ഭൂമിയേക്കാള്‍ ചെറുത്, പക്ഷെ ജീവനുണ്ടാകാന്‍ സാധ്യത, നാല് പുതിയ ഗ്രഹങ്ങളെ കണ്ടെത്തി

സൗരയൂഥത്തിന് പുറത്ത് വീണ്ടും ഗ്രഹങ്ങളെ കണ്ടെത്തി. ഭൂമിയില്‍നിന്ന് ആറ് പ്രകാശവര്‍ഷം മാത്രം അകലെയുള്ള ബര്‍ണാഡ് എന്ന ചുവപ്പുകുള്ളന്‍(red dwarf star) നക്ഷത്രത്തെ വലംവെയ്ക്കുന്ന നാല് ഗ്രഹങ്ങളെയാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഭൂമിയുമായി ഏറെ സാമ്യമുള്ള ഗ്രഹങ്ങളെയാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഭൂമിയെ അപേക്ഷിച്ച് ഇവയുടെ വലിപ്പം കുറവാണ്.
ബി, സി, ഡി, ഇ എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഗ്രഹങ്ങള്‍ക്ക് ഭൂമിയുടെ 20 മുതല്‍ 30 ശതമാനം വരെ മാത്രമേ പിണ്ഡമുള്ളു. സൗരയൂഥത്തിന് പുറത്ത് നിലവില്‍ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളില്‍ ഏറ്റവും ചെറിയ ഗ്രഹങ്ങളാണ് ഇവ. ഹവായിലെ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ്, ചിലിയിലെ വെരി ലാര്‍ജ് ടെലിസ്‌കോപ്പ് എന്നിവയുടെ സഹായത്തോടെയാണ് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ഗ്രഹങ്ങള്‍ അതിന്റെ നക്ഷത്രത്തെ വലംവയ്ക്കുന്നത്. ഭൂമിയിലെ രണ്ട് ദിവസമാണ് ഇവയില്‍ ബര്‍ണാഡ് നക്ഷത്രത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹത്തിലെ ഒരു വര്‍ഷം. ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം ഏഴ് ദിവസം കൊണ്ട് നക്ഷത്രത്തിനെ പരിക്രമണം ചെയ്യുന്നത് പൂര്‍ത്തിയാക്കും.
എങ്കിലും ചുവപ്പുകുള്ളന്‍ പോലുള്ള ചെറിയ നക്ഷത്രത്തിനോട് ഇത്രയും അടുത്ത് സ്ഥിതി ചെയ്യുന്നതില്‍ ഇവയില്‍ ജീവന് അതിജീവിക്കാനാകുന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂമിക്ക് പുറത്ത് ജീവനുണ്ടാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ഗ്രഹങ്ങളിലൊന്നായാണ് ഇവയെ കണക്കാക്കുന്നത്. ഗ്രഹങ്ങളെ കണ്ടെത്തിയതിന്റെ വിവരങ്ങള്‍ ആസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Scientists discover four potentially habitable exoplanets orbiting Barnard`s star