ലൂക്കയ്ക്ക് ഭൂമിയോളം തന്നെ പ്രായം; പൊതു പൂർവികന്റെ പ്രായം നിർണയിച്ച് ശാസ്ത്രലോകം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ന് ഭൂമിയില്‍ കാണുന്ന എല്ലാ ജീവി വിഭാഗങ്ങളുടെയും പൊതു പൂര്‍വിക(നെ)യെ ലാസ്റ്റ് യൂണിവേഴ്‌സല്‍ കോമണ്‍ ആന്‍സെസ്റ്റര്‍ (ലൂക്ക) എന്നാണ് വിളിക്കുന്നത്. ലൂക്കയുടെ പ്രായം സംബന്ധിച്ച പുതിയ കണ്ടെത്തലിലെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. 420 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലൂക്ക ജീവിച്ചിരുന്നതെന്ന് നേച്ചര്‍ ഇക്കോളജി ആന്റ് ഇവലൂഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഭൂമിയുടെ ഉത്ഭവകാലത്തോട് അടുത്താണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന ലൂക്കയുടെ പ്രായം.

നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തെ വിവാദ വിഷയമാണ് ലൂക്ക. ഒരേ ആരംഭത്തിൽ നിന്ന് ശാഖകളായി പിരിഞ്ഞുള്ള പരിണാമത്തിലൂടെയാണ് പ്രകൃതിയിലെ ജീവവൈവിദ്ധ്യം ഉണ്ടായതെന്നാണ് ചാൾസ് ഡാർവിൻ പറയുന്നത്. ജീവജാലങ്ങളുടെ ആദ്യ പൂർവിക(നാ)യാണ് ലൂക്ക എന്ന് പറയുന്നുണ്ടെങ്കിവും. ഭൂമിയിൽ രൂപം കൊണ്ട ആദ്യ ജീവരൂപമല്ല ലൂക്ക. ഭൂമി രൂപപ്പെട്ട് ഇന്നത്തെ ജീവിവിഭാഗങ്ങളായി പരിണമിക്കാൻ വേണ്ട അടിസ്ഥാന സ്വഭാവങ്ങൾ കൈവന്ന അവസ്ഥയെയാണ് ലൂക്ക എന്ന് വിളിക്കുന്നത്. 

ഭൂമിയുണ്ടായി ഏതാണ്ട് 56 കോടി വർഷങ്ങൾ കഴിഞ്ഞാണ് ലൂക്കയുണ്ടായതെന്നാണ് ഇതുവരെയുള്ള ധാരണ അതായത് ഏതാണ്ട് 350 - 380 കോടി വർഷങ്ങൾക്ക് മുൻപ് ജീവന്റെ വിദൂരപൂർവിക(ൻ) ആയ ലൂക്ക രൂപപ്പെട്ടത് എന്നാണ് വിശ്വസിച്ചിരുന്നത്. 340 കോടി പഴക്കമുള്ള ജീവരൂപത്തിന്റെ ഫോസില്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. എന്നാൽ പുതിയ പഠനം അനുസരിച്ച് ലൂക്കയ്ക്ക് 420 കോടി വർഷങ്ങളുടെ പഴക്കമുണ്ട്. 

പുതിയ പഠനം അനുസരിച്ച് ലൂക്കയുടെയും ഭൂമിയുടെയും പ്രായം അടുത്തടുത്താണ്. ഭൂമി രൂപപ്പെട്ട ഉടൻ തന്നെ രണ്ട് സുപ്രധാന ജൈവപ്രക്രിയകളായ ജനിതക കോഡും ഡിഎന്‍എ വിഭജനവും രൂപപ്പെട്ടിരിക്കാമെന്ന നിരീക്ഷണമാണ് പുതിയ പഠനം മുന്നോട്ട് വെക്കുന്നത്.

പഠനത്തിന്റെ ഭാഗമായി ഗവേഷകസംഘം ബാക്ടീരിയ, ആര്‍ക്കിയ, ഫംഗസ് എന്നിവയുടെ 700 ജീനോമുകള്‍ വിശകലനം ചെയ്തു. പിന്നീട് പരിണമിച്ച സസ്യങ്ങള്‍ മൃഗങ്ങള്‍ പോലുള്ള യൂക്കാരിയോട്ടുകളെ ഒഴിവാക്കി ലൂക്കയുടെ ജിനോം നിര്‍മിച്ചു. പഠനത്തില്‍ ഈ ജീവികളുടെ പരിണാമ ബന്ധങ്ങള്‍ക്ക് കാരണമായ 57 ജീന്‍ കുടുംബങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. 

ലൂക്ക ഒരു സങ്കീര്‍ണമായ ജീവിയായിരുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അത് പ്രകാശ സംശ്ലേഷണ ശേഷി ഇല്ലാതിരുന്ന ഒരു തരം ബാക്ടീരിയയോ ആര്‍ക്കിയയോ ആയിരിക്കാമെന്നും പഠനം പറയുന്നു. ഭൂമിയുടെ ആദ്യകാലത്തെ ഫോസിലുകള്‍ തെളിവായി ലഭിക്കാത്തതിനാല്‍ ആ പ്രശ്‌നം പരിഹരിക്കുന്നതിന് പാരലോഗസ് ജീനുകളും ഫോസില്‍ ഡാറ്റയും ഉപയോഗിച്ചുള്ള പുതിയ മാര്‍ഗമാണ് ലൂക്കയുടെ പ്രായം കണക്കാക്കാന്‍ ശാസ്ത്രജ്ഞര്‍ സ്വീകരിച്ചത്. 

ജീവജാലങ്ങളുടെ പ്രായം നിര്‍ണയിക്കുന്നതിലെ ഗണമ്യമായ പുരോഗതിയാണ് ഈ പുതിയ പഠനം കാണിക്കുന്നത്. പുതിയ ജീവികളെ കണ്ടെത്തുകയും സാങ്കേതികവിദ്യ വികസിക്കുകയും ചെയ്യുമ്പോള്‍ ലൂക്കയുമായി ബന്ധപ്പെട്ട ഈ വ്യാഖ്യാനങ്ങളില്‍ മാറ്റം സംഭവിക്കാം അത് ജീവന്റെ തുടക്കവുമായി ബന്ധപ്പെട്ട കൂടുതല്‍ ആഴത്തിലുള്ള അറിവുകളും നല്‍കിയേക്കും. 

Content Highlights: LUCA age, Common Ancenstor, Earth life origin,