2024 YR4 ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത 30 ശതമാനമായി വര്‍ധിച്ചേക്കാം, പ്രത്യാഘാതം ഭൂമിയിലും

2024 YR4 എന്ന ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത 30 ശതമാനത്തില്‍ കൂടുതലായി വര്‍ധിച്ചേക്കാമെന്ന് വിലയിരുത്തല്‍. ഏകദേശം 10 നിലക്കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണിത്. 2032-ല്‍ നടക്കുമെന്ന് വിലയിരുത്തപ്പെടുന്ന കൂട്ടിയിടി ഭൂമിയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിനാല്‍ ഈ ഭീഷണി എങ്ങനെ തടയാമെന്ന തരത്തിലുള്ള ആലോചനകള്‍ ഗൗരവമായി നടക്കുന്നുണ്ട്.
ഛിന്നഗ്രഹം 2032-ല്‍ ചന്ദ്രനില്‍ ഇടിക്കാന്‍ 4 ശതമാനം സാധ്യതയുണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ സാധ്യത 30 ശതമാനത്തില്‍ കൂടുതലായി വര്‍ധിച്ചേക്കാം എന്നതിനാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ ആശങ്കയിലാണെന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് (JWST) നടത്തുന്ന നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം.
അതിനിടെ, ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത 1 ശതമാനത്തില്‍ താഴെയായി കുറയാമെന്നും ഒരു സംഘം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെതന്നെ സാധ്യത 30 ശതമാനത്തില്‍ കൂടുതലായി വര്‍ധിക്കുകയും ചെയ്യാം. ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഫെബ്രുവരി 18, 26 തീയതികളില്‍ JWST-ന് ചെറുതെങ്കിലം വിലയേറിയ അവസരം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭൂമിയില്‍ ഇടിക്കുമെന്ന് വിലയിരുത്തപ്പെട്ട ഛിന്നഗ്രഹം
ഭൂമിയില്‍ പതിച്ചേക്കുമെന്ന നിഗമനങ്ങളെ തുടര്‍ന്ന് 2024-ല്‍ വലിയ ചര്‍ച്ചാവിഷയമായ ഛിന്നഗ്രഹമാണിത്. 2024 ഡിസംബര്‍ 27-ന് ചിലിയിലെ ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം (ATLAS) ദൂരദര്‍ശിനിയാണ്. 2024 YR4 എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.
ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ ഒരു ശതമാനം സാധ്യതയുണ്ടെന്ന് പ്രാരംഭ കണ്ടെത്തലുകള്‍ വെളിപ്പെടുത്തി. പിന്നീട് ഈ സാധ്യത 3.1 ശതമാനമായി ഉയര്‍ന്നുു. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഛിന്നഗ്രഹം ഭൂമിക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന നിഗമനത്തില്‍ നാസ എത്തിച്ചേര്‍ന്നത്.
അന്താരാഷ്ട്ര ബഹികാരാശ നിലയത്തിനും ഭീഷണി
എങ്കിലും ഛിന്നഗ്രഹം ചന്ദ്രനില്‍ പതിക്കുന്നത് ഭൂമിയിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം കൂട്ടിയിടികള്‍ ടണ്‍ കണക്കിന് അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിപ്പിക്കുകയും അത് ഉപഗ്രഹങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും (ISS) ഭീഷണിയാകുകയും ചെയ്യും. ഈ ആഘാതം ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയുന്ന മനോഹരമായ ഒരു ഉല്‍ക്കാവര്‍ഷത്തിനും ഇടയാക്കും. ചന്ദ്രനില്‍ വലിയൊരു ഗര്‍ത്തം സൃഷ്ടിക്കുകയും ചെയ്യും.
ഭീഷണികള്‍ കണക്കിലെടുത്ത് ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള സാധ്യതകളെക്കുറിച്ച് നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ഗൗരവമായി ചിന്തിക്കുന്നുണ്ട്. എന്നാല്‍ വ്യക്തമായ പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഛിന്നഗ്രഹത്തിന് സമീപം ഒരു ആറ്റംബോംബ് സ്‌ഫോടനം നടത്തി അതിനെ വഴിതിരിച്ച് വിടുന്നതടക്കം പരിഗണിക്കുന്നുണ്ട്. ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത 30 ശതമാനം വര്‍ധിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് അവരുടെ പദ്ധതികള്‍ വേഗത്തിലാക്കേണ്ടിവരും.
Content Highlights: Explore the potential 2032 Moon impact of asteroid 2024 YR4 and how JWST observations in Feb 2026 could change the odds. Learn about mitigation plans.