എ.ഐ., സൈബർ സുരക്ഷ: സ്കെയ്‌ലറും ഭാരതി എയർടെല്ലും ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ചു

#ടെക്നോളജി ഡെസ്ക്
Photo: Mathrubhumi
Photo: Mathrubhumi

തിരുവനന്തപുരം: അമേരിക്കൻ ക്ലൗഡ് സുരക്ഷാ കമ്പനിയായ സ്കെയ്‌ലറും ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിലൊന്നായ ഭാരതി എയർടെല്ലും ചേർന്ന് എ.ഐ. & സൈബർ ത്രെട്ട് റിസർച്ച് സെന്റർ- ഇന്ത്യ ആരംഭിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക, ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമായ ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിങ്, ഊർജം പോലെയുള്ള മേഖലകളെയും വ്യവസായങ്ങളെയും ആസ്തികളെയും കൂടാതെ ഡിജിറ്റൽ ഉപയോക്താക്കൾക്കും സംരക്ഷണം നൽകുന്നതായിരിക്കും പുതിയ ഗവേഷണ കേന്ദ്രം.

സ്വകാര്യ മേഖല, പൊതു മേഖല, അക്കാദമിക രംഗം, സർക്കാർ എന്നിവ തമ്മിലുള്ള സഹകരണത്തിനുള്ള ഒരു ദേശീയ പ്ലാറ്റ്‌ഫോമിലേക്കുള്ള സ്കെയ്‌ലറിന്റെ കടന്നുവരവാണ് ഈ ഗവേഷണ കേന്ദ്രം. രാജ്യത്തിന്റെ സൈബർ പ്രതിരോധത്തെ ശാക്തീകരിക്കുക, വികസിത ഭാരതത്തിലേക്കും സമാധാനപരവും സുരക്ഷിതവും ഡിജിറ്റൽ സ്വയംപര്യാപ്തവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ പിന്തുണയ്ക്കാനുള്ള ഭാവി പ്രതിഭകളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപകല്പന ചെയ്തതാണ് ഈ കേന്ദ്രം.

'ഞങ്ങളുടെ ഉപഭോക്താക്കളെയും രാജ്യത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളെയും സുരക്ഷിതമാക്കുക എന്നതാണ് എയർടെല്ലിന്റെ പ്രതിജ്ഞാബദ്ധത. സ്കെയ്‌ലറുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ വളരുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റത്തെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ എ.ഐ. ശേഷികളെയും സൈബർസുരക്ഷാ ഗവേഷണത്തെയും സംയോജിപ്പിക്കും,' ഭാരതി എയർടെല്ലിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായ ഗോപാൽ വിത്തൽ പറഞ്ഞു.

'ഇന്ത്യ അസാധാരണമായ ജനസംഖ്യാ വലിപ്പത്തിലാണ് ഡിജിറ്റൽ സംവിധാനങ്ങൾ നിർമിക്കുന്നത്. ഹൈപ്പർ-കണക്ടഡ് ആയ ലോകത്തിന് അനുയോജ്യമല്ലാത്ത പരമ്പരാഗത ഫയർവാളുകളും വി.പി.എൻ.കളും ഉപയോഗിച്ച് ഈ സംവിധാനത്തെ നിങ്ങൾക്ക് സുരക്ഷിതമാക്കാൻ സാധിക്കില്ല. സുരക്ഷിതമായി രൂപകല്പന ചെയ്ത ആധുനികമായ സീറോ ട്രസ്റ്റ് ആർക്കിടെക്ചർ അതിന് ആവശ്യമാണ്,' സ്കെയ്‌ലർ സ്ഥാപകനും സി.ഇ.ഒ.യും ചെയർമാനുമായ ജയ് ചൗധരി പറഞ്ഞു.

Content Highlights: Zscaler and Airtel Partner to Launch AI & Cyber Threat Research Centre in India