യു.എസിന്റെ AI നിയന്ത്രണത്തിന് പിന്നിൽ ചൈനീസ് നീക്കമോ?; മിത്തോസിന്റെ സുരക്ഷയിൽ ആശങ്ക

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - AP, AFP
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - AP, AFP

ന്ത്രോപിക്കിന്റെ നൂതന എഐ മോഡലുകൾക്ക് അമേരിക്കയിലെ ട്രംപ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നിൽ ചൈനീസ് നീക്കങ്ങളെന്ന് സൂചന. ചൈനയുമായി ബന്ധമുള്ള ഒരു സംഘത്തിന് ആന്ത്രോപിക്കിന്റെ ശക്തമായ ക്ലോഡ് മിത്തോസ് എഐ മോഡലിലേക്ക് പ്രവേശനം ലഭിച്ചെന്ന റിപ്പോർട്ടുകളാകാം വൈറ്റ്ഹൗസിന്റെ തിടുക്കത്തിലുള്ള നീക്കത്തിന് പിന്നിലെന്ന് ഗ്ലോബൽ ന്യസ് വെബ്‌സൈറ്റായ സെമഫോർ റിപ്പോർട്ടു ചെയ്യുന്നു.

ഈ ഗുരുതര സുരക്ഷാവീഴ്ചയാകാം ആന്ത്രോപിക്കിന്റെ മിത്തോസ് 5, ഫേബിൾ 5 എന്നിവ വിദേശരാജ്യങ്ങൾക്ക് ലഭ്യമാകുന്നത് തടയാനുള്ള നീക്കത്തിന് പിന്നിൽ എന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ സർക്കാർ ഔദ്യോഗികമായി ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അപകടകരമെന്ന് നിർമാതാക്കൾ തന്നെ വിശേഷിപ്പിക്കുന്ന നൂതന എഐ മോഡലുകളുടെ സുരക്ഷയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് വെളിപ്പെടുത്തൽ.

ചൈനയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നത ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. ക്ലോഡ് മിത്തോസ് സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്താനടക്കം ഉപയോഗിക്കാം എന്നതിനാൽ ഇത്തരം നീക്കങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയേക്കാം എന്ന വസ്തുതയാണ് ആശങ്ക സൃഷ്ടിച്ചത്. ഈ മോഡലിലേക്ക് പ്രവേശനം ലഭിക്കാനിടയായാൽ എഐ ഡിസ്റ്റിലേഷൻ വഴി അതിന്റെ കഴിവുകൾ പുനരാവിഷ്‌കരിക്കാനുള്ള ശ്രമം നടന്നേക്കാം എന്നും ഉദ്യോഗസ്ഥർ ആശങ്കപ്പെട്ടിരുന്നു.

എന്നാൽ വൈറ്റ് ഹൗസോ ആന്ത്രോപിക്കോ ചൈനയുമായി ബന്ധപ്പെട്ട ആശങ്കകൾ നിയന്ത്രണങ്ങൾക്ക് പിന്നിലുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. ഏറ്റവും പുതിയ മോഡലുകൾക്ക് അപകട സാധ്യത തീരെയില്ലെന്നാണ് ആന്ത്രോപിക് അവകാശപ്പെടുന്നത്. എഐ ടൂളുകൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളിൽ ചൈനയുടെ പേര് വൈറ്റ്ഹൗസ് പരാമർശിച്ചിട്ടേയില്ലെന്നും കമ്പനി പറയുന്നു.

അതിനിടെ അമേരിക്കയുടെ എഐ നിയന്ത്രണത്തിനെതിരെ ശക്തമായി പ്രതികരിച്ച് കാനഡ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അമേരിക്കൻ ടെക് കമ്പനികളെ മാത്രം ആശ്രയിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു.

Content Highlights: US government restricts access to Anthropic's Mythos 5 and Fable 5., Concerns regarding potential China-linked access to advanced AI models., Risks include cybersecurity vulnerability discovery and AI distillation., Anthropic denies claims linking China concerns to export controls., Historical security incidents with Mythos model under renewed scrutiny.