പ്രപഞ്ചത്തിന്റെ തകര്‍ച്ച എന്ന്, എങ്ങനെ ? പുതിയ പ്രവചനവുമയി ഭൗതികശാസ്ത്രജ്ഞര്‍

പ്രപഞ്ചത്തിന്റെ അവസാനം എങ്ങനെ എന്നതിനെക്കുറിച്ചുള്ള പുതിയ പ്രവചനവമായി ഭൗതികശാസ്ത്രജ്ഞര്‍. 'മഹാസങ്കോചം' (Big Crunch) എന്ന വിപരീത പ്രക്രിയയിലൂടെ പ്രപഞ്ചവും ഭൂമിയിലെ മനുഷ്യജീവനുമെല്ലാം അവസാനിക്കുമെന്നാണ് ഹോങ് നാന് ലൂ (ഡോണോസ്റ്റിയ ഇന്റര്‍നാഷണല്‍ ഫിസിക്സ് സെന്റര്‍, സ്പെയിന്), യു-ചെങ് ക്യു (ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി, ചൈന), ഹെന്റി ടൈ (കോര്‍ണല്‍ യൂണിവേഴ്സിറ്റി, യുഎസ്) എന്നീ ഗവേഷകര്‍ പറയുന്നത്. പ്രപഞ്ചത്തിന്റെ വികാസത്തിന് കാരണമാകുന്ന ഡാര്‍ക്ക് എനര്‍ജി കാലക്രമേണ മാറിക്കൊണ്ടിരിക്കാം എന്ന സമീപകാല കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിഗമനം.
ഇവരുടെ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍ ഏകദേശം 11 ബില്യണ്‍ (1100 കോടി) വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രപഞ്ചത്തിന്റെ വികാസം അവസാനിക്കും. അതിനുശേഷം, അത് ചുരുങ്ങാന്‍ തുടങ്ങുകയും ഒടുവില്‍ സ്വന്തം ഗുരുത്വാകര്‍ഷണത്താല്‍ തകരുകയും ചെയ്യും. പ്രപഞ്ചത്തിന്റെ ആകെ ആയുസ്സ് ഏകദേശം 33.3 ബില്യണ്‍ (3330 കോടി) വര്‍ഷമാണെന്ന് പഠനം കണക്കാക്കുന്നു. മഹാവിസ്ഫോടനം 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതിനാല്‍ പ്രവചിക്കപ്പെട്ട ഈ പ്രപഞ്ച തകര്‍ച്ചയ്ക്ക് ഇനി 20 ബില്യണ്‍ (2000 കോടി) വര്‍ഷത്തില്‍ താഴെ മാത്രമേ ശേഷിക്കുന്നുള്ളൂ.
ഒരു നൂറ്റാണ്ടിലേറെ മുന്‍പ് ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് അവതരിപ്പിച്ചതും നമ്മുടെ പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കാന്‍ സമീപകാലത്ത് പ്രപഞ്ചശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതുമായ (cosmological constant) ഉള്‍പ്പെടുന്ന ഒരു മാതൃകയിലേക്ക് പുതിയ വിവരങ്ങള്‍ ചേര്‍ത്തതിന് ശേഷമാണ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ പ്രൊഫസര്‍ എമെരിറ്റസ് ആയ ഹെന്റി ടൈ ഈ നിഗമനത്തിലെത്തിയത്. 'കഴിഞ്ഞ 20 വര്‍ഷമായി cosmological constant പോസിറ്റീവ് ആണെന്നും പ്രപഞ്ചം എന്നെന്നേക്കുമായി വികസിക്കുമെന്നും ആളുകള്‍ വിശ്വസിച്ചിരുന്നു. പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് cosmological constant നെഗറ്റീവ് ആണെന്നും പ്രപഞ്ചം ഒരു മഹാസങ്കോചത്തില് അവസാനിക്കുമെന്നുമാണ്. - അദ്ദേഹം പറഞ്ഞു. ജേണല്‍ ഓഫ് കോസ്മോളജി ആന്‍ഡ് ആസ്ട്രോപാര്‍ട്ടിക്കിള്‍ ഫിസിക്സില്‍ പ്രസിദ്ധീകരിച്ച 'നമ്മുടെ പ്രപഞ്ചത്തിന്റെ ആയുസ്സ്' (The Lifespan of our Universe) എന്ന പഠനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് അദ്ദേഹം.
പ്രപഞ്ചത്തിന് 13.8 ബില്യണ്‍ വര്‍ഷം പഴക്കമുണ്ട്. അത് വികസിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ മാതൃകകള്‍ അനുസരിച്ച്, അതിന് സാധ്യമായ ഏറ്റവും ലളിതമായ രണ്ട് അന്ത്യങ്ങളുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. cosmological constant പോസിറ്റീവ് ആണെങ്കില്‍ അത് ഇപ്പോഴത്തെ വികാസം എന്നെന്നേക്കുമായി തുടരും. നെഗറ്റീവ് ആണെങ്കില്‍, അത് ഒരു പരമാവധി വലുപ്പത്തിലെത്തിയ ശേഷം ചുരുങ്ങുകയും ഒടുവില്‍ തകരുകയും ചെയ്യും. ഇതില്‍ രണ്ടാമത്തേതാണ് സംഭവിക്കുക എന്നാണ് ടൈ എത്തിച്ചേര്‍ന്ന നിഗമനം.
ഈ മഹാസങ്കോചം പ്രപഞ്ചത്തിന്റെ അവസാനത്തെ നിര്‍വചിക്കുന്നു. ഏകദേശം 20 ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഈ മഹാസങ്കോചം സംഭവിക്കുമെന്ന് അദ്ദേഹം പറയുന്നു. പ്രപഞ്ചം എന്നെന്നേക്കുമായി വികസിക്കുമെന്ന ദീര്‍ഘകാല വിശ്വാസത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രപഞ്ചത്തിന്റെ അന്തിമ വിധിയെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നല്‍കുന്നതാണ് ഈ സിദ്ധാന്തം.
Content Highlights: New theory suggests the universe may end in a Big Crunch, collapsing under its own gravity in less than 20 billion years. Explore this cosmic fate.