ഫ്രിഡ്ജുകളും AC-കളും ഇനി 'കൂളാ'കും; ഭൂമിക്ക് ദോഷമില്ലാതെ തണുപ്പേകാൻ ക്രിസ്റ്റൽ അധിഷ്ഠിത കൂളിങ്

പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ ജെന്നി പ്രിംഗിൾ | Photos: Canva, experts.deakin.edu.au
പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ ജെന്നി പ്രിംഗിൾ | Photos: Canva, experts.deakin.edu.au

ന്ന് സാധാരണക്കാരുടെ വീടുകളില്‍ പോലും കാണാന്‍ കഴിയുന്ന ഉപകരണമാണ് എയര്‍ കണ്ടീഷണര്‍ അഥവാ എ.സി. ഒരുകാലത്ത് ആഡംബരമായിരുന്ന എ.സി. ഇന്ന് അത്യാവശ്യമെന്ന തലത്തിലേക്ക് മാറിക്കഴിഞ്ഞു. അതുപോലെ തന്നെ ഭൂരിഭാഗം വീടുകളിലും കാണുന്ന ഒന്നാണ് ഫ്രിഡ്ജ് അഥവാ റഫ്രിജറേറ്ററും. 

നമുക്ക് സൗകര്യമേകുന്ന ഉപകരണങ്ങളാണെങ്കിലും ഭൂമിക്ക് വലിയ ദോഷമാണ് ഇവ ഉണ്ടാക്കുന്നത്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതിനാലാണ് ഫ്രിഡ്ജും എ.സിയും വില്ലനാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനായി ശാസ്ത്രലോകത്ത് ഗവേഷണങ്ങള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട്. അതിലേക്ക് പുതിയൊരു ചുവടുവെപ്പ് കൂടി ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. 

ഓസ്‌ട്രേലിയയിലെ ഡീകന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ജെന്നി പ്രിംഗിളും സഹപ്രവര്‍ത്തകരും കണ്ടെത്തിയ പുതിയതരം ക്രിസ്റ്റലാണ് ഭൂമിയെ 'ചൂടാ'ക്കാതെ നമുക്ക് തണുപ്പേകാന്‍ സഹായിക്കുന്നത്. നിശ്ചിത മര്‍ദ്ദത്തില്‍ ഈ 'പ്ലാസ്റ്റിക് ക്രിസ്റ്റലു'കള്‍ക്ക് രൂപാന്തരം സംഭവിക്കും. ക്രമരഹിതമായി കിടക്കുന്ന തന്മാത്രകള്‍ കൃത്യമായി വിന്യസിക്കപ്പെടുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. പിന്നീട് മര്‍ദ്ദം ഇല്ലാതാകുമ്പോള്‍ തന്മാത്രകള്‍ വീണ്ടും ക്രമരഹിതമായി ചിതറിക്കിടക്കുകയും ചെയ്യും. ഈ പ്രക്രിയയുടെ ഭാഗമായി ക്രിസ്റ്റലുകള്‍ ചൂടിനെ വലിച്ചെടുക്കുകയും ചുറ്റുപാടിനെ തണുപ്പിക്കുകയും ചെയ്യും. 

ഇത്തരത്തില്‍ മര്‍ദ്ദം ഉപയോഗിച്ചുള്ള തണുപ്പിക്കല്‍ മുമ്പുതന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍ ഇതിന് ഉപയോഗിക്കാന്‍ കഴിയുന്ന പദാര്‍ഥങ്ങള്‍ക്ക് ചെറിയ തണുപ്പ് മാത്രമേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. പുതിയ ക്രിസ്റ്റലുകള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് ജെന്നി അവകാശപ്പെടുന്നു. വീടുകളിലെ റഫ്രിജറേറ്ററുകള്‍ക്കും ഫ്രീസറുകള്‍ക്കും അനുയോജ്യമായ -37 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില പ്രദാനം ചെയ്യാന്‍ ക്രിസ്റ്റലിന് കഴിയുമെന്നും ജെന്നി പറയുന്നു. പിയര്‍ റിവ്യൂഡ് അക്കാദമിക് ജേണലായ 'സയന്‍സി'ലാണ് ജെന്നി പ്രിംഗിളിന്റെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Content Highlights: Organic ionic plastic crystals having colossal barocaloric effects for sustainable refrigeration