മെമ്പർ ടാഗുകളും ടെക്സ്റ്റ് സ്റ്റിക്കറും; വാട്സാപ്പിൽ പുതിയ ഫീച്ചറുകളെത്തി, എങ്ങനെ ഉപയോഗിക്കാം ?

#ടെക്നോളജി ഡെസ്ക്
Photo: Whatsapp
Photo: Whatsapp

ചാറ്റുകൾ കൂടുതൽ ഫലപ്രദവും സംവേദനക്ഷമവുമാക്കാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സാപ്പ്. വാട്സാപ്പിൽ വളരെ സജീവമായി നടക്കുന്ന ഗ്രൂപ്പ് ചാറ്റുകളെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചറുകൾ ഒരുക്കിയിരിക്കുന്നത്. പലവിധ ആവശ്യങ്ങൾക്കായാവും ഈ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടാവുക. ജോലിസ്ഥലത്തെ ആവശ്യങ്ങളും, കുടുംബ/അയൽക്കൂട്ട കൂട്ടായ്മകളും, ഫുട്ബോൾ ടൂർണമെൻറും വാർഷികപരിപാടികളും ഉൾപ്പടെയുള്ളവ ആസൂത്രണം ചെയ്യുന്നതിനുള്ള സംഘടനകളുടേയോ ക്ലബുകളുടേയോ അംഗങ്ങളുടെ ഗ്രൂപ്പുകളും ആവാമത്. ഈ ചാറ്റുകൾ കൂടുതൽ മികവുറ്റുതാക്കാനാണ് പുതിയ ഫീച്ചറുകൾ എത്തിയിരിക്കുന്നത്.

മെമ്പർ ടാഗുകൾ: ഓരോരുത്തർക്കും വ്യത്യസ്ത ചുമതലകളുണ്ടാവാം. ഒരു ഗ്രൂപ്പ് ചാറ്റിൽ നിങ്ങളുടെ ചുമതല എന്താണെന്ന് നിങ്ങൾക്ക് സ്വയം വെളിപ്പെടുത്താൻ സഹായിക്കുന്ന ഫീച്ചറാണ് മെമ്പർ ടാഗ്. ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ടാഗുകൾ നൽകാനാവും. ഉദാഹരണത്തിന് ഒരു സ്കൂൾ പാരന്റ് ഗ്രൂപ്പിൽ നിങ്ങൾക്ക് Anna's Dad എന്ന് സ്വയം ടാഗ് നൽകാം. ഇത് മറ്റെല്ലാവർക്കും കാണാനും നിങ്ങളെ തിരിച്ചറിയാനും സഹായിക്കും. ഒരു ക്ലബ്ബിന്റെ വാട്സാപ്പ് ഗ്രൂപ്പ് ആണെങ്കിൽ, ഓരോരുത്തർക്കും അവരുടെ ചുമതല അനുസരിച്ച് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ പോലുള്ള ടാഗുകൾ നൽകാം. ഗ്രൂപ്പ് പ്രൊഫൈൽ തുറന്ന് അംഗങ്ങളുടെ പട്ടികയിൽ നിങ്ങളുടെ പേരിന് താഴെയായി Add member tag option കാണാം. മെമ്പർ ടാഗുകൾ സ്വയമേ ചെയ്യാൻ സാധിക്കൂ.

ടെക്സ്റ്റ് സ്റ്റിക്കറുകൾ: ചാറ്റുകൾ രസകരമാക്കാൻ സാധിക്കുന്ന മറ്റൊരു പുതിയ ഫീച്ചറാണ് ടെക്സ്റ്റ് സ്റ്റിക്കറുകൾ. ഏത് ടെക്സ്റ്റും ഇംഗ്ലീഷിലോ മലയാളത്തിലോ ആവട്ടെ അത് സ്റ്റിക്കറാക്കി മാറ്റാൻ നിങ്ങൾക്കാവും. ഒരു കമന്റ് ടെക്സ്റ്റ് ആയി അയക്കുന്നതിനേക്കാൾ ഇഫക്ടായിരിക്കും അതൊരു സ്റ്റിക്കറായി ചാറ്റിൽ പങ്കുവെക്കുമ്പോൾ. ഇതിനായി ചാറ്റ്ബോക്സിനടുത്തുള്ള സ്റ്റിക്കർ ഐക്കണിൽ ടാപ്പ് ചെയ്യുക! സ്റ്റിക്കർ സെർച്ച് ബാറിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്നതെന്തും താഴെ സ്റ്റിക്കറായി ഫേവറേറ്റ് ചേർക്കാനും സാധിക്കും.

ഇവന്റ് റിമൈൻഡറുകൾ: ഗ്രൂപ്പ് ചാറ്റിൽ ഇവന്റുകൾ അയച്ചുകഴിഞ്ഞാൽ, അതിൽ ക്ഷണിക്കപ്പെട്ടവർക്കായി പരിപാടിയെ കുറിച്ച് ഓർമപ്പെടുത്തുന്നതിനായി റിമൈൻഡറുകൾ അയക്കാൻ സാധിക്കുന്ന ഫീച്ചറാണിത്.

ചാറ്റുകൾ ആസ്വാദ്യകരമാക്കുന്നതിനായി നിരന്തരം പുതിയ ഫീച്ചറുകൾ ചേർത്തുകൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. ഇപ്പോൾ 2ജിബി വരെയുള്ള ഫയലുകൾ അയക്കാനും, എച്ച്ഡി മീഡിയ, സ്ക്രീൻ ഷെയർ, വോയ്സ് ചാറ്റ് എന്നിവയും വാട്സാപ്പിൽ സാധിക്കും.

Content Highlights: WhatsApp has introduced dynamic new features to enhance group interactions, including custom 'Member Tags' for identifying roles, instant 'Text Stickers'