പ്രോട്ടീന്‍ ധാരാളം, ബഹിരാകാശ സഞ്ചാരികള്‍ക്ക് കഴിക്കാന്‍ ചീവീടുകളും പുഴുക്കളും; നീക്കവുമായി യൂറോപ്പ്

ചന്ദ്രനിലും ചൊവ്വയിലുമെല്ലാം സ്ഥിരമായി മനുഷ്യവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതികളിലാണ് ബഹിരാകാശ പര്യവേക്ഷണ രംഗം. ബഹിരാകാശ നിലയത്തിലെന്ന പോലെ ദീര്‍ഘകാലം ഇവിടങ്ങളില്‍ താമസിക്കുക എളുപ്പമല്ല, ഭക്ഷണവും വായുവും ഊര്‍ജവും തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പതിവില്ലാത്ത വഴികള്‍ തേടുകയാണ് യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍.
ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങുന്ന പ്രാണികളെ ബഹിരാകാശ ദൗത്യങ്ങളില്‍ ഭക്ഷണയോഗ്യമാക്കാനാവുമോ എന്ന അന്വേഷണത്തിലാണിവര്‍. ഇതിനായി ലോകമെമ്പാടുമുള്ള ഭക്ഷണം, ജീവശാസ്ത്രം, ബഹിരാകാശം എന്നീ രംഗങ്ങളിലെ വിദഗ്ധരുമായി സഹകരിച്ചുവരികയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി.
പ്രാണികളെ തിന്നുക എന്നത് എല്ലാവര്‍ക്കും സ്വീകാര്യമായ ഒന്നല്ല. ചില ഏഷ്യന്‍ രാജ്യങ്ങളില്‍ അത്തരം പതിവുണ്ടെങ്കിലും പലര്‍ക്കും പ്രാണികളോട് അറപ്പാണ്. എന്നാല്‍ പ്രാണികളെ ഭക്ഷിക്കുന്നത് സര്‍വസാധാരണമായ ഒന്നാണെന്നാണ് ഇഎസ്എ പറയുന്നത്. ഭൂമിയില്‍ 2000 ല്‍ കൂടുതല്‍ പ്രാണി വര്‍ഗത്തില്‍പെട്ട ജീവികളെ മനുഷ്യര്‍ ഭക്ഷിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്.
ചീവീടുകള്‍, മീല്‍ വേം (meal worms) എന്നിവയില്‍ ധാരാളം പ്രോട്ടീനും കൊഴുപ്പും അയേണ്‍, സിങ്ക് പോലുള്ള അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ചീവീടുകള്‍ പ്രോട്ടീനിന്റെ വലിയൊരു ഉറവിടമാണ്. ഒമ്പത് അമിനോ ആസിഡുകളും അതിലുണ്ട്. മീല്‍ വേമിലാകട്ടെ മികച്ച അളവില്‍ പ്രോട്ടീനും ഹെല്‍ത്തി ഫാറ്റും അടങ്ങിയിട്ടുണ്ട്.
ഇത് കൂടാതെ ബഹിരാകാശ പരിസ്ഥിതികളോട് പൊരുത്തപ്പെടാന്‍ പ്രാണികള്‍ക്ക് സാധിക്കുമെന്നതും ബഹിരാകാശ ദൗത്യങ്ങളില്‍ അവയെ പരിഗണിക്കാനുള്ള കാരണങ്ങളിലൊന്നാണ്. പ്രാണികള്‍ക്ക് മണ്ണ്, വെള്ളം, ഭക്ഷണം എന്നിവയുടെ ആവശ്യം കുറവാണ്. അതുകൊണ്ടുതന്നെ ബഹിരാകാശ ദൗത്യങ്ങളില്‍ അവ അനുയോജ്യമാണ്.
ചീവീടുകളെയും യെല്ലോ മീല്‍ വേമുകളെയും ആഹാരത്തില്‍ ഉള്‍പ്പെടുത്താനുള്ള അനുമതി ഇഎസ്എ നല്‍കിയിട്ടുണ്ട്. ഇവയെ മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങളില്‍ എങ്ങനെ വളര്‍ത്താമെന്നും പരിപാലിക്കാമെന്നും പരിശോധിച്ചു വരികയാണ് ഗവേഷകരിപ്പോള്‍.
Content Highlights: European scientists, led by ESA, are exploring high-protein insects like crickets and mealworms as a sustainable food source for long-term Moon and Mars colonies.