വെയ്‌മോ കാറുകളുടെ ഡോർ അടയ്ക്കണം, പ്രതിഫലം നൽകും; ആളെത്തേടി ഗൂഗിൾ

സെൽഫ് ഡ്രൈവിങ് കാറുകൾ വ്യാപകമാകുന്നതോടെ ഡ്രൈവർമാരുടെ ജോലി വൻതോതിൽ നഷ്ടപ്പെട്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഡ്രൈവിങ് അറിയാത്തവർക്കും പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമടക്കം ഡ്രൈവറുടെ സഹായമില്ലാതെതന്നെ എവിടെയും സഞ്ചരിക്കാൻ കഴിയും എന്നതാണ് നേട്ടം.
അതിനിടെ, നൂതന സാങ്കേതികവിദ്യകൾ നിലവിലുള്ള ജോലികളിൽ മാറ്റംവരുത്തുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും എന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടുകയാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വെയ്‌മോ. സെൽഫ് ഡ്രൈവിങ് കാറിന്റെ വാതിൽ അടയ്ക്കുന്നവർക്ക് വെയ്‌മോ ഏകദേശം 22 ഡോളർ (ഏകദേശം 1983 രൂപ) നൽകുന്നു എന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടുചെയ്യുന്നത്.
ഡ്രൈവർമാർ ഇല്ലാതെതന്നെ സാങ്കേതികവിദ്യയുടെ പിന്തുണയോടെ വാഹനം ഓടിക്കാൻ കഴിയുക എന്നതാണ് വെയ്‌മോ ലക്ഷ്യമിട്ടത്. എന്നാൽ ഈ സാങ്കേതികവിദ്യ പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരം സൃഷ്ടിച്ചു എന്നതാണ് കൗതുകകരം. യാത്രക്കാർ ഡോർ അടയ്ക്കാൻ മറന്ന് വാഹനത്തിൽനിന്ന് ഇറങ്ങിപ്പോയാൽ അത് അടയ്ക്കുന്നതിനും വാഹനങ്ങളുടെ ചെറിയ അറ്റകുറ്റപ്പണികൾ ചെയ്തുകൊടുക്കുന്നതിനുമുള്ള അവസരം ആപ്പിലൂടെയാണ് പ്രദേശവാസികൾക്ക് ലഭിക്കുന്നത്.
സാങ്കേതികവിദ്യയുടെ മുന്നേറ്റം അനായാസം ചെയ്യാൻ കഴിയുന്ന ഇത്തരം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പുതന്നെ വിദഗ്ധർ പ്രവചിച്ചിരുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വെയ്‌മോ മുൻ സിഇഒ 2016-ൽ പുറത്തിറക്കിയ വാർത്താക്കുറിപ്പാണ് ഇതിന് ഉദാഹരണം.
'സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യ ലോകം ഇതുവരെ പ്രതീക്ഷിക്കാത്ത പലകാര്യങ്ങൾക്കും ഉപയോഗപ്രദമാകും. അത് ധാരാളം പുതിയ ഉത്പന്നങ്ങൾ, ജോലികൾ, സേവനങ്ങൾ എന്നിവ സൃഷ്ടിക്കും' 2016-ൽ പുറത്തിറക്കിയ ഒരു വാർത്താക്കുറിപ്പിൽ വെയ്‌മോ മുൻ സിഇഒ ജോൺ ക്രാഫ്സിക്കിക്ക് പറഞ്ഞിരുന്നു. റോബോ കാറുകൾക്ക് സ്വയം ചെയ്യാൻ കഴിയാത്ത ലളിതമായ ജോലികൾ ചെയ്യാനുള്ള അവസരം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു എന്നാണ് നിരീക്ഷകർ പറയുന്നത്. യാത്രക്കാർ തുറന്നിട്ട ഒരു ഡോർ സുരക്ഷിതമായി അടയ്ക്കുകയോ, നിന്നുപോയ വാഹനം മാറ്റുകയോ ചെയ്യുന്നത് അടക്കമുള്ള ജോലികളാണ് മനുഷ്യർക്ക് ഇപ്പോൾ ചെയ്യേണ്ടിവരുന്നത്.
ഡോറുകൾ അടയ്ക്കുന്നതിന് 22 മുതൽ 24 ഡോളർ വരെയും, ഇന്ധനം തീരുമ്പോഴോ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴോ വാഹനങ്ങൾ കെട്ടിവലിക്കുന്നതിന് 60 മുതൽ 80 ഡോളർ വരെയും വെയ്‌മോ വാഗ്ദാനം ചെയ്യുന്നുവെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നത്.
ഈ ആഴ്ച ആദ്യം സാൻ ഫ്രാൻസിസ്‌കോയുടെ ഏകദേശം 30 ശതമാനം പ്രദേശങ്ങളിൽ വൈദ്യുതി തടസപ്പെട്ടിരുന്നു. നഗരം മണിക്കൂറുകളോളം ഇരുട്ടിലായി. അതിനിടെ ഗൂഗിളിന്റെ നൂറുകണക്കിന് വെയ്‌മോ സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ തിരക്കേറിയ റോഡുകളിൽ കുടുങ്ങിയിരുന്നു. വൈദ്യുതി തടസംമൂലം ട്രാഫിക് സിഗ്‌നലുകൾ പ്രവർത്തിക്കാത്തതിനാൽ സുരക്ഷിതമായി സഞ്ചരിക്കാൻ വെയ്‌മോ വാഹനങ്ങൾക്ക് കഴിയാതെ വന്നതാണ് പ്രശ്‌നമായത്. ഇതേത്തുടർന്നാണ് പ്രതിസന്ധി ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ കമ്പനി തീരുമാനമെടുത്തത് എന്നാണ് സൂചന.
Content Highlights: Discover the new gig economy in self-driving cars. Waymo robotaxis are paying locals $22 to perform simple manual tasks. Learn about this unexpected job creation.