3000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഊബർ; വർക്ക് ഫ്രം ഹോം ഇനി നടക്കില്ല

#ടെക്നോളജി ഡെസ്ക്
Uber | Photo: Gettyimages
Uber | Photo: Gettyimages

ഊബർ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു. ആഗോളതലത്തിൽ 3000 പേരെ പിരിച്ചുവിടാനാണ് നീക്കം. കമ്പനിയുടെ ആകെ ജീവനക്കാരുടെ പത്തുശതമാനം വരുമിത്. കമ്പനിയുടെ ഘടന ലളിതമാക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും മാനേജ്മെന്റ് തലങ്ങൾ വെട്ടിച്ചുരുക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കമ്പനി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡാരാ ഖോസ്രോഷാഹി ജീവനക്കാർക്കയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാനേജ്മെന്റ് തലത്തിൽ ആളുകളുടെ എണ്ണം വർധിക്കുന്നത് വലിയ സങ്കീർണതകൾക്കും തീരുമാനങ്ങൾ വൈകുന്നതിനും കാരണമായെന്ന് സി.ഇ.ഒ. ഡാരാ ഖോസ്രോഷാഹി ജീവനക്കാരോട് പറഞ്ഞു. കമ്പനിയുടെ പ്രവർത്തനങ്ങൾ ലളിതവും വേഗമേറിയതുമാക്കുകയാണ് ഈ പുനഃസംഘടനയുടെ പ്രധാന ലക്ഷ്യമെന്നും ഖോസ്രോഷാഹി പറഞ്ഞു.

കമ്പനിയിലെ മൊത്തം മാനേജർമാരുടെ എണ്ണം 20 ശതമാനം കുറയ്ക്കും. ഇതിൽ ചില മാനേജർമാരെ മറ്റ് തസ്തികകളിലേക്ക് മാറ്റും. അതേസമയം മാനേജർമാരല്ലാത്ത ജീവനക്കാരെയും ഈ പിരിച്ചുവിടൽ വലിയ രീതിയിൽ ബാധിക്കും. ഈ വർഷമാദ്യം കമ്പനിയുടെ കസ്റ്റമർ സർവീസ്, എച്ച്.ആർ. വിഭാഗങ്ങളിൽനിന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പുതിയ പിരിച്ചുവിടൽ പൂർത്തിയാകുന്നതോടെ ഊബറിലെ ആകെ ജീവനക്കാരുടെ എണ്ണം 30,000-ൽ താഴെയാകും.

ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള 'മൈക്രോ ടീമുകളുടെ' എണ്ണം പകുതിയോളമായി കുറയ്ക്കും. കൂടാതെ റസ്റ്ററന്റ്, റീട്ടെയ്ൽ, ഡയറക്ട് ഡെലിവറി എന്നിവ ഉൾപ്പെടുന്ന മൂന്ന് ഡെലിവറി ഓപ്പറേഷൻസ് ടീമുകളെ ഒരൊറ്റ വിഭാഗമായി സംയോജിപ്പിക്കും. കോർ സർവീസസ് എൻജിനിയറിങ്, സയൻസ് ടീമുകളെയും ഇത്തരത്തിൽ ഒന്നിപ്പിക്കും. സി.ഇ.ഒ.യ്ക്ക് താഴെ ഏഴോ അതിലധികമോ റിപ്പോർട്ടിങ് ലെയറുകൾ ഉള്ള തസ്തികകളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകും.

റിമോട്ട് ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങണം

പ്രവർത്തനങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ തുടങ്ങിയ പ്രധാന ഹബ്ബുകളിലായിരിക്കും ഇനി പ്രധാന ടീമുകൾ കേന്ദ്രീകരിക്കുക. ഭാവിയിൽ വെറും ഒരു ശതമാനം ജീവനക്കാർക്ക് മാത്രമേ പൂർണമായി റിമോട്ട് ജോലി ചെയ്യാൻ അനുവാദമുണ്ടാകൂ. ആഴ്ചയിൽ മൂന്നുദിവസം ഓഫീസിൽ വരണമെന്ന നിലവിലെ നയം തുടരും.

റോബോടാക്സിക്കും എഐയ്ക്കും വൻ നിക്ഷേപം

ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ ലാഭിക്കുന്ന തുക കമ്പനിയുടെ ഭാവി പദ്ധതികൾക്കായി വിനിയോഗിക്കാനാണ് ഊബർ പദ്ധതിയിടുന്നത്. ഡ്രൈവർമാർ, കൊറിയർമാർ, മെർച്ചന്റുകൾ എന്നിവർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോബോടാക്സി എന്ന് വിളിക്കുന്ന സ്വയംനിയന്ത്രിത വാഹന പദ്ധതികൾക്കും ഈ തുക ഉപയോഗിക്കും. റോബോടാക്സിക്കായി 1000 കോടി ഡോളറിലധികം (ഏകദേശം ₹83,000 കോടി) നിക്ഷേപിക്കും.

Content Highlights: Uber is laying off approximately 3,000 employees—amounting to 10% of its global workforce—to streamline operations, trim management layers, mandate a return to office hubs, and reallocate capital toward autonomous Robotaxis and AI initiatives.