സീ ഫൈവിന്റെ ഷോര്‍ട്ട് വീഡിയോ ആപ്പ് ഹിപ്പിയുടെ ബീറ്റ പതിപ്പ് പുറത്തിറക്കി

-
-

ഇന്ത്യന്‍ ഓടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സിഫൈവ് ടിക് ടോക്കിന് പകരമായി കൊണ്ടുവരുന്ന ഹിപ്പി എന്ന പുതിയ ഷോര്‍ട്ട് വീഡിയോ ആപ്പിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി. ആന്‍ഡ്രോയിഡ് ആപ്പാണ് പുറത്തിറക്കിയത്. ഇതോടെ ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ രംഗപ്രവേശം ചെയ്യുന്ന സമാനമായ ആപ്പുകളുടെ പട്ടികയിലേക്ക് ഒന്നുകൂടിയായി. 

ടിക് ടോക്കില്‍ 15 സെക്കന്‍ഡ് വീഡിയോ പങ്കുവെക്കാനാണ് അനുവദിച്ചിരുന്നതെങ്കില്‍ ഹിപ്പിയില്‍ 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാം. 

വരും ആഴ്ചകളില്‍ത്തന്നെ ബീറ്റാ പതിപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാവും. ഘട്ടംഘട്ടമായാണ് ആപ്പിന്റെ സമ്പൂര്‍ണ പതിപ്പ് എത്തിക്കുകയെന്ന് സീ ഫൈവ് പറഞ്ഞു. 

ഇതൊരു അഭിമാന നിമിഷമാണ്. ആത്മനിര്‍ഭര്‍ ഭാരതുമായി ചേര്‍ന്ന് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ഇന്ത്യയിലാണ് നിര്‍മിച്ചതെന്നും ഹിപ്പിയിലൂടെ ഇന്ത്യക്കാര്‍ക്ക് ലക്ഷക്കണക്കിന് പേരിലേക്ക് എത്തുന്നതിന് അവസരം ലഭിക്കുമെന്നും സീ ഫൈവ് സിഇഓ തരുണ്‍ കതിയാല്‍ പറഞ്ഞു. 

വിവിധങ്ങളായ ഫില്‍റ്ററുകളും ഇഫക്ടുകളും ഹിപ്പി ആപ്പില്‍ ലഭ്യമാണ്. ഇത് കൂടാതെ ഡിസ്‌കവര്‍ ഫോളോ ഓപ്ഷനുകളും ഇതിലുണ്ട്. 400-ല്‍ അധികം ഇന്‍ഫ്‌ളുവന്‍സര്‍മാരെ സീ ഫൈവ് ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ 70 സീടിവി താരങ്ങളും ഹിപ്പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇവര്‍ വഴി ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് നീക്കം. 

Content Highlights: zee5 shortvideo app hipi beta launched

Content Highlights: