പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഫാമിലി പ്ലാനുമായി വോഡഫോൺ ഐഡിയ; ഡാറ്റ പങ്കിടാം, റീചാർജിന് 10% വരെ ഇളവ്

#ടെക്നോളജി ഡെസ്ക്
Vodafone Idea Icon | Photo: Shinoy Mukundhan, Mathrubhumi.com
Vodafone Idea Icon | Photo: Shinoy Mukundhan, Mathrubhumi.com

കൊച്ചി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഫാമിലി പ്ലാൻ അവതരിപ്പിച്ച് വോഡഫോൺ ഐഡിയ (വി). വി ആപ്പ് വഴി കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കാനും പരസ്പരം ഡാറ്റ പങ്കിടാനും റീചാർജുകളിൽ 10 ശതമാനംവരെ കിഴിവ് നേടാനും സൗകര്യമൊരുക്കുന്നതാണ് പുതിയ പദ്ധതി. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും കുടുംബാംഗങ്ങൾക്കിടയിൽ ഡാറ്റ പങ്കിടാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

എന്താണ് വി പ്രീപെയ്ഡ് ഫാമിലി പ്ലാൻ?

ആക്ടീവായ എല്ലാ വി പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും വി ആപ്പ് വഴി ഫാമിലി ഗ്രൂപ്പ് രൂപീകരിക്കാം. പരമാവധി നാല് അംഗങ്ങളെ ഉൾപ്പെടുത്താവുന്ന ഗ്രൂപ്പിൽ ഒരാൾ പ്രൈമറി അംഗവും മറ്റ് മൂന്ന് പേർ സെക്കൻഡറി അംഗങ്ങളുമായിരിക്കും.

ഓരോ അംഗത്തിനും സ്വന്തം പ്രീപെയ്ഡ് പ്ലാനും വാലിഡിറ്റിയും നിലനിർത്താം. എന്നാൽ കുടുംബത്തിലെ ഒരാൾക്ക് ഡാറ്റ തീർന്നുപോകുന്ന സാഹചര്യത്തിൽ മറ്റൊരു അംഗത്തിന് 500 എംബി ഡാറ്റ കൈമാറാൻ സാധിക്കും. ഇതിലൂടെ അധിക റീചാർജ് ചെയ്യാതെ തന്നെ ആവശ്യസമയത്ത് ഡാറ്റ ലഭ്യമാക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.

റീചാർജിന് 10 ശതമാനംവരെ കിഴിവ്

വി ആപ്പ് വഴി നടത്തുന്ന ഓരോ റീചാർജിനും ഫാമിലി ഗ്രൂപ്പിലെ ഓരോ അംഗത്തിനും 10 ശതമാനംവരെ കിഴിവ് ലഭിക്കും. കുടുംബാംഗങ്ങൾക്കായി പ്രത്യേകം ഗ്രൂപ്പ് രൂപീകരിച്ച് ഡാറ്റ പങ്കിടുന്നതിനൊപ്പം റീചാർജ് ചെലവിലും ലാഭം നേടാൻ ഈ സംവിധാനം സഹായിക്കും.

പരമ്പരാഗത പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ അംഗത്തിന്റെയും വ്യക്തിഗത പ്ലാനും വാലിഡിറ്റിയും നിലനിർത്തിക്കൊണ്ട് കുടുംബാംഗങ്ങൾക്കിടയിൽ ഡാറ്റ പങ്കിടാനുള്ള സൗകര്യമാണ് വി അവതരിപ്പിച്ചിരിക്കുന്നത്.

പ്രീപെയ്ഡ് സേവനങ്ങളിൽ പുതിയ മാറ്റം

പ്രീപെയ്ഡ് സേവനങ്ങളുടെ ഭാവി കൂടുതൽ ഡാറ്റ നൽകുന്നതിൽമാത്രം ഒതുങ്ങുന്നതല്ലെന്നും ഉപഭോക്താക്കൾക്ക് അത് കൂടുതൽ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുന്നതും പ്രധാനമാണെന്നും വി ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവ്നീഷ് ഖോസ്‌ല പറഞ്ഞു. ആളുകളുടെ ജീവിതത്തിനും ജോലിക്കും പരസ്പര ബന്ധങ്ങൾക്കും കൂടുതൽ അനുയോജ്യമായ രീതിയിൽ പ്രീപെയ്ഡ് സേവനങ്ങളെ മാറ്റുകയാണ് പുതിയ ഫാമിലി പ്ലാനിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Vodafone Idea (Vi) has launched a new prepaid family plan via the Vi app, allowing users to create groups of up to four members to share data nationwide, transfer 500MB of data when needed, and enjoy up to a 10% discount on recharges.