യാൻഡെക്സിന് നേരെ യുക്രൈൻ മിസൈൽ ആക്രമണം; റഷ്യയിൽ ഡിജിറ്റൽ സേവനങ്ങൾ പൂർണമായും സ്തംഭിച്ചു! വലഞ്ഞ് ജനങ്ങൾ

#ടെക്നോളജി ഡെസ്ക്
Photo: facebook/yandex
Photo: facebook/yandex

റഷ്യൻ ടെക് ഭീമനായ 'യാൻഡെക്സ്' (Yandex) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഡാറ്റാ സെന്ററുകൾക്ക് നേരെ യുക്രൈൻ നടത്തിയ ശക്തമായ ആക്രമണങ്ങളെത്തുടർന്ന് റഷ്യയിൽ ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെട്ടു. ഓൺലൈൻ ബാങ്കിങ്, ടാക്സി ബുക്കിങ്, ഭക്ഷണം ഓർഡർ ചെയ്യൽ ഉൾപ്പെടെയുള്ള ദൈനം ദിന ഡിജിറ്റൽ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഡിജിറ്റൽ താക്കോലുകൾ (digital keys) ഓഫ് ലൈനായതോടെ സ്വന്തം വീടുകളിൽ പോലും പ്രവേശിക്കാൻ കഴിയാതെ നിരവധി പേർ വലഞ്ഞു.

റഷ്യയിലെ ഗൂഗിൾ എന്നറിയപ്പെടുന്ന സാങ്കേതികവിദ്യാ കമ്പനിയാണ് യാൻഡെക്സ്. ഗൂഗിളിനെ പോലെ സെർച്ച് ഉൾപ്പെടെ വിവിധങ്ങളായ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ യാൻഡെക്സ് നൽകുന്നുണ്ട്. ഡാറ്റാ സെന്റർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന്, യാൻഡെക്സ് പേ (Yandex Pay) സേവനങ്ങൾ തടസ്സപ്പെട്ടതോടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ സമ്പാദ്യം ഉപയോഗിക്കാൻ കഴിയാതെവന്നു. പണം പിൻവലിക്കാൻ പോലും കഴിയാത്ത സ്ഥിതി വന്നതോടെ ചെലവുകൾക്ക് പണം കണ്ടെത്താൻ കഴിയാതെ വന്നു.

മോസ്കോയിലെ ടാക്സി ഡ്രൈവർമാർക്ക് യാൻഡെക്സ് ടാക്സി ആപ്പ് വഴി തങ്ങളുടെ വരുമാനം കാണാനോ പിൻവലിക്കാനോ കഴിഞ്ഞില്ല. ആപ്പ് തകരാറിലായതോടെ ഒരേ ഉപഭോക്താവിനായി ഒന്നിലധികം ടാക്സികൾ അയക്കുന്ന സാഹചര്യവുമുണ്ടായി. ഇത് കൂടാതെ കമ്പനിയുടെ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിലുള്ള ഫയലുകൾ തുറക്കാൻ സാധിക്കാതെ വരികയും ഡിജിറ്റൽ ഡോർ ലോക്കുകൾ പ്രവർത്തിക്കാതാവുകയും ചെയ്തു.

ഡാറ്റാ സെന്ററുകൾ ലക്ഷ്യമിട്ടുള്ള യുക്രൈൻ തന്ത്രം:

റഷ്യൻ ഇന്റർനെറ്റ് അടിസ്ഥാന സൗകര്യങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്രൈൻ യാൻഡെക്സിന്റെ അഞ്ച് പ്രധാന ഡാറ്റാ സെന്ററുകളിൽ മൂന്നെണ്ണത്തിന് നേരെ ആക്രമണം നടത്തിയത്. യാൻഡെക്സിന് പുറമേ റഷ്യയിലെ പ്രമുഖ ബാങ്കായ സ്ബർബാങ്ക് (Sberbank), പ്രമുഖ ടെക് കമ്പനിയായ വി.കെ (VK) എന്നിവയുടെ ഡാറ്റാ സെന്ററുകളും ആക്രമിക്കപ്പെട്ടു. യുക്രൈനിലെ ഇന്റർനെറ്റ് സംവിധാനങ്ങൾ തകർക്കാൻ റഷ്യ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. കൂടാതെ, റഷ്യൻ ഊർജ്ജ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തരുതെന്ന യു.എസ് സമ്മർദ്ദത്തെത്തുടർന്നാണ് യുക്രൈൻ ഡാറ്റാ സെന്ററുകളെ പുതിയ ലക്ഷ്യമായി തിരഞ്ഞെടുത്തത്.

ആക്രമണത്തിൽ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും സേവനങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു വരികയാണെന്നും യാൻഡെക്സ് അറിയിച്ചു. 

Content Highlights: Ukrainian attacks on Russian data centers paralyzed daily digital services including online banking, Yandex Pay, and taxi bookings.