AI നിയന്ത്രണം: ചൈനയുമായി സഹകരിക്കില്ലെന്ന് ട്രംപ്, 'AI-യിൽ ആര് മുന്നേറുന്നുവോ അവർ ജയിക്കും'

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - Getty
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - Getty

നിർമിതബുദ്ധി (എഐ) യുടെ രംഗത്ത് ചൈനയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് വ്യക്തമാക്കി യുഎസ്. ചൈനയുമായി സഹകരിക്കാൻ താൽപ്പര്യമില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. ഇതിന്റെ കാരണങ്ങളും അദ്ദേഹം വിവരിച്ചിട്ടുണ്ട്. എഐ രംഗത്തെ സഹകരണം അമേരിക്കൻ കമ്പനികൾക്കൊപ്പം എത്താൻ ബെയ്ജിങ്ങിനെ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം.

‘എഐയിൽ ആര് മുന്നേറുന്നുവോ അവർ ജയിക്കും’

എഐയിൽ ചൈനയുമായി സഹകരിക്കാൻ യു.എസ് എന്തുകൊണ്ട് തയ്യാറല്ല എന്ന് ട്രംപ് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ആര് എഐയിൽ മുന്നേറുന്നുവോ, ... ആർ എസ്‌ഐ (സൂപ്പർ ഇന്റലിജൻസ്) നേടുന്നുവോ അവരാണ് വിജയിക്കാൻ പോകുന്നതെന്ന് ട്രംപ് പറയുന്നു. അമേരിക്കയെ മുൻപന്തിയിലേക്ക് നയിച്ച വ്യാവസായിക വിപ്ലവത്തേക്കാൾ വലുതാണ് വരാനിരിക്കുന്ന എഐ മുന്നേറ്റമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

'എഐയിലെ ആ വിജയ ഗ്രൂപ്പ് ഞങ്ങളാണ്, ചൈനയേക്കാളും മറ്റെല്ലാവരേക്കാളും ഞങ്ങൾ ഇപ്പോൾ വളരെ മുന്നിലാണ്. ഞങ്ങൾ ആ നില തുടരും.' - ട്രംപ് കൂട്ടിച്ചേർത്തു. വ്യവസായ വിപ്ലവത്തേക്കാൾ പ്രധാനപ്പെട്ടതാകാൻ പോകുന്ന ഒന്നിന്റെ വളർച്ച തടസ്സപ്പെടുത്തില്ലെന്ന് കഴിഞ്ഞയാഴ്ച യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യവും ട്രംപ് ആവർത്തിച്ചു. 'വ്യാവസായിക വിപ്ലവത്തേക്കാളോ ഇന്റർനെറ്റിനേക്കാളോ വലുതാണ് എഐ എന്ന് പലരും പറയുന്നു. ഞങ്ങൾ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകും.'- ട്രംപ് പറഞ്ഞു.

പരാമർശം ഷിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ യുഎസ് സന്ദർശനം നടന്ന് ഒരാഴ്ച തികയുന്നതിന് മുമ്പാണ് ട്രംപിന്റെ ഈ പരാമർശം വരുന്നത് എന്നതാണ് ശ്രദ്ധേയം. ഷി ജിൻപിങ്ങുമായുള്ള ചർച്ചകളിൽ എഐ വിഷയം ചുരുങ്ങിയ രീതിയിൽ മാത്രമാണ് ചർച്ച ചെയ്തതെന്ന് യു.എസ് പ്രസിഡന്റ് പറയുന്നു. ചൈനയോടൊപ്പം ചേർന്ന് എഐ മുന്നേറ്റം നിയന്ത്രിക്കാം എന്ന് പലരും പറയുന്നുണ്ട്, നമുക്കറിയാവുന്നതും എന്നാൽ അവർക്കറിയാത്തതുമായ കാര്യങ്ങളിലേക്ക് അവർക്ക് പെട്ടെന്ന് തന്നെ പ്രവേശനം ലഭിക്കാൻ അത് ഇടയാക്കുമെന്ന് ട്രംപ് പറഞ്ഞു.

എഐ എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിൽ ആയിരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തന്റെ യുഎസ് സന്ദർശന വേളയിൽ പറഞ്ഞിരുന്നു. തങ്ങളുടെ എഐ ഏജന്റുകൾ നിയന്ത്രണങ്ങൾ ഭേദിക്കുകയും മറ്റ് കമ്പനികളുടെ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യുകയും ചെയ്തതായി ഓപ്പൺഎഐയും ആന്ത്രോപിക്കും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എഐ ഉയർത്തുന്ന അപകടസാധ്യതകൾ പരിഹരിക്കാൻ യുഎസ് ഭരണകൂടത്തിന്മേൽ സമ്മർദം വർധിച്ചുവരുന്നതിനിടയിലാണ് ട്രംപ് തന്റെ നിലപാട് ആവർത്തിക്കുന്നത്.

Content Highlights: US President Donald Trump has officially rejected AI cooperation with China., Trump fears collaboration would help Beijing catch up with American AI advancements., The decision follows recent security warnings from OpenAI and Anthropic regarding rogue AI agents., Major tech executives met at the White House to discuss the future of AI governance., China's President Xi Jinping previously emphasized keeping AI under human control.