മൂന്ന് കോടി കൊതുകുകളെ ഇറക്കി വൻ പരീക്ഷണത്തിന് ഗൂഗിൾ, അനുമതി തേടി; ലക്ഷ്യമെന്ത്?

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാലിഫോർണിയയിലും ഫ്‌ളോറിഡയിലുമായി 3.2 കോടി കൊതുകുകളെ തുറന്നുവിടാൻ ഗൂഗിൾ. പ്രത്യേക ബാക്ടീരിയ ബാധിച്ച കൊതുകുകളെ പുറത്തിറക്കാൻ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് യു.എസ് അധികൃതരുടെ അനുമതി തേടിയിട്ടുണ്ട്. 2016-ൽ ഗൂഗിളിന്റെ ലൈഫ് സയൻസ് വിഭാഗമായ വെരിലി ആരംഭിച്ച സംരംഭത്തിന്റെ ഭാഗമാണ് കൊതുകുകളെ തുറന്നുവിടാനുള്ള നീക്കം.
യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയെയാണ് അനുമതിക്കായി ഗൂഗിൾ സമീപിച്ചിട്ടുള്ളത്. നിലവിൽ പരീക്ഷണ അനുമതിക്കുള്ള അപേക്ഷ ഏജൻസി പരിഗണിച്ച് വരികയാണ്. പൊതുജനാഭിപ്രായം ജൂൺ ആദ്യ വാരം വരെ സ്വീകരിക്കും. കൃത്യമായ പദ്ധതി ഗൂഗിൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വെസ്റ്റ് നൈൽ വൈറസ്, സെന്റ് ലൂയിസ് എൻസെഫലൈറ്റിസ് എന്നിവയുൾപ്പെടെ കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. ആൺ കൊതുകുകൾ കടിക്കില്ല എന്നകാര്യം പരിഗണിച്ചാണ് പദ്ധതിയുമായി ഗൂഗിൾ മുന്നോട്ടു പോകുന്നത്. വോൾബാക്കിയ എന്ന ബാക്ടീരിയയെ ആശ്രയിച്ചാണ് ഇത് നടപ്പിലാക്കാനൊരുങ്ങുന്നത്. ഈ ബാക്ടീരിയ ബാധിച്ച ആൺ കൊതുകുകളെ വളർത്തി കാട്ടിൽ തുറന്നു വിടുന്നു. ഈ ആൺ കൊതുകുകൾ സമാനമായ ബാക്ടീരിയ ഇല്ലാത്ത പെൺ കൊതുകുകളുമായി ഇണചേരുമ്പോൾ ഉണ്ടാകുന്ന മുട്ടകൾ വിരിയില്ല. ക്രമേണ പ്രാദേശത്തെ കൊതുകുകളുടെ എണ്ണം കുറയും.
പെൺ കൊതുകുകൾ മാത്രമേ മനുഷ്യരെ കടിക്കൂ എന്നതിനാൽ ഗൂഗിൾ കൂട്ടത്തോടെ പുറത്തിറക്കുന്ന ആൺ കൊതുകുകൾ മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. ക്യൂലക്‌സ് കൊതുകുകളെയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. വെസ്റ്റ് നൈൽ വൈറസ്, സെന്റ് ലൂയിസ് എൻസെഫലൈറ്റിസ് എന്നിവയുടെ പ്രധാന വാഹകർ ഇവയാണ്.
നേരത്തെ ഫ്‌ളോറിഡ കീസ് മോസ്‌കിറ്റോ കൺട്രോൾ ഡിസ്ട്രിക്ട് പോലുള്ള ഏജൻസികൾ നടത്തിയ ചെറിയ തോതിലുള്ള വോൾബാക്കിയ പരീക്ഷണങ്ങൾ കാര്യമായ ഫലം കണ്ടിരുന്നു. എന്നാൽ ലക്ഷക്കണക്കിന് കൊതുകുകളെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്.
കൊതുകുകളുടെ ലിംഗനിർണ്ണയത്തിനുള്ള എഐ സംവിധാനങ്ങൾ, ഓട്ടോമേറ്റഡ് കൊതുകു വളർത്തൽ കേന്ദ്രങ്ങൾ, വാഹനങ്ങൾ ഉപയോഗിച്ചുള്ള പുറത്തിറക്കൽ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഗൂഗിളിന്റെ നീക്കം. അനുമതി ലഭിച്ചാൽ, രണ്ട് വർഷത്തെ പരീക്ഷണം ഘട്ടം ഘട്ടമായി നടക്കും. ആദ്യ വർഷം ഓരോ സംസ്ഥാനത്തും 1.6 കോടി കൊതുകുകൾ വരെയും തുടർന്ന് രണ്ടാം വർഷത്തിൽ ഓരോ സംസ്ഥാനത്തും വീണ്ടും 1.6 കോടി കൊതുകുകളെ വീതവും പുറത്തിറക്കും. കീടനാശിനികളെ ആശ്രയിക്കുന്നത് കുറച്ച് കൊതുകുകളെ ഇല്ലാതാക്കുക എന്നതാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
Content Highlights: Alphabet plans a 32-million mosquito release in California and Florida starting in 2026., The project uses Wolbachia bacteria to render mosquito eggs non-viable., AI-powered robotics enable the mass-rearing and sorting of male mosquitoes., The initiative aims to curb West Nile virus and St. Louis encephalitis transmission., Public comment on the EPA experimental use permit is open through early June.