പണി പഠിക്കാനെത്തി, AI പദ്ധതി മൊത്തം കുളമാക്കി; ഇന്റേണിനെ ഓടിച്ചുവിട്ട് ടിക്‌ടോക്ക് ഉടമ

കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് റീല്‍സിനേക്കാളും ഷോര്‍ട്ട്‌സിനേക്കാളുമെല്ലാം പ്രചാരത്തിലാകേണ്ടിയിരുന്ന ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂണിലാണ് കേന്ദ്രം ടിക്‌ടോക്ക് രാജ്യത്ത് നിരോധിച്ചത്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും ഉള്‍പ്പെടെ ഏറ്റവും ഹിറ്റായ ഷോര്‍ട്ട് വീഡിയോ ആപ്പ് ഇപ്പോഴും ടിക്‌ടോക്ക് തന്നെയാണ്.
ആ ടിക്‌ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന് മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. ലോകം നിര്‍മ്മിതബുദ്ധിക്ക് (എ.ഐ) പിന്നാലെ പായുമ്പോള്‍ അതിനൊപ്പം ഓടിയെത്താനുള്ള തത്രപ്പാടിനിടെയാണ് ബൈറ്റ്ഡാന്‍സിന് എട്ടിന്റെ പണി കിട്ടിയത്. പണി പഠിക്കാനായി ബൈറ്റ് ഡാന്‍സിനൊപ്പം കൂടിയ ഒരു ഇന്റേണാണ് കമ്പനിക്ക് പാരയായത്. ഇയാളെ കമ്പനി പുറത്താക്കി.
ബൈറ്റ് ഡാന്‍സിന്റെ എ.ഐ. മോഡലുകളില്‍ ഒന്നിനാണ് പണി കിട്ടിയത്. ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഒരാഴ്ചയിലേറെയായി ഇക്കാര്യം വലിയ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. അഡ്വെര്‍ടൈസിങ് ടെക്‌നോളജി വിഭാഗത്തിലെ ഇന്റേണിനെയാണ് കമ്പനി പുറത്താക്കിയത്. ഇയാള്‍ക്ക് തങ്ങളുടെ എ.ഐ. ലാബില്‍ ജോലി ചെയ്ത് പരിചയം കുറവാണെന്നും പ്രചരിക്കുന്ന തരത്തിലുള്ള പണിയൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നുമാണ് ബൈറ്റ് ഡാന്‍സ് പറയുന്നത്.
ആയിരക്കണക്കിന് ജി.പി.യുകളുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ. സംവിധാനത്തെയാണ് ഇന്റേണ്‍ തകിടംമറിച്ചത്. ഇന്റേണിന്റെ ഇടപെടലില്‍ ഒരു കോടി ഡോളറിന്റെ നഷ്ടമാണ് ബൈറ്റ് ഡാന്‍സിന് ഉണ്ടായതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കമ്പനി ഇക്കാര്യം നിഷേധിച്ചു. ഇന്റേണ്‍ തങ്ങള്‍ക്ക് തന്ന പണിയെ കുറിച്ചും ഇയാളെ പുറത്താക്കിയതിനെ കുറിച്ചുമെല്ലാം ഇന്റേണ്‍ പഠിച്ച യൂണിവേഴ്‌സിറ്റിയെ ബൈറ്റ് ഡാന്‍സ് അറിയിച്ചിട്ടുണ്ട്. ചാറ്റ് ജി.പി.ടിക്ക് സമാനമായ ബൈറ്റ് ഡാന്‍സിന്റെ ദൗബാവോ എന്ന ജനറേറ്റീവ് എ.ഐ. ചാറ്റ് ബോട്ടിന് വലിയ പ്രചാരമാണ് ചൈനയില്‍.
Content Highlights: TikTok owner sacks intern for sabotaging AI project