'ഇതുവരെ പോകാത്തിടത്ത് എത്തിക്കൂ'; മസ്‌ക് പോലും ചിരിച്ചുപോയി, വൈറലായി ടെസ്‌ല FSD പരീക്ഷണം

1. സാക്ക് ജെന്‍കിന്‍സ് നടത്തിയ പരീക്ഷണത്തിന്റെ വിഡിയോ 2. ടെസ്‌ല വാഹനങ്ങള്‍ | Photo - screengrab, AFP
1. സാക്ക് ജെന്‍കിന്‍സ് നടത്തിയ പരീക്ഷണത്തിന്റെ വിഡിയോ 2. ടെസ്‌ല വാഹനങ്ങള്‍ | Photo - screengrab, AFP

ഇലോണ്‍ മസ്‌കിന്റെയും ടെസ്‌ലയുടെയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനിടെ വൈറലായി ഒരു ടെസ്‌ല ഉടമ നടത്തിയ രസകരമായ പരീക്ഷണം. കാറിന്റെ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് (FSD) സംവിധാനം പരീക്ഷിച്ചുനോക്കാന്‍ യു.എസ് പൗരനായ സാക്ക് ജെന്‍കിന്‍സ് നടത്തിയ ശ്രമമാണ് വീഡിയോ കണ്ടവരിലെല്ലാം ചിരി പടര്‍ത്തിയത്‌. X- പ്ലാറ്റ്‌ഫോമിലൂടെ വീഡിയോ ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌കിന്റെ മുന്നിലുമെത്തി. ചിരിക്കുന്ന ഇമോജി പോസ്റ്റുചെയ്താണ് മസ്‌ക് പ്രതികരിച്ചത്.

'ഇതുവരെ പോയിട്ടില്ലാത്ത ഒരിടത്തേക്ക് കൊണ്ടുപോകൂ' എന്നാണ് സാക്ക് ജെന്‍കിന്‍സ് വോയ്‌സ് കമാന്‍ഡ് സംവിധാനത്തിലൂടെ  ടെസ്‌ലയോട് ആവശ്യപ്പെട്ടത്. കാറിന്റെ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് ഫീച്ചര്‍ (FSD) ഉപയോഗിച്ച് ടെസ്‌ല അദ്ദേഹത്തെ ഇതുവരെ പോയിട്ടില്ലാത്ത ഏതെങ്കിലും റെസ്‌റ്റോറന്റില്‍ എത്തിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍ സംഭവിച്ചത് അതല്ല. ടെസ്‌ല അദ്ദേഹത്തെ എതതിച്ചത് ഒരു ജിമ്മിലേക്ക് ആയിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ പോലും മുന്നിലെത്തുകയും ചെയ്തത്. ജെന്‍കിന്‍സിന്റെ ഭാര്യ റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പലപ്പോഴും തമാശ നിറഞ്ഞ ക്ലിപ്പുകള്‍ ദമ്പതികള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തേത്  മസ്‌കിന്റെതന്നെ ശ്രദ്ധ നേടി.

വീഡിയോ X-ല്‍ എത്തിയപ്പോഴാണ് മസ്‌ക് ചിരിക്കുന്ന ഇമോജികൊണ്ട് പ്രതികരിച്ചത്. എന്നാല്‍ ഈ ചിരികൊണ്ട് കാര്യങ്ങള്‍ അവസാനിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാക്ക് ജെന്‍കിന്‍സിന്റെ തമാശ നിറഞ്ഞ പരീക്ഷണം ടെസ്‌ലയുടെ FSD യുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ പരീക്ഷണങ്ങളുടെ പട്ടികയില്‍തന്നെ ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

Content Highlights: tels fsd takes owner to gym