വാട്സാപ്പ് ബിസിനസിനെ വെല്ലുവിളിക്കാൻ സോഹോ, അരട്ടൈ ബിസിനസ് ആപ്പ് വരുന്നു

#ടെക്നോളജി ഡെസ്ക്
Photo: Google Play
Photo: Google Play

സോഹോ പുറത്തിറക്കിയ ഇന്ത്യൻ നിർമിത മെസേജിങ് ആപ്പായ അരട്ടൈയുടെ വാണിജ്യാവശ്യങ്ങൾക്കായുള്ള പതിപ്പ് വരുന്നു. അരട്ടൈ ബിസിനസ് എന്നാണിതിന് പേര്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഉടൻ വരുന്നു എന്ന ടാഗിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്. ജോലിസ്ഥലങ്ങളിലെ ദൈനം ദിന ആവശ്യങ്ങൾക്ക് വേണ്ടിയാണ് സോഹോ ഇങ്ങനെ ഒരു ആപ്പ് പുറത്തിറക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്.

വാണിജ്യസ്ഥാപനങ്ങൾക്കും ടീമംഗങ്ങൾക്കും വേണ്ടിയാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. സ്വകാര്യതയ്ക്ക് പ്രാധാനം നൽകുന്ന ആപ്പ് ആയിരിക്കും ഇതെന്ന് കമ്പനി ആപ്പിനെ കുറിച്ചുള്ള വിവരണത്തിൽ വ്യക്തമാക്കുന്നു. എൻഡ് ടു എൻഡ് എൻക്രിപ്ഷനും വ്യത്യസ്ത ഉപകരണങ്ങളിൽ ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യവും ലഭ്യമാവും. തൊഴിലിടത്തിലെ ആശയവിനിമയങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ഫീച്ചറുകൾ ഇതിലുണ്ടാവും. ആപ്പ് എന്ന് മുതൽ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വാട്സാപ്പ് ബിസിനസിന് സമാനമായ സേവനങ്ങളായിരിക്കും അരട്ടൈ ബിസിനസ് ആപ്പിനും. സ്ഥാപനങ്ങൾക്ക് അവരുടെ വാണിജ്യ അക്കൗണ്ടുകൾ തുടങ്ങാനും ഉപയോക്താക്കളുമായും സംവദിക്കാനുമുള്ള സൗകര്യം ഇതിൽ ലഭിക്കും.

എന്നാൽ സ്വകാര്യത, ഡാറ്റാ സുരക്ഷ, സുതാര്യത എന്നിവയുടെ കാര്യത്തിൽ ഇരു ആപ്പുകളും തമ്മിൽ വ്യത്യസ്ത സമീപനമായിരിക്കും.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിൽക്കുകയോ, അവരുടെ ചാറ്റ് വിവരങ്ങൾ അടിസ്ഥാനമാക്കി തരംതിരിച്ചുള്ള പരസ്യങ്ങൾ നൽകുകയോ ചെയ്യില്ല എന്ന് അരട്ടൈ വ്യക്തമാക്കുന്നു. അരട്ടൈ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെയാണ് സംഭരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകൾ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്ന് അരട്ടൈ ഉറപ്പുനൽകുന്നുണ്ട്.

Content Highlights: Indian software giant Zoho is set to launch 'Arattai Business', a privacy-focused workplace messaging app offering end-to-end encryption, multi-device support, and guaranteed local data storage without ad-targeting or AI-training use.