കോളും എസ്.എം.എസും മാത്രം; ചെറിയ തുകയ്ക്കുള്ള മൊബൈൽ പ്ലാനുകൾ നിർബന്ധമാക്കാൻ നിർദേശിച്ച് ട്രായ്

ന്യൂഡൽഹി: ടെലികോം ഓപ്പറേറ്റർമാർ കുറഞ്ഞവിലയ്ക്ക് കോളിങ്, എസ്.എം.എസ്. സേവനങ്ങൾമാത്രമുള്ള മൊബൈൽ പ്ലാനുകൾ നൽകുന്നത് നിർബന്ധമാക്കാൻ ടെലികോം റെഗുലേറ്റർ ട്രായ് ചൊവ്വാഴ്ച നിർദേശിച്ചു. ഡേറ്റയടക്കം നൽകുന്ന നിലവിലെ പ്ലാനുകളെ അപേക്ഷിച്ച് കുറഞ്ഞവിലയ്ക്ക് ആവശ്യക്കാർക്ക് ഇത്തരം പ്ലാനുകൾ ലഭ്യമാക്കുന്നത് നിർബന്ധമാക്കണമെന്നാണ് നിർദേശം. ഡേറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾ അതിനായി പണം നൽകേണ്ടിവരുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി.
നേരത്തേ 2024-ൽ വോയിസ് കോളിനും എസ്എംഎസിനും മാത്രമായി ഒരു സ്‌പെഷ്യൽ താരിഫ് വൗച്ചറെങ്കിലും പുറത്തിറക്കണമെന്ന് ട്രായ് ഉത്തരവിട്ടിരുന്നു. 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് ട്രായ് ഈ ഉത്തരവ് ഇറക്കിയത്.
രാജ്യത്ത് 15 കോടി മൊബൈൽ വരിക്കാർ ഇപ്പോഴും 2ജി കണക്ഷൻ ഉപയോഗിക്കുന്നു. ഇവർ ഇന്റർനെറ്റ് ഉപയോഗിക്കാറില്ല. എന്നാൽ, മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ പ്ലാനിൽ ഡേറ്റ കൂടി ഉൾപ്പെടുന്നതിനാൽ അതിന്റെ പണംകൂടി നൽകേണ്ടിവരുന്നതായി ട്രായ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭേദഗതി.
Content Highlights: In a move to protect the interests of consumers who do not require internet services, the Telecom Regulatory Authority of India (TRAI) has recommended that telecom operators must provide affordable plans offering only voice calling and SMS. This initiative aims to ensure that feature phone users and those who do not use data are not forced to pay for unwanted data services bundled with current expensive plans.