ടിക്ടോക്ക് നിരോധനത്തില്‍ ആദ്യവെടി പൊട്ടിച്ച് ട്രംപ്; ബൈറ്റ്ഡാന്‍സിന്റെ ഇടപാടുകള്‍ നിരോധിച്ചു
ജനപ്രിയ ആപ്ലിക്കേഷനായ ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടു. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ വീചാറ്റുമായുള്ള ഇടപാടുകള്‍ നിരോധിക്കുന്ന സമാനമായ ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. രണ്ട് ഉത്തരവുകളും 45 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.
അമേരിക്കയില്‍ ടിക്ടോക്കിനേക്കാള്‍ അല്‍പ്പം കൂടുതല്‍ പ്രചാരമുള്ള വീചാറ്റ് ആപ്ലിക്കേഷന്‍ അമേരിക്കയിലെ ചൈനീസ് പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗത്തിലുള്ളതാണ്. എന്നാല്‍ അവ്യക്തവും ആശയക്കുഴപ്പം നിറഞ്ഞതുമാണ് ഈ ഈ എക്സിക്യൂട്ടീവ് ഉത്തരവുകള്‍. എന്ത് തരം ഇടപാടുകളാണ് നിരോധിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. 45 ദിവസത്തിന് ശേഷം വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്സ് അത് വ്യക്തമാക്കുമെന്നാണ് ഉത്തരവിലുള്ളത്.
അതിനാല്‍ ഇത് ആപ്ലിക്കേഷനുകളുടെ അമേരിക്കയിലെ പ്രവര്‍ത്തനത്തെ ഏത് രീതിയിലാണ് ബാധിക്കുകയെന്ന് വ്യക്തമല്ല. ടെന്‍സെന്റിന്റെ മറ്റ് സേവനങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇത് രണ്ട് ആപ്ലിക്കേഷനുകളെയും നേരിട്ട് നിരോധിക്കുകയാണെന്ന് ഉത്തരവുകളില്‍ പറഞ്ഞിട്ടില്ല. പകരം അവയ്ക്ക് മറ്റ് രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമാണ്.
ഉത്തരവ് പരിശോധിച്ചുവരികയാണെന്നാണ് ഇത് സംബന്ധിച്ച് ടെന്‍സെന്റിന്റെ പ്രതികരണം. ശരിയായ നടപടിക്രമങ്ങളിലൂടെയല്ല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ടിക്ടോക്ക് കുറ്റപ്പെടുത്തി. അമേരിക്കയിലുള്ള വിശ്വാസത്തെയും നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയേയും ഇത് ദുര്‍ബലപ്പെടുത്തുമെന്നും ടിക്ടോക്ക് പറഞ്ഞു.
അതേസമയം അമേരിക്കയില്‍ ടിക്ടോക്ക് സമ്പൂര്‍ണ നിരോധന ഭീഷണി നേരിടുകയാണ്. ടിക്ടോക്കിനെ ഒരു അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക അല്ലെങികില് നിരോധനം നേരിടുക എന്നതാണ് ബൈറ്റ്ഡാന്‍സിന് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മുന്‍നിര അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ടിക്ടോക്കിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനിടെയാണ് ട്രംപ് പുതിയ ഉത്തരവില്‍ ഒപ്പുവെച്ചത്.
Content Highlights: tiktok owner bytedance and tancent wechat transactions banned executive order
Content Highlights: