അസംബ്ലി ലൈനിൽ റോബോട്ടുകൾ, വീഡിയോയുമായി ഷവോമി CEO, വരാനിരിക്കുന്നതെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
1. ഷവോമി സിഇഓ പങ്കുവെച്ച വീഡിയോയില്‍നിന്ന്. 2. ഷമോവി ഇലക്ട്രിക് കാര്‍ | Photo - Xiaomi, Screengrab
1. ഷവോമി സിഇഓ പങ്കുവെച്ച വീഡിയോയില്‍നിന്ന്. 2. ഷമോവി ഇലക്ട്രിക് കാര്‍ | Photo - Xiaomi, Screengrab

ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ രംഗത്ത് അമേരിക്കയെ വെല്ലുവിളിച്ച് മുന്നേറുകയാണ് ചൈന. ഇലോൺ മസ്‌കിന്റെ ഒപ്റ്റിമസ് റോബോട്ടുകളെ വെല്ലുന്ന റോബോട്ടുകൾ പല ചൈനീസ് കമ്പനികളും അവതരിപ്പിച്ച് ലോകത്തെ ഞെട്ടിച്ചുകഴിഞ്ഞു. അതിനിടെ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ രംഗത്ത് വൻ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് സ്മാർട്ട്ഫോൺ, സ്മാർട്ട് ഹോം ഡിവൈസുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള ചൈനീസ് കമ്പനിയായ ഷവോമി എന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഷവോമി സിഇഒ ലേയ് ജുൻ ഓട്ടോമോട്ടീവ് അസംബ്ലി ലൈനിൽ ഹ്യൂമനോയ്ഡ് റോബോട്ടുകൾ ജോലികൾ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഫാക്ടറികളിൽ റോബോട്ടുകളെ പരീക്ഷിക്കുന്നതിൽ ഷവോമി എത്രകണ്ട് മുന്നേറിയിരിക്കുന്നു എന്നതിനെക്കുറിച്ച് സൂചന നൽകുന്നതാണ് വീഡിയോ. ഷവോമിയുടെ റോബോട്ടിക്‌സ് ബിസിനസ് മുന്നേറ്റത്തെ പരോക്ഷമായി സൂചിപ്പിക്കാനാകാം വീഡിയോ പുറത്തുവിട്ടത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓട്ടോമോട്ടീവ് അസംബ്ലി ലൈനിൽ വാഹനത്തിന്റെ സെന്റർ കൺസോൾ സൈഡ് കവറുകൾ തരംതിരിക്കുന്ന ഷവോമി ഹ്യൂമനോയ്ഡ് റോബോട്ടിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ആണ് ലേയ് എക്‌സിൽ പങ്കുവെച്ചത്. 'ഫാക്ടറികളിൽ റോബോട്ടുകൾക്ക് മുന്നിലുള്ള ഏറ്റവും കഠിനമായ വെല്ലുവിളികളിൽ ഒന്നാണ് വലിപ്പമുള്ളതും ക്രമരഹിതവമായ ഭാഗങ്ങൾ ദീർഘകാലം കൈകാര്യം ചെയ്യുക എന്നതെന്ന് ജുൻ എക്‌സിൽ എഴുതി. 'പ്രൊഡക്ഷൻ ലൈനിൽ സെന്റർ കൺസോൾ സൈഡ് കവറുകൾ തുടർച്ചയായി തരംതിരിക്കുന്ന ഷവോമിയുടെ ഹ്യൂമനോയ്ഡ് റോബോട്ടിന്റെ കട്ട് ചെയ്യാത്ത വീഡിയോ ഇതാ.' - അദ്ദേഹം കൂട്ടിച്ചേർത്തു.

ഹ്യൂമനോയ്ഡ് റോബോട്ടുകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള പദ്ധതികളൊന്നും ഷവോമി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കമ്പനി സ്വന്തം നിർമ്മാണ ശാലകളിൽ ഈ റോബോട്ടുകളുടെ പരീക്ഷണം തുടരുന്നു എന്ന സൂചന നൽകുന്നതാണ് പുതിയ വീഡിയോ.

ഷവോമിയുടെ ആദ്യ റോബോട്ട്

2022-ൽ തന്നെ ഹ്യൂമനോയ്ഡ് റോബോട്ടിക്‌സ് രംഗത്തേക്ക് ഷവോമി പ്രവേശിച്ചിരുന്നു. ആളുകളെ തിരിച്ചറിയാനും ചുറ്റുപാടുകൾ മനസ്സിലാക്കാനും ലളിതമായ ആശയവിനിമയം നടത്താനും കഴിവുള്ള ഒരു ഫുൾ-സൈസ്ഡ് ഹ്യൂമനോയ്ഡ് റോബോട്ടായിരുന്നു ഷവോമിയുടെ സൈബർവൺ. റോബോട്ടിക്‌സ് രംഗത്തേക്കുള്ള പ്രധാന ചുവടുവെപ്പെന്ന് കമ്പനി അന്ന് അതിനെ വിശേഷിപ്പിച്ചിരുന്നു. എന്നിരുന്നാലും പദ്ധതി ഗവേഷണ-വികസന ഘട്ടത്തിലാണെന്നും അവർ അന്ന് വ്യക്തമാക്കിയിരുന്നു.

അതിനുശേഷം വ്യാവസായിക അന്തരീക്ഷത്തിൽ റോബോട്ടിനെ പരീക്ഷിക്കുന്നതിൽ ഷവോമി വൻ മുന്നേറ്റം നടത്തി. മനുഷ്യന്റെ ഇടപെടലില്ലാതെ അവരുടെ ഇലക്ട്രിക് വാഹന ഫാക്ടറിയിൽ മൂന്ന് മണിക്കൂർ തുടർച്ചയായി റോബോട്ട് ജോലി ചെയ്തതായി കമ്പനി ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. ഹ്യൂമനോയ്ഡ് റോബോട്ടുകൾ സ്ഥിരമായി ഫാക്ടറികളിൽ ഉപയോഗത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് കമ്പനി പറഞ്ഞിരുന്നു.

Content Highlights: Xiaomi is deploying humanoid robots for real-world automotive assembly tasks., Robots have successfully completed 3 hours of autonomous work in EV plants., Tasks include screw tightening, badge installation, and material handling., Lei Jun plans to scale robot deployment across Xiaomi factories over the next 5 years.