വിക്കിപീഡിയ ഇല്ലാതെ AI ഇല്ല, കരുത്ത് ആധികാരിക വിവരങ്ങൾ- ബെലിന്റ എംബംബോ

മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും നിർമിതബുദ്ധി (എഐ) കടന്നുകയറുകയാണ്. സാധാരണക്കാർ ദൈനംദിന ജീവിതത്തിലെ ചെറിയ സംശയങ്ങൾക്കുപോലും ഉത്തരം കണ്ടെത്താൻ എഐ ടൂളുകളെ ആശ്രയിക്കുന്നു. എഐ നൽകുന്ന വിവരങ്ങൾ പലപ്പോഴും ശരിയോ, തെറ്റോ, വഴിതെറ്റിക്കുന്നതോ, അപകടം വിളിച്ചുവരുത്തുന്നതോ ഒക്കെയാകാം എന്നാണ് പ്രമുഖ എഐ ഗവേഷകരടക്കം മുന്നറിയിപ്പ് നൽകുന്നത്. വിവരങ്ങൾക്കായി സാധാരണക്കാർപോലും ആശ്രയിക്കുന്ന വിക്കിപീഡിയ അടക്കമുള്ളവയുടെ പ്രാധാന്യം എന്താണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഗ്ലോബൽ മൂവ്‌മെന്റ് കമ്മ്യൂണിക്കേഷൻ സീനിയർ മാനേജറും വിക്കിമീഡിയ ഫൗണ്ടേഷൻ ദക്ഷിണാഫ്രിക്കൻ പ്രതിനിധിയുമായ ബെലിന്റ എംബംബോ.
അനുദിനം വളരുന്ന എ.ഐ. കാലത്തെ വിക്കി പീഡിയയുടെ നിലനിൽപ്പിനെക്കുറിച്ച്?
വിക്കിപീഡിയ ഇല്ലാതെ എ.ഐ. ഇല്ല എന്നതാണ് എ.ഐ. യുഗത്തിലും വിക്കിപീഡിയയുടെ പ്രാധാന്യം വ്യക്തമാക്കുന്നത്. ജനറേറ്റീവ് എ.ഐ പ്ലാറ്റ്ഫോമുകൾ വിവരങ്ങൾക്കായി പ്രധാന സ്രോതസ്സായി ഉപയോഗിക്കുന്നത് വിക്കിപീഡിയയിലെ ഡാറ്റയാണ്. അതുകൊണ്ട് ഞങ്ങൾ വിക്കിപീഡിയയെ വിശേഷിപ്പിക്കുന്നത് 'ഇന്റർനെറ്റിന്റെ നട്ടെല്ല്' എന്നാണ്. വിക്കിപീഡിയ ഉൾപ്പെടെയുള്ള പ്രോജക്റ്റുകൾ ലോകത്തിലെ പകുതിയിലധികം ജനങ്ങൾ ദിവസവും ഉപയോഗിക്കുന്നുണ്ട്.
എ.ഐ അതിവേഗം വിവരങ്ങൾ നൽകുമ്പോൾ ആളുകൾ ഭാവിയിലും വിക്കിപീഡിയയെ ആശ്രയിക്കുമെന്ന് കരുതുന്നുണ്ടോ?
വിക്കിപീഡിയയെ തീർച്ചയായും ആശ്രയിക്കണം. കാരണം, എ.ഐ വഴി വിവരങ്ങൾ കൈമാറുമ്പോൾ പലതും തെറ്റായി വ്യാഖ്യാനിക്കപ്പെടാനോ, മാറ്റം വരാനോ സാധ്യതയുണ്ട്. അതിനാൽ യഥാർത്ഥ ഉറവിടത്തിലേക്ക് നേരിട്ട് പോകുന്നതാണ് നല്ലത്. ആളുകൾ ഇപ്പോൾ പുതിയ ട്രെൻഡുകളുടെയും പണം നൽകി ഉപയോഗിക്കുന്ന എ.ഐ പ്ലാറ്റ്ഫോമുകളുടെയും പിന്നാലെ പോകുന്നുണ്ടാകാം. എന്നാൽ ഞങ്ങളുടെ പ്രധാന ലക്ഷ്യം വിക്കിപീഡിയയിലെ വിവരങ്ങൾ ഏറ്റവും വിശ്വസനീയവും അനിഷേധ്യമായ സത്യവുമായി നിലനിർത്തുക എന്നതാണ്. ഇതിനായി വിക്കിപീഡിയയിലെ എഡിറ്റർമാർ വിവരങ്ങൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുകയും പരിശോധിച്ചു ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഭാവിയിൽ വിക്കിപീഡിയയിലേക്ക് എഴുത്തുകൾ സംഭാവന ചെയ്യുന്ന പുതിയ തലമുറയ്ക്ക് നൽകാനുള്ള സന്ദേശം?
എ.ഐ ഒരു മിനിറ്റിൽ 10,000 ലേഖനങ്ങൾ എഴുതുമായിരിക്കാം. വിക്കിയിലെ വരുംതലമുറയിലെ എഡിറ്റർമാർക്ക് നൽകാനുള്ള ഏറ്റവും മികച്ച ഉപദേശം, എഴുതുന്നതിലെല്ലാം മനുഷ്യന്റെ ഇടപെടലും സ്പർശവും നിലനിർത്തുക എന്നതാണ്. അടുത്ത 10 വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് അറിയാത്തതിനാൽ ഇത് ബുദ്ധിമുട്ടായിരിക്കാം. എങ്കിലും എന്റെ സന്ദേശം ഇതാണ്: നിങ്ങളാണ് സത്യത്തിന്റെ അവസാന പ്രതിരോധ നിര. ഏതാണ് യഥാർത്ഥമെന്നും ഏതാണ് സത്യമെന്നും ഒരുപാട് ചോദ്യങ്ങൾ ഉയരുന്ന ഈ എ.ഐ കാലഘട്ടത്തിൽ നിങ്ങൾക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ട്. പുസ്തകത്താളുകൾ പരിശോധിച്ച് വിവരങ്ങൾ ഉറപ്പുവരുത്തുക എന്ന പഴയതും വിരസവുമായ ജോലി നിങ്ങൾ ചെയ്യേണ്ടതുണ്ട്. അത് ബോറടിപ്പിക്കുന്നതായി തോന്നാം, പക്ഷേ നിങ്ങൾ സത്യത്തിന്റെ അവസാന കാവൽക്കാരാണ്.
വിക്കിപീഡിയയുടെ സുസ്ഥിരത?
വിക്കിപീഡിയയ്ക്കായി പ്രവർത്തിക്കുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിയാണ് സംഘടനയ്ക്ക് ഏറ്റവും പ്രധാനം. പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യരാണ്. അതിനാൽ, ഞങ്ങളുടെ നിലവിലുള്ള എഡിറ്റർമാർ ഇവിടെ തുടരുന്നു എന്ന് ഉറപ്പാക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുതിയ എഡിറ്റർമാരെ കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. വോളണ്ടിയർമാർ ചെയ്യുന്ന ജോലികൾ അവർ എത്രത്തോളം ആസ്വദിക്കുന്നു എന്നതിലേക്ക് ഞങ്ങൾ കൂടുതൽ ശ്രദ്ധ നൽകണം. ഈ പ്രസ്ഥാനത്തിൽ ഒരു സന്നദ്ധപ്രവർത്തകനായി പ്രവർത്തിക്കുന്നത് അവർക്ക് സന്തോഷം നൽകുന്ന ഒന്നായിരിക്കണം. ഇതെല്ലാമാണ് സുസ്ഥിരതയുടെ അടിസ്ഥാനം
10 വർഷം കഴിഞ്ഞുള്ള വിക്കിപീഡിയയെക്കുറിച്ചുള്ള സ്വപ്നം?
എ.ഐ എല്ലാം എഴുതുകയും മനുഷ്യർ വെറുതെ സ്‌ക്രോൾ ചെയ്യുന്നതാണ് ഞങ്ങളുടെ ഭയം. പൊതുഇടത്തിൽ വിശ്വസനീയമായ വിവരങ്ങൾ മാത്രമല്ല, കമ്മ്യൂണിറ്റികൾ തന്നെ രൂപം നൽകിയതും സാക്ഷ്യപ്പെടുത്തിയതുമായ വാമൊഴി ചരിത്രങ്ങൾ (Oral history)വരെ ഇവിടെ ലഭ്യമാകണം. മറ്റൊരു സ്വപ്നം നിങ്ങൾ ഇവിടെ എഴുതുന്ന വിവരങ്ങൾ ലോകത്തിന്റെ മറ്റൊരു കോണിലിരിക്കുന്ന ഒരാൾക്ക് വായിക്കാൻ സാധിക്കണം എന്നതാണ്. അതിനായി മനുഷ്യർ തന്നെ പരിശോധിച്ച വിവർത്തനങ്ങൾ വിക്കിപീഡിയയിൽ ലഭ്യമാകണം. അടുത്ത ദശാബ്ദത്തിൽ എന്ത് സംഭവിച്ചാലും വിക്കിപീഡിയ എന്നത് എപ്പോഴും വിശ്വസനീയമായ സത്യത്തിന്റെ ഇടമാണെന്ന് ലോകം തിരിച്ചറിയണം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം.
Content Highlights: Wikipedia serves as the foundational data source for generative AI platforms., AI-generated information can sometimes be inaccurate or misleading, making direct sources like Wikipedia essential., Human editors ensure that Wikipedia remains a trusted and verifiable repository of truth., The future of Wikipedia relies on human involvement, community engagement, and preserving oral histories.