കയറ്റുമതിയില്‍ മുന്നേറി മാക്; ആപ്പിളിന് നേട്ടമായത് മൈക്രോസോഫ്റ്റിന്റെ തീരുമാനമോ ?

പ്രതീകാത്മകചിത്രം | File Photo - PTI
പ്രതീകാത്മകചിത്രം | File Photo - PTI

ആഗോള മാക് കയറ്റുമതിയില്‍ 2025-ലെ മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.9 ശതമാനം വര്‍ധന. പുതിയ മാക്ബുക്ക് മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചതും എന്റര്‍പ്രൈസ് വിപണിയില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യതയുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ പിസി രംഗത്ത് മികച്ച വില്‍പ്പനയുള്ള കമ്പനികളുടെ പട്ടികയില്‍ ആപ്പിളും ഇടംപിടിച്ചു. ലെനോവോയ്ക്ക് തൊട്ടുപിന്നിലും അസൂസിന് തൊട്ടുമുന്നിലുമാണ് ആപ്പിളിന്റെ സ്ഥാനം. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സമീപകാലത്തെ ആപ്പിളിന്റെ ഏറ്റവും ശക്തമായ കാലയളവായിരുന്നു 2025-ലെ മൂന്നാം പാദം.

വിന്‍ഡോസ് 10-ന്റെ സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നത് പിസി വാങ്ങുന്നവരെ സ്വാധീനിച്ച ഘടകമായി പ്രവര്‍ത്തിച്ചുവെന്നും സാധാരണയിലും നേരത്തെ അപ്ഗ്രേഡ് ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. സ്ഥാപനങ്ങളും വ്യക്തികളും ഏറ്റവും പുതിയതും സുരക്ഷിതവുമായ സിസ്റ്റങ്ങള്‍ തേടുന്നതിനാല്‍ ഈ പ്രവണത 2026-ലും തുടരുമെന്നും ഇത് വളര്‍ച്ചയ്ക്ക് ഇന്ധനമാകുമെന്നും വിലയിരുത്തപ്പെടുന്നു.

വിന്‍ഡോസ് 10-നുള്ള സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നത് ഉപയോക്താക്കള്‍ക്കിടയില്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ഇടയില്‍ നേട്ടം കൊയ്തത് ആപ്പിള്‍ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2025 ഒക്ടോബറില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10-നുള്ള പിന്തുണ നിര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സുരക്ഷാ ഭീഷണികളും സോഫ്റ്റ്വെയര്‍ സംബന്ധമായ അസൗകര്യങ്ങളും ഒഴിവാക്കാന്‍ ബിസിനസുകാരും സാധാരണ ഉപഭോക്താക്കളും ഒരുപോലെ പഴയ മെഷീനുകള്‍ മാറ്റാന്‍ തിടുക്കം കൂട്ടുകയാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഈ മാറ്റം ഉപഭോക്തൃ, എന്റര്‍പ്രൈസ് വിഭാഗങ്ങളിലുടനീളം മാക് വില്‍പ്പനയില്‍ കാര്യമായ വര്‍ധനവിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം ആദ്യം ലോകമെമ്പാടുമുള്ള പിസികളില്‍ ഏകദേശം 40 ശതമാനവും വിന്‍ഡോസ് 10-ലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനുള്ള സപ്പോര്‍ട്ട് അവസാനിക്കുന്നതോടെ അപ്ഗ്രേഡ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും, പലരും പ്രത്യേകിച്ച് വാണിജ്യ മേഖലയിലുള്ളവര്‍ മറ്റ് ബദലുകള്‍ പരിഗണിക്കുകയാണ്. അതില്‍ ആപ്പിളിന്റെ മാക്ബുക്ക് ശ്രേണിയും ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയം.

അതേസമയം, കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2025-ലെ മൂന്നാം പാദത്തില്‍ ആഗോള പിസി കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.1 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വിന്‍ഡോസ് 10-ന്റെ സമയപരിധിയു, മാറിക്കൊണ്ടിരിക്കുന്ന യുഎസ് ഇറക്കുമതി താരിഫുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് ഈ വര്‍ധനവിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ലെനോവോ, ആപ്പിള്‍, അസൂസ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഇരട്ടയക്ക കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തുകയും, ആഗോള പിസി വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ലോകമെമ്പാടുമുള്ള കയറ്റുമതിയുടെ ഏകദേശം നാലില്‍ മൂന്ന് ഭാഗവും ഇപ്പോള്‍ അഞ്ച് മുന്‍നിര പിസി നിര്‍മ്മാതാക്കളുടെ കയ്യിലാണ്. അതേസമയം ചെറിയ ബ്രാന്‍ഡുകള്‍ക്ക് വലിയ വളര്‍ച്ച നേടാനായിട്ടില്ല. പലതും തളര്‍ച്ച നേരിടുകയാണ്. 17.4 ശതമാനം വാര്‍ഷിക വര്‍ധനയോടെ ലെനോവോ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി, അസൂസും എച്ച്പിയും യഥാക്രമം 14.1 ശതമാനവും 10.3 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. അതിനിടെ വിപണിയിലെ മത്സരത്തിന്റെ അടുത്ത ഘട്ടം നിര്‍മ്മിത ബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കേന്ദ്രീകരിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

Content Highlights: Windows 10 end-of-support drives massive PC upgrades. Discover how Apple`s Macs are benefiting, with strong sales growth in consumer and enterprise markets.