പ്ലൂട്ടോയുടെ 'ചന്ദ്രൻമാരി'ലൊന്നിൽ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം; കണ്ടെത്തിയത് ജെയിംസ് വെബ്

പ്ലൂട്ടോയുടെ ഉപരിതലം, പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്ലൂട്ടോയുടെ ഉപരിതലം, പ്രതീകാത്മക ചിത്രം | Photo: Gettyimages

സൗരയൂഥത്തിൽനിന്ന് പുറത്താക്കപ്പെട്ട പ്ലൂട്ടോയുടെ 'ചന്ദ്രൻമാരി'ലൊന്നായ ഷാരോണിൽ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യമുണ്ടെന്ന് പുതിയ കണ്ടെത്തൽ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് ഷാരോണിന്റെ തണുത്തുറഞ്ഞ പ്രതലത്തിൽ കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ പെറോക്സൈഡ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. 

ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ഏറ്റവും അവശ്യമായ ഘടകങ്ങളിലൊന്നാണ് കാർബൺ ഡൈ ഓക്സൈഡ്. ഷാരോണിലെ ഗർത്തങ്ങൾ നിരീക്ഷിച്ചതിൽനിന്നാണ് വാതകത്തിന്റെ ഖരരൂപത്തിലുള്ള സാന്നിധ്യം കണ്ടെത്തിയത്.

സൗരയൂഥത്തിന്റെ ഏറ്റവും പുറത്തുള്ള കുയ്‌പ്പർ വലയത്തിൽ ഒളിഞ്ഞുകിടക്കുന്ന നിഗൂഢതകളിലേക്ക് വെളിച്ചംവീശാൻ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഒരുപക്ഷേ, സൗരയൂഥത്തിന്റെ ജനനത്തിന് പിന്നിലുള്ള രഹസ്യങ്ങൾ ചുരുളഴിക്കാനും കണ്ടെത്തൽ സഹായകമാകും. പഠനം ‘നേച്ചർ കമ്യൂണിക്കേഷൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചു.

Content Highlights: carbon dioxide in one of the plutos moon