ഭീഷണി ഉയർത്തി AI, തിരിച്ചറിഞ്ഞ് ട്രംപ് ഭരണകൂടം; നിയമനിർമാണത്തിന് നീക്കം

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - AFP, AI
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ് | Photo - AFP, AI

ന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് പോലെയുള്ള അപകടകരമായ എഐ മോഡലുകൾക്ക് കടിഞ്ഞാണിടാൻ നിയമനിർമ്മാണം നടത്താനൊരുങ്ങി യു.എസ് ഭരണകൂടം. ഈ നീക്കം അമേരിക്കയുടെ ടെക് നയങ്ങളുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നാണെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അസംബന്ധമായ നിയമങ്ങൾ നിർമിച്ച് നിർമ്മിത ബുദ്ധിയുടെ വളർച്ചയെ ഒരിക്കലും മന്ദഗതിയിലാക്കില്ലെന്നാണ് ട്രംപ് ഭരണകൂടം നേരത്തെ പറഞ്ഞിരുന്നത്. അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ബൈഡൻ കാലഘട്ടത്തിലെ നിർമ്മിത ബുദ്ധി സുരക്ഷാ നിയമങ്ങൾ ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. എന്നാൽ ശക്തമായ എഐ മോഡലുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുമ്പ് ടെക് കമ്പനികൾക്ക് സർക്കാർ പരിശോധനയ്ക്ക് സമർപ്പിക്കേണ്ടി വരാൻ ഇടയാക്കുന്ന നിയമ നിർമാണത്തിലാണ് യു.എസ് ഒരുങ്ങുന്നതെന്നാണ് സൂചന.

സ്വയംഭരണാധികാരത്തോടെ ഹാക്ക് ചെയ്യാൻ കഴിവുള്ള ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് എഐ മോഡലാണ് ഇത്തരം നീക്കങ്ങൾക്ക് ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് ക്ലോഡ് മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതില്ല എന്നാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പരിമിതമായ രീതിയിൽ പുറത്തിറക്കിയ മിത്തോസ് യു.എസ് സുരക്ഷാ ഏജൻസികളെ ഞെട്ടിക്കുകയും ലോകമെമ്പാടുമുള്ള ബാങ്കുകളെ പിടിച്ചുകുലുക്കുകയും ചെയ്തിരുന്നു.

മിത്തോസ് പ്രിവ്യൂ നിലവിൽ ഏകദേശം 40 പ്രമുഖ ടെക്, സൈബർ സുരക്ഷാ കമ്പനികൾക്ക് മാത്രമായി ലഭ്യമാക്കിയിരിക്കുകയാണ്. അതിന്റെ അസാമാന്യ കഴിവുകളാണ് ഭരണകൂടത്തെ നയംമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. വിദഗ്ധർക്കുപോലും കണ്ടെത്താൻ കഴിയാത്ത സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്താനുള്ള കഴിവാണ് മിത്തോസിനെ ശ്രദ്ധേയമാക്കിയത്. പ്രാഥമിക പരിശോധനകൾക്കിടെ അത് എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും വെബ് ബ്രൗസറുകളിലുമുള്ള ആയിരക്കണക്കിന് നിർണായക സുരക്ഷാ പിഴവുകൾ കണ്ടെത്തിയെന്നാണ് ആന്ത്രോപിക് അവകാശപ്പെടുന്നത്. ഈ ടൂൾ ആരെങ്കിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് ബാങ്കുകൾക്കടക്കം ആശങ്ക സൃഷ്ടിക്കുന്നത്.

ക്ലോഡ് മിത്തോസിന്റെ അപകടസാധ്യത വാഷിങ്ടൺ അതിവേഗം തിരിച്ചറിഞ്ഞു. യുഎസ് സർക്കാർ സോഫ്റ്റ്​വെയറിലെ ദുർബലതകൾ കണ്ടെത്താൻ എൻഎസ്എ മിത്തോസ് ഉപയോഗിച്ചു തുടങ്ങി. പെന്റഗണുമായുള്ള തർക്കത്തെ തുടർന്ന് ആന്ത്രോപിക്കിന്റെ എഐ മോഡലുകൾ പൂർണമായും ഒഴിവാക്കാൻ തിരക്കൂകൂട്ടിയ ഫെഡറൽ ഏജൻസികൾക്ക് അവ തുടർന്നും ഉപയോഗിക്കേണ്ടിവന്നു. ആന്ത്രോപിക്കിനെ സർക്കാർ കരാറുകളിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ നീക്കം നടത്തിയ വൈറ്റ് ഹൗസിന് കമ്പനിയെ ആശ്രയിക്കേണ്ടി വരുന്ന ദയനീയമായ സാഹചര്യവും ഉണ്ടായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് നിയമ നിർമാണത്തിനുള്ള നീക്കം.

നിർദിഷ്ട നിർമിത ബുദ്ധി സുരക്ഷാ അവലോകന നിയമം യു.എസ് സർക്കാരിന് മോഡലുകളിലേക്ക് നേരത്തെയുള്ള പ്രവേശനം നൽകുമെങ്കിലും അവ തടയാൻ സർക്കാരിന് കഴിഞ്ഞേക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെക് എക്‌സിക്യൂട്ടീവുകളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ഔദ്യോഗിക എഐ വർക്കിങ് ഗ്രൂപ്പ് സ്ഥാപിക്കുന്ന കാര്യമാണ് നിലവിൽ പരിഗണനയിലുള്ളത്. ഈ ഗ്രൂപ്പ് നിർമ്മിത ബുദ്ധി മോഡലുകൾ റിലീസിന് മുന്നോടിയായി പരിശോധനയ്ക്ക് വിധേയമാക്കും എന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: Trump administration reversing stance on AI deregulation., Anthropic's 'Mythos' model capable of autonomous, large-scale hacking., Proposed law requires government vetting for frontier AI models., Mythos discovered thousands of zero-day flaws in major systems., New framework focuses on agency access rather than outright release vetoes.