ഡാറ്റയില്ലാതെ വിളിക്കാനും SMSനും മാത്രം റീച്ചാര്‍ജ് പ്ലാൻ നിർബന്ധം; കമ്പനികൾക്ക് നിർദേശം നൽകി ട്രായ്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മുംബൈ: വോയിസ് കോളുകൾക്കും എസ്.എം.എസിനും മാത്രമായും മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യാൻ സൗകര്യം നൽകണമെന്ന് ടെലികോം കമ്പനികളോടു നിർദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫീച്ചർ ഫോണുപയോഗിക്കുന്ന ഉപഭോക്താക്കൾ ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കുന്നില്ല. അവർക്കാവശ്യമില്ലാത്ത സേവനത്തിന് നിലവിൽ പണം നൽകേണ്ട സ്ഥിതിയുണ്ട്. അതുകൊണ്ട് ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സേവനത്തിനു മാത്രമായി റീച്ചാർജ് സൗകര്യമൊരുക്കാനാണ് നിർദേശം. ഇതിനായി ഒരു സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്ന നിർദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്ത് ട്രായ് ഉത്തരവായി.

രാജ്യത്ത് 15 കോടി മൊബൈൽ വരിക്കാർ ഇപ്പോഴും 2 ജി കണക്ഷൻ ഉപയോഗിക്കുന്നു. ഇവർ ഇന്റർനെറ്റ് ഉപയോഗിക്കാറില്ല. എന്നാൽ, മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ പ്ലാനിൽ ഡേറ്റ കൂടി ഉൾപ്പെടുന്നതിനാൽ അതിന്റെ പണംകൂടി നൽകേണ്ടിവരുന്നതായി ട്രായ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി. ഇതനുസരിച്ച് ടെലികോം കമ്പനികൾ നിലവിലുള്ള റീച്ചാർജ് വൗച്ചറുകൾക്കൊപ്പം കോളുകൾക്കും എസ്.എം.എസുകൾക്കും മാത്രമായി റീച്ചാർജിന് സൗകര്യം നൽകണം. പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉൾപ്പെടുത്താനും ഇതോടൊപ്പം നിർദേശിച്ചിട്ടുണ്ട്.

2 ജി സേവനം ഉപയോഗിക്കുന്നവർക്കു മാത്രമല്ല, ഇന്റർനെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും ഇരട്ട സിം ഉപയോഗിക്കുന്നവർക്കും നിർദേശം ഗുണകരമാകും.

ഇതോടൊപ്പം സ്പെഷ്യൽ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയർത്താനും അനുമതി നൽകിയിട്ടുണ്ട്. കൂടാതെ ടോപ്പപ്പിനായി പത്തു രൂപയുടെ ഗുണിതങ്ങൾ വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

Content Highlights: TRAI mandates non-data recharge plans for voice calls and SMS