ഇവന്റുകൾ പ്ലാൻ ചെയ്യാൻ ഇനി വാട്സാപ്പ് മതി; ആപ്പില്ലാത്തവരെയും ക്ഷണിക്കാം RSVP-യും നൽകാം

#ടെക്നോളജി ഡെസ്ക്
വാട്സാപ്പിലൂടെ ഇനി എളുപ്പത്തിൽ ഇവന്റുകൾ പ്ലാൻ ചെയ്യാം; ആപ്പില്ലാത്തവർക്കും ഇൻവിറ്റേഷൻ അയക്കാം. | Photo: Whatsapp
വാട്സാപ്പിലൂടെ ഇനി എളുപ്പത്തിൽ ഇവന്റുകൾ പ്ലാൻ ചെയ്യാം; ആപ്പില്ലാത്തവർക്കും ഇൻവിറ്റേഷൻ അയക്കാം. | Photo: Whatsapp

കൂട്ടായ്മകളും കുടുംബസംഗമങ്ങളും മറ്റു പരിപാടികളും എളുപ്പത്തിൽ ആസൂത്രണം ചെയ്യുന്നതിനായി വാട്സാപ്പ് പുതിയ സൗകര്യം പുറത്തിറക്കുന്നു. വാട്സാപ്പ് അക്കൗണ്ടില്ലാത്തവർക്കും ഇവന്റ് ഇൻവിറ്റേഷനുകൾ അയയ്ക്കാനും അവർ പരിപാടിയിൽ പങ്കെടുക്കുമോ ഇല്ലയോ എന്നറിയാനും പരിപാടികൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യാനും ഇതുവഴി സാധിക്കും.

വാട്സാപ്പിൽ ഒരു ഇവന്റ് നിർമിച്ച് കവർ ഫോട്ടോ ഉൾപ്പെടുത്തിയതിനുശേഷം അതിന്റെ ലിങ്ക് വാട്സാപ്പ് ഉപയോഗിക്കാത്തവർക്കും മറ്റു മാർഗങ്ങളിലൂടെ അയയ്ക്കാം; ആപ്പ് ഡൗൺലോഡ് ചെയ്യാതെതന്നെ അവർക്ക് വിവരങ്ങൾ കാണാനും RSVP (പങ്കെടുക്കുമോ എന്ന അറിയിപ്പ്) നൽകാനും സാധിക്കും.

ഇതിനുപുറമേ കസ്റ്റമൈസ് ചെയ്ത ക്ഷണക്കത്തുകൾ അയയ്ക്കാനും RSVP-കൾ നിയന്ത്രിക്കാനും ഒരു പുതിയ 'ഇവന്റ്സ് ഹോം' സൗകര്യം വാട്സാപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതിഥികൾക്ക് റിമൈൻഡറുകൾ നൽകാനും മറ്റൊരാളെ കൂടെ കൂട്ടുന്നുണ്ടെന്നറിയിക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്.

വാട്സാപ്പ് സെറ്റിങ്സിൽ പോയി ഇവന്റ്സ് തിരഞ്ഞെടുത്താൽ, രൂപീകരിച്ചതും ക്ഷണം ലഭിച്ചതുമായ പഴയതും വരാനിരിക്കുന്നതുമായ എല്ലാ പരിപാടികളുടെയും പൂർണമായ പട്ടിക ഒരിടത്ത് കാണാം. എന്നാൽ, ഇങ്ങനെയുള്ള ഇവന്റ് ലിങ്കുകൾ അപരിചിതരായ അതിഥികളിലേക്ക് എത്താനിടയുള്ളതിനാൽ അവരിൽനിന്ന് ഉപയോക്താവിന്റെ ഫോൺ നമ്പർ മറച്ചുവയ്ക്കപ്പെടും. വാട്സാപ്പ് അക്കൗണ്ടില്ലാത്തവർ RSVP നൽകിയാൽ മാത്രമേ അവർക്ക് പരിപാടിയുടെ വിലാസം കാണാൻ സാധിക്കൂ. വ്യക്തിഗത സന്ദേശങ്ങളും കോളുകളും പതിവുപോലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായിത്തന്നെ തുടരും.

Content Highlights: WhatsApp has introduced a comprehensive event planning feature that allows users to create customized invitations, manage RSVPs, and track upcoming gatherings via a new 'Events Home' dashboard.