പെന്റഗണിനും തലവേദന സൃഷ്ടിച്ച് AI; ഉപയോഗത്തിന് നിയന്ത്രണം, നിലപാടുമാറ്റി നേതൃത്വം

#ടെക്‌നോളജി ഡെസ്‌ക്
1. പെന്റഗണ്‍ 2. പ്രതീകാത്മകചിത്രം | Photo - AFP, AI
1. പെന്റഗണ്‍ 2. പ്രതീകാത്മകചിത്രം | Photo - AFP, AI

പെന്റഗണിനും പ്രതിസന്ധി സൃഷ്ടിച്ച് എഐ (നിർമിതബുദ്ധി). യുഎസ് സൈന്യത്തിന് ഒരു വർഷത്തെ ഉപയോഗത്തിന് അനുവദിച്ചിരുന്ന എഐ ടോക്കണുകൾ മുഴുവനും വെറും ആഴ്ചകൾക്കുള്ളിൽ തീർന്നതാണ് സൈനിക മേധാവികൾക്ക് തലവേദന സൃഷ്ടിക്കുന്നത്. ഇതോടെ ജീവനക്കരാരുടെ എഐ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു എന്നാണ് പുറത്തുവരുന്ന വിവരം.

എഐ മോഡലുകൾ പ്രോസസ് ചെയ്യുന്ന ഡേറ്റയുടെ യൂണിറ്റുകളാണ് ടോക്കണുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് വമ്പൻ കമ്പനികൾ എഐ ഉപയോഗത്തിന്റെ പണം ഈടാക്കുന്നത്. ആദ്യഘട്ടത്തിൽതന്നെ എഐയിലേക്ക് ചുവടുമാറിയ പല കമ്പനികൾക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ചെലവ് വർധിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ മൈക്രോസോഫ്റ്റും യൂബറും അടക്കമുള്ള കമ്പനികൾ ജീവനക്കാരുടെ എഐ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പിന്നാലെയാണ് എഐ ടോക്കൾ ഉപയോഗം കുത്തനെ വർധിച്ചത് പെന്റഗണിനുപോലും ആശങ്ക സൃഷ്ടിക്കുന്നത്.

യു.എസ് യുദ്ധകാര്യ വകുപ്പിലെ 35 ലക്ഷം ജീവനക്കാരിൽ പകുതിയോളം പേർ ജോലിസ്ഥലത്ത് നിർമിതബുദ്ധി (എഐ) ഉപയോഗിക്കുന്നുവെന്ന് അധികൃതർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് യുദ്ധകാര്യ വകുപ്പ് വലിയ കമ്പ്യൂട്ടിങ് പ്രതിസന്ധി നേരിടുന്നുവെന്ന വാർത്ത പുറത്തുവരുന്നത്.

ജീവനക്കാർക്ക് ജനറേറ്റീവ് എഐയിലേക്ക് പരിധിയില്ലാത്ത പ്രവേശനം നൽകുമെന്ന് കഴിഞ്ഞ മെയ് മാസത്തിൽ സൈന്യത്തിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസർ (CIO) പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജൂൺ പകുതിയോടെ തന്നെ ഈ നിലപാടിൽ പെന്റഗൺ മാറ്റംവരുത്തി. സൈന്യത്തിന്റെ എഐ ടോക്കൺ ഉപയോഗം പരിധികൾ ലംഘിക്കുകയും ഇതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരികയും ചെയ്തിരുന്നു. ചുരുങ്ങിയ കാലത്തിനിടെ വർഷത്തേക്കുള്ള മുഴുവൻ ടോക്കണുകളും തീർന്നതായാണ് പുറത്തുവരുന്ന വിവരം.

സൈനിക ഉദ്യോഗസ്ഥർക്ക് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ആൽഫബെറ്റിന്റെ ജെമിനി, മെറ്റയുടെ ലാമാ എന്നിവയുൾപ്പെടെയുള്ള എഐ മോഡലുകൾ ഉപയോഗിക്കാനാണ് അനുമതി നൽകിയിരുന്നത്. എഐ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാർക്ക് പ്രതിമാസം 200,000 ടോക്കണുകൾ നൽകുകയും കൂടുതൽ ഉപയോഗിക്കുന്നവർക്ക് അലവൻസുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എഐ ഉപയോഗിക്കാത്ത ജീവനക്കാരെ അവരുടെ ടോക്കണുകൾ ഉപയോഗിക്കാൻ ഓർമ്മിപ്പിച്ച് ഇമെയിലുകളും അയച്ചിരുന്നു. ഈ കർശനമായ പ്രചാരണം സൈന്യത്തിന്റെ വാർഷിക 100 മില്യൺ ടോക്കൺ 'എന്റർപ്രൈസ് പാക്ക്' അതിവേഗം തീർന്നുപോകാൻ കാരണമായി. ഇതോടെയാണ് സൈനിക നേതൃത്വത്തിന് നിലപാട് മാറ്റേണ്ടിവന്നത്.

ടോക്കണുകളുടെ ചെലവ് തലവേദന സൃഷ്ടിക്കുമ്പോഴും സുപ്രധാനമായ പ്രവർത്തനങ്ങളിൽ എഐ സംയോജിപ്പിക്കുന്നത് പെന്റഗൺ തുടരുകയാണ്. യുദ്ധമേഖലകളിലെ അമേരിക്കൻ പൗരന്മാർക്ക് ജീവഹാനി സംഭവിക്കാനുള്ള സാധ്യതകളെ വിലയിരുത്തുന്നതിനായി ഓട്ടോമേറ്റഡ് എഐ സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: US Army burned through an annual 100-million-token budget in just weeks., Unlimited AI access granted in May 2026 was revoked by mid-June., Ask Sage platform usage drove the rapid depletion of resources., Pentagon continues to push AI for sensitive workflows despite budget constraints.