'യൂസർനെയിം ഫീച്ചർ അറട്ടൈ നീക്കും'; കേന്ദ്ര ഇടപെടലിന് പിന്നാലെ ശ്രീധർ വെമ്പു

രാജ്യമെങ്ങും ചൂടേറിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് വാട്‌സ്ആപ്പ് പ്രഖ്യാപിച്ച യൂസർനെയിം ഫീച്ചർ. ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം മാത്രം ഉപയോഗിച്ച് ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചറാണിത്. ഓൺലൈൻ തട്ടിപ്പുകളടക്കം വർധിക്കാനുള്ള സാധ്യത മുന്നിക്കണ്ട് ഈ ഫീച്ചർ തത്കാലത്തേക്ക് പുറത്തിറക്കരുതെന്ന് വാട്‌സ്ആപ്പിനോട് നിർദേശിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഈ ഫീച്ചർ റദ്ദാക്കാൻ വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ തദ്ദേശീയ മെസേജിങ് ആപ്പായ അറട്ടൈയിലെ യൂസർനെയിം ഫീച്ചർ എടുത്തുമാറ്റുമെന്ന് സാമൂഹിക മാധ്യമമായ എക്സിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് സോഹോ സഹസ്ഥാപകനായ ശ്രീധർ വെമ്പു. കേന്ദ്ര സർക്കാർ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. മെസേജിങ് പ്ലാറ്റ്ഫോമുകളിലെ യൂസർനെയിം ഫീച്ചർ എടുത്തുമാറ്റണമെന്ന നിർദേശം കേന്ദ്ര സർക്കാർ ഇതുവരെ നൽകിയിട്ടില്ല. മെറ്റ, ടെലഗ്രാം, സിഗ്‌നൽ എന്നീ പ്ലാറ്റ്ഫോമുകളോട് ഇതിനെപ്പറ്റി വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
പുതുതായി നിയമിതനായ വാട്സ്ആപ്പ് ആഗോള സിഇഒ കുനാൽ ഷാ യൂസർനെയിം ഫീച്ചറിനെപ്പറ്റി വെളിപ്പെടുത്തിയതിന് പിന്നാലെ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടു. സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങളിൽ ചർച്ചകൾ പൂർത്തിയാക്കുന്നതുവരെയാണ് ഈ ഫീച്ചർ തടഞ്ഞിരിക്കുന്നത്.
അറട്ടൈ
ബഹുരാഷ്ട്ര ടെക് കമ്പനികളോട് മത്സരിക്കാൻ സോഹോ നിർമ്മിച്ച തദ്ദേശീയ മെസേജിങ് ആപ്പാണ് അറട്ടൈ. വർത്തമാനം ( casual talk) എന്നർഥം വരുന്ന തമിഴ് വാക്കാണ് അറട്ടൈ. വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ പോലെതന്നെ ടെക്സ്റ്റ് മെസേജിങ്ങിനുപുറമേ ഇതിൽ വോയ്സ് കോളും വീഡിയോ കോളും മീഡിയ ഷെയറിങ്ങും അടക്കമുള്ളവ ലഭ്യമാണ്. തദ്ദേശീയമായ മെസേജിങ് ആപ്പ് എന്ന നിലയിലാണ് അറട്ടൈ ശ്രദ്ധയാകർഷിച്ചത്. വ്യക്തിഗതവിവരങ്ങൾ ചോർത്താതെ ഉപയോക്താവിന് സ്വകാര്യത ഉറപ്പുനൽകുമെന്ന് അവർ അവകാശപ്പെട്ടു. കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ അറട്ടൈയെ പ്രോത്സാഹിപ്പിച്ചിരുന്നു. മെയ്ഡ് ഇൻ ഇന്ത്യ മേൽവിലാസം തന്നെയാണ് അറട്ടൈയുടെ പെട്ടെന്നുണ്ടായ ജനപ്രീതിയ്ക്ക് പിന്നിൽ.
Content Highlights: WhatsApp's username feature faces a temporary block in India., Central government cites potential online fraud and security risks., Meta, Telegram, and Signal asked for clarifications on user security., Zoho's Arattai app to remove its username feature following government stance., WhatsApp Global CEO Kunal Shah's announcement triggered government intervention.