ഭൂമിയില്‍ ജീവനെത്തിയത് പുറത്തുനിന്നോ? ബെന്നുവിലെ രഹസ്യങ്ങള്‍ ചുരുളഴിയുമ്പോള്‍

ഭൂമിയിൽ ജീവലോകം സ്വയം ഉടലെടുത്തതല്ലെന്നും ബഹിരാകാശ വസ്തുക്കൾ വഴി ജീവന് ആവശ്യമായ ഘടകങ്ങൾ ഭൂമിയിലെത്തിയതുകൊണ്ടാണ് ഇവിടെ ജീവൻ ഉത്ഭവിച്ചതെന്നുമുള്ള വാദം ഏറെ നാളായി നിലനിൽക്കുന്നുണ്ട്. ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ എന്നിവവഴി ജീവൻ വ്യാപിച്ചുവെന്ന് വാദിക്കുന്ന ഒരു സിദ്ധാന്തവുമുണ്ട്. 'പാൻസ്പെർമിയ' (Panspermia) എന്നാണ് ആ സങ്കൽപ്പത്തിന് പേര്. എന്തായാലും പാൻസ്പെർമിയയ്ക്ക് അടിവരയിടുന്ന കണ്ടെത്തലാണ് ഗവേഷകർ പുതിയതായി നടത്തിയിരിക്കുന്നത്. ജീവനുത്ഭവിക്കാൻ അത്യന്താപേക്ഷിതമായ അമിനോആസിഡുകളെ ഒരു ഛിന്നഗ്രഹത്തിന്റെ സാമ്പിളിൽ നിന്ന് ഗവേഷകർ വേർതിരിച്ചെടുത്തിരിക്കുകയാണ്.
അതിസങ്കീർണമായ ഒരു ദൗത്യത്തിലൂടെ ബെന്നു (Bennu) എന്ന ഛിന്നഗ്രഹത്തിൽ നിന്ന് ഒസിരീസ് പേടകം ഉപയോഗിച്ച് നാസ അതിന്റെ സാംപിളുകൾ ഭൂമിയിലെത്തിച്ചിരുന്നു. ആദ്യമായാണ് ഒരു ഛിന്നഗ്രഹത്തിൽ നിന്ന് അതിന്റെ സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ദൗത്യം വിജയകരമായി നടത്തിയത്.
2016 ൽ വിക്ഷേപിച്ച ഒസിരീസ് പേടകം 2023 സെപ്റ്റംബറിൽ സാമ്പിളുകളുമായി ഭൂമിയിൽ തിരിച്ചെത്തി. ഒസിരീസ് റെക്‌സ് ദൗത്യ (OSIRIS-REx mission) ത്തിലൂടെ കൊണ്ടുവന്ന ബെന്നുവിലെ സാമ്പിളിൽ നിന്ന് ലഭിച്ച ഓർഗാനിക് സംയുക്തങ്ങൾ ഗവേഷകരെ അമ്പരപ്പിക്കുകയാണ്. ജീവന്റെ അടിസ്ഥാന തന്മാത്രകളാണ് ഡിഎൻഎ, ആർഎൻഎ എന്നീ ന്യൂക്ലിക് ആസിഡുകൾ. രണ്ടിലും കൂടി അഞ്ച് ബേസുകൾ അഥവാ ന്യൂക്ലിയോടൈഡുകളുണ്ട്-അഡിനിൻ, സൈറ്റോസിൻ, ഗ്വാനിൻ, തൈമിൻ, യുറാസിൽ എന്നിവ. അഞ്ച് ബേസുകളും, പ്രോട്ടീനുകൾ സൃഷ്ടിക്കുന്ന 20 അമിനോ ആസിഡുകളിൽ 14 എണ്ണവും, ഛിന്നഗ്രഹത്തിന്റെ സാംപിളുകളിലെ ഓർഗാനിക് സംയുക്തങ്ങളിൽ ഉള്ളതായി ഗവേഷകർ കണ്ടു.
ബെന്നുവിൽ മുമ്പ് ജീവനുണ്ടായിരുന്നു എന്നല്ല ഇതിൽ നിന്ന് മനസിലാകുന്നത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ബെന്നുവിനെപ്പോലെയുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചതിനെ തുടർന്ന് ഇവ ഭൂമിയിലെത്തുകയും പിന്നീട് അനുകൂല സാഹചര്യത്തിൽ ജീവൻ രൂപപ്പെടുകയും ചെയ്തിരിക്കാമെന്നാണ് ഗവേഷകർ വിശദീകരിക്കുന്നത്. ബെന്നുവിൽ നിന്നുള്ള സാമ്പിളിൽ ഇത്തരം ഓർഗാനിക് സംയുക്തങ്ങൾ കണ്ടെത്തിയതിനാൽ, സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കും ഇതേപോലെ ജീവന്റെ അടിസ്ഥാന ഘടകങ്ങൾ എത്തിപ്പെട്ടിരിക്കാമെന്ന് ഗവേകർ കരുതുന്നു..
നമ്മുടെ ഉത്ഭവത്തേപ്പറ്റിയാണ് ഇത് നമ്മളോട് പറയുന്നത്. എവിടെയാണ് ജീവൻ ആദ്യം ഉത്ഭവിച്ചത് എന്ന ഏറ്റവും വലിയ ചോദ്യം കൂടി ഇത് നമുക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം കോസ്മിക് മിനറോളജിസ്റ്റ് പ്രൊഫ. സാറ റൂസെൽ വിശദീകരിച്ചു. മാനവരാശിയുടെ നിർണായക കണ്ടെത്തൽ നേച്ചർ അസ്‌ട്രോണമി മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബെന്നുവിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരികെ എത്തുക എന്നത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു. ഒസിരീസ് റെക്സ് പേടകം ഛിന്നഗ്രഹത്തിൽ ഇറങ്ങി യന്ത്രക്കൈയുപയോഗിച്ച് സാംപിളുകൾ ശേഖരിക്കുകയായിരുന്നു. 500 മീറ്റർ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ബെന്നു. 2023ൽ ബെന്നുവിൽ നിന്ന് പേടകം ഭൂമിയിലേക്ക് സാംപിളുകളുമായി തിരികെയെത്തി. ആകെ 120 ഗ്രാം സാമ്പിളാണ് ശേഖരിച്ചത്. ഇതിൽ ഒരു സ്പൂണിൽ കൊള്ളുന്നതിനേക്കാൾ കുറച്ച് മാത്രമാണ് യുകെയിലെ ഗവേഷകർക്ക് പഠനത്തിനായി ലഭിച്ചത്. അതിൽ നിന്നാണ് നിർണായക കണ്ടെത്തൽ നടന്നത്.
ബെന്നുവിലെ സാംപിളിൽ നിന്ന് നിരവധി ധാതുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. അതിന് കാരണം ബെന്നുവിന്റെ മാതൃഗ്രഹത്തിൽ മുമ്പ് ജലമുണ്ടായിരുന്നുവെന്നതാണ്. ഇത് മാത്രമല്ല സാംപിളിൽ നിന്ന് അമോണിയയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. ജൈവിക പ്രവർത്തനങ്ങളുടെ ഫലമായി അമോണിയ ഉണ്ടാകാനുള്ള സാധ്യയുണ്ട്. ഇത്തരത്തിൽ നിരവധി ഛിന്നഗ്രഹങ്ങളുടെ ഭാഗങ്ങൾ ഭൂമിയിൽ പതിച്ചിട്ടുണ്ട്. എന്നാൽ അവയിൽ മിക്കതും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Content Highlights: NASA`s OSIRIS-REx mission reveals DNA building blocks in Bennu asteroid sample