AI: മനുഷ്യനിയന്ത്രണം ഉറപ്പാക്കണമെന്ന് ഷി, ആശങ്ക തള്ളി ട്രംപ്, കൂടിക്കാഴ്ചയിൽ മുഖ്യ വിഷയമായി AI സുരക്ഷ

#ടെക്‌നോളജി ഡെസ്‌ക്
ഷി ജിന്‍പിങ്ങും ഡൊണാള്‍ഡ് ട്രംപും | Photo - AP
ഷി ജിന്‍പിങ്ങും ഡൊണാള്‍ഡ് ട്രംപും | Photo - AP

വൈറ്റ് ഹൗസിൽ നടന്ന ഡൊണാൾഡ് ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ മുഖ്യ ചർച്ചാ വിഷയമായി നിർമിതബുദ്ധി (എഐ). വ്യാഴാഴ്ച യുഎസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ എഐ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എഐ മനുഷ്യ നിയന്ത്രണത്തിലായിരിക്കണമെന്നും പൊതുക്ഷേമത്തിനായി അത് ഉപയോഗിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു.

ചൈനയും അമേരിക്കയും എഐ വികസനത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളാണ്. എഐയെ മികച്ച രീതിയിൽ വികസിപ്പിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവ് ഇരുരാജ്യങ്ങൾക്കുമുണ്ട്. എഐ എക്കാലത്തും മനുഷ്യന്റെ നിയന്ത്രണത്തിലാണെന്നും ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്നതാണെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ചൈനയ്ക്കും അമേരിക്കയ്്ക്കുമുണ്ടെന്ന് ഷി പറഞ്ഞു. എഐയുടെ അതിവേഗ വളർച്ച ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ എന്നതാണ് ശ്രദ്ധേയം.

എഐ നിയന്ത്രണത്തെ എതിർത്ത് ട്രംപ്

അതിനിടെ, അതിവേഗം പുരോഗമിക്കുന്ന എഐ സാങ്കേതികവിദ്യയ്ക്കുമേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന വാദങ്ങളെ ട്രംപ് തള്ളി. ഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ 'സൂപ്പർ ഇന്റലിജൻസ്' ചർച്ചയിലെ പ്രധാന വിഷയമായിരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും അത് നിലവിലുള്ള അവസ്ഥയിൽതന്നെ തന്നെ മുന്നോട്ടുപോകുന്നത് തുടരാൻ താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. എഐ വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പുകളെയും അദ്ദേഹം തള്ളി. അത്തരം ആശങ്കകൾ തട്ടിപ്പാണെന്ന് അദ്ദേഹം ആവർത്തിച്ചു. എഐ സാങ്കേതിക വിദ്യയിൽ ചൈനയേക്കാൾ യുഎസ് മുന്നിൽ നിൽക്കണമെന്നും അദ്ദേഹം വാദിച്ചു.

കൂടിക്കാഴ്ച കടുത്ത എഐ മത്സരത്തിനിടെ

എഐ, സെമികണ്ടക്ടറുകൾ, മറ്റ് തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ എന്നിവയിൽ ആധിപത്യം സ്ഥാപിക്കാൻ വാഷിംഗ്ടണും ബെയ്ജിങ്ങും തമ്മിൽ കടുത്ത മത്സരം നിലനിൽക്കെയാണ് ഈ കൂടിക്കാഴ്ചയും അഭിപ്രായ പ്രകടനങ്ങളും. എഐ കിടമത്സരത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ സുപ്രധാന ധാരണകളിലെത്താനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ചൈനയും യുഎസും ഉത്തരവാദിത്തമുള്ള പ്രധാന രാജ്യങ്ങളായി പ്രവർത്തിക്കണമെന്ന് പറഞ്ഞ ഷീ എഐ അടക്കമുള്ളവയിലുള്ള മത്സരം ആരോഗ്യകരമായിരിക്കണം എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Content Highlights: Xi Jinping and Donald Trump discussed keeping AI under human control during their White House meeting., Xi urged the US to oppose Taiwan independence and raised concerns over security and arms sales., The US-China trade truce was extended until January 10 to allow further economic negotiations., Xi expressed support for a US-Iran ceasefire and peace talks during the summit.