വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക്; നടപടിയിൽ വലഞ്ഞ് ഉപയോക്താക്കൾ

ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി മരവിപ്പിച്ച് കമ്പനി. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം ഏകദേശം എട്ട് മണിയോടെയാണ് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നത്. ഇതോടെ അക്കൗണ്ടുകളിലെ മുഴുവൻ ഫീച്ചറുകളും പൂർണമായി തടസ്സപ്പെട്ടു. ബാധിക്കപ്പെട്ട ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
അപ്രതീക്ഷിതമായ ഈ നടപടിയ്ക്കെതിരെ വ്യാപക വിമർശം ഉയർന്നിട്ടുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കും മറ്റ് പ്രധാന ജോലികൾക്കുമായി വാട്സ്ആപ്പിനെ പൂർണ്ണമായും ആശ്രയിക്കുന്ന തങ്ങളെ ഈ നടപടി കടുത്ത പ്രതിസന്ധിയിലാക്കിയെന്നും ഉപയോക്താക്കൾ പരാതിപ്പെടുന്നു. യാതൊരു വിശദീകരണവുമില്ലാതെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതെന്നും അപ്പീൽ സമർപ്പിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും നിരവധി പേർ പ്രതികരിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ച വാട്സ്ആപ്പ് വക്താവ്, തങ്ങളുടെ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും മറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അക്കൗണ്ടുകൾ വിലക്കാറുള്ളതെന്ന് വ്യക്തമാക്കി. എന്നാൽ ചിലപ്പോഴൊക്കെ തങ്ങൾക്ക് ഈ തീരുമാനത്തിൽ തെറ്റുപറ്റാറുണ്ടെന്നും, അങ്ങനെ സംഭവിച്ചാൽ എത്രയും വേഗത്തിൽ പ്രശ്നം പരിഹരിച്ച് ആളുകളെ ചാറ്റിംഗിലേക്ക് തിരികെ എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: WhatsApp temporarily suspended numerous user accounts globally, including in India, without prior warning, causing severe disruptions for users who heavily rely on the messaging app for daily work and communication.