‘രക്ഷക്കി’നു പകരം ‘ദോസ്ത്’; റെയിൽവേട്രാക്ക് ജീവനക്കാരുടെ രക്ഷയ്ക്ക് പുതിയ ആപ്പ്

തൃശ്ശൂർ: റെയിൽവേ ട്രാക്കിലെ അപകടമൊഴിവാക്കാൻ ‘ദോസ്ത്’ എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്രവർത്തനക്ഷമമായി. കീമാൻമാർക്കും നൈറ്റ് പട്രോളിങ് നടത്തുന്നവർക്കും ജീവൻരക്ഷയ്ക്കായി നൽകുന്ന ഉപകരണമാണ് രക്ഷക്. ഈ സുരക്ഷായന്ത്രത്തിന്റെ വിതരണം കാര്യക്ഷമമല്ലാത്ത സാഹചര്യത്തിൽ ‘ദോസ്ത്’ തുണയാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ തൃശ്ശൂരിലെ വള്ളത്തോൾ നഗർ മുതൽ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ വരെ ‘ദോസ്ത്’ ആപ്പിന്റെ ട്രയൽ പൂർത്തിയായി. വളവുകളും തിരിവുകളും ഏറെയുള്ള അപകടമേഖലയാണിവിടം. കഴിഞ്ഞ വർഷം ജൂണിലും തൃശ്ശൂരിലെ അവിണിശ്ശേരിയിൽ കീമാൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. മുന്നറിയിപ്പുയന്ത്രമില്ലാത്തതുതന്നെയായിരുന്നു അപകടകാരണം.
ട്രാക്കിൽ ജോലിചെയ്യുന്ന കീമാനും മറ്റു തൊഴിലാളികൾക്കും ഉപകാരമാകും വിധമാണ് ആപ്പിന്റെ പ്രവർത്തനം. ഇവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പിൽ ആ ലൈനിലൂടെ വരുന്ന ട്രെയിനുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കും. അലാറം, വൈബ്രേഷൻ, ഫോൺ ലൈറ്റ് എന്നിവ ഒരുമിച്ച് പ്രവർത്തിക്കും. വണ്ടി എത്ര അകലെയാണ് മനസ്സിലാക്കി ട്രാക്കിൽനിന്ന് മാറിനിൽക്കാനും സാധിക്കും. സ്റ്റേഷനുകളിലെ സിഗ്നൽ കൺട്രോളിനു കീഴിലാണ് ആപ്പ് പ്രവർത്തിക്കുന്നത്.
നെറ്റ് കണക്ഷൻ വിച്ഛേദിക്കുകയോ റേഞ്ച് പോകുകയോ ചെയ്താലും മുന്നറിയിപ്പ് ലഭിക്കും. മുന്നറിയിപ്പുശബ്ദം 75 ശതമാനത്തിൽനിന്ന് കുറയുകയുമില്ല. ഫോൺ വരുമ്പോഴും മറ്റ് ആപ്പുകൾ പ്രവർത്തിക്കുമ്പോഴും മുന്നറിയിപ്പായി ശബ്ദസന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കും.
പോരായ്മകൾ പരിഹരിക്കണമെന്ന് ആവശ്യം
നിലവിൽ ആപ്പുവഴി രണ്ട് ലൈനിലും ട്രെയിൻ വരുന്നത് അറിയാൻ സാധിക്കില്ല. മൊബൈൽ ഹാങ്ങാവുകയോ ചാർജ് തീരുകയോ ചെയ്താൽ എന്തു ചെയ്യുമെന്നതും പ്രശ്നമാണ്. അതുകൊണ്ടുതന്നെ റെയിൽവേ ഉപകരണമായി നൽകണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദക്ഷിണറെയിൽവേ എംപ്ലോയീസ് യൂണിയൻ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Content Highlights: to avoid accidents on railway track new app dost