല്‍ ഹരപ്പന്‍ കേന്ദ്രങ്ങളെവരെ വേട്ടയാടിയ നീണ്ട വരള്‍ച്ചയുടെ കാലമായിരുന്നു അത്. കൃഷി അസാധ്യമായി. റാന്‍ ഓഫ് കച്ചിലെത്തി അറബിക്കടലില്‍ പതിച്ചിരുന്ന ഖാഖര്‍ നദി(സരസ്വതി)യുടെ ഒഴുക്ക് നിലച്ചു. ആളുകള്‍ ഒഴുക്കുള്ള മുകള്‍പ്രദേശങ്ങളിലേക്ക് മാറിമാറി താമസിച്ചു. ക്രമേണ നാഗരികത ഗ്രാമീണതകളായി വിലയിച്ചിരിക്കാം. വടക്കോട്ടും കിഴക്കോട്ടും ഇവര്‍ കുടിയേറിയതിന് തെളിവുകളുണ്ട്. തെക്കോട്ട് നീങ്ങിയെന്നത് ഒരു ഊഹം മാത്രമാണെന്നാണ് എന്റെപക്ഷം. ഇത്തരം തര്‍ക്കങ്ങളെക്കാള്‍ സംസ്‌കാരത്തിന്റെ പതനത്തിനു കാരണമായ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠിക്കുന്നതിനാണ് നമ്മള്‍ ഊന്നല്‍നല്‍കണ്ടേത്.

കച്ചിലെ പൂര്‍വജനതയും കാലാവസ്ഥാമാറ്റവും തമ്മിലുള്ള ബന്ധമെന്താണ്?

ഞങ്ങളുടെ തുടര്‍പഠനം ആ ദിശയിലാണ്. കാര്‍ബണ്‍ 14 കാലഗണനാ രീതിവെച്ച് അവശിഷ്ടങ്ങളിലെ ഓക്സിജന്റെ അളവ് കണ്ടെത്താം. അത് ആ കാലഘട്ടത്തിലെ കാലാവസ്ഥയെ മനസ്സിലാക്കാന്‍ സഹായിക്കും. ലോകത്ത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ചാക്രികമായി സംഭവിക്കുന്നുണ്ട്. നമ്മള്‍ ഇപ്പോഴത്തെ മാറ്റം മനസ്സിലാക്കുന്നത് 19-ഉം 20-ഉം നൂറ്റാണ്ടിലെ സ്ഥിതിയുമായി തുലനംചെയ്തിട്ടാണ്. അതുപോലെ പഴയകാലത്തെ സ്ഥിതിയും മനസ്സിലാക്കാനാവും. ഇത് മുന്നൊരുക്കങ്ങള്‍ക്ക് മനുഷ്യരാശിയെ സജ്ജമാക്കും.

കേരള സര്‍വകലാശാലയുടെ പഠനങ്ങള്‍ ശ്രദ്ധേയം

കച്ചില്‍ കേരള സര്‍വകലാശാലയുടെ പുരാവസ്തുപഠനവകുപ്പ് ഏതാനും വര്‍ഷങ്ങളായി ഉത്ഖനനത്തിലൂടെ ശ്രദ്ധേയമായ പല കണ്ടെത്തലുകശളും നടത്തിയിട്ടുണ്ട്. ഹരപ്പന്‍ സംസ്‌കാരം രൂപംകൊണ്ടതിന് ശേഷമുള്ള കാലമാണ് ഇവരുടെ പഠന മേഖല. 

അടുത്തിടെ ലഖാപറില്‍ 5300 വര്‍ഷം (3300 ബിസിഇ) പഴക്കമുള്ള ഹരപ്പന്‍ വാസസ്ഥലത്തിന്റെ അവശിഷ്ടങ്ങള്‍, സംഘം കണ്ടെത്തിയിരുന്നു. 2019-22 കാലയളവില്‍ സമീപമുള്ള ജനുഖട്ടിയില്‍ 197 ശവക്കല്ലറകള്‍ കണ്ടെത്തിയത് മറ്റൊരു നേട്ടമാണ്. രണ്ടുപ്രദേശത്തേയും മണ്‍പാത്രങ്ങള്‍ തമ്മില്‍ സാമ്യമുണ്ട്. എന്നാല്‍, ലഖാപറില്‍ വാസസ്ഥലത്തോട് ചേര്‍ന്നാണ് സംസ്‌കാര സ്ഥലം കണ്ടെത്തിയത്. ഹരപ്പന്‍ സമൂഹം മൃതദേഹ സംസ്‌കരണത്തിന് വ്യത്യസ്ത രീതികള്‍ സ്വീകരിച്ചിരുന്നുവെന്ന സൂചനയാണിതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ജി.എസ്. അഭയന്‍, ഡോ. എസ്.വി.രാജേഷ് എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഗാന്ധിനഗര്‍ ഐഐടിയിലെ ഗവേഷകര്‍ ഹരപ്പന്‍ സംസ്‌കാര രൂപവത്കരണത്തിനും വളരെ മുമ്പുള്ള ജനജീവിതമാണ് പഠനമാക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറവായതും തദ്ദേശീയജനതയുടെ സഹകരണവും കച്ചിനെ ചരിത്രഗവേഷണത്തിന്റെ സ്വര്‍ണഖനിയാക്കുന്നു.
 

Content Highlights: Archaeologists unearth 9500-year-old evidence of human settlement near Dholavira