മെറ്റാവേഴ്‌സില്‍ 16 കാരിക്ക് നേരെ ലൈംഗീകാതിക്രമം; അന്വേഷണം ആരംഭിച്ചു

മെറ്റാവേഴ്‌സില്‍ വിര്‍ചല്‍ റിയാലിറ്റി ഗെയിമിനിടെ 16 വയസുള്ള പെണ്‍കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനിലെ അപരിചിതരായ ആളുകള്‍ തന്റെ വിര്‍ച്വല്‍ അവതാറിനെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ ആരോപണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ചുള്ള ഗെയിമിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ കൂട്ടമായ ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയ്ക്ക് ശാരീരികമായ പരിക്കുകളൊന്നും ഇല്ലെങ്കിലും ശാരീരികമായി പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടി കടന്നുപോവുന്ന അതേ വൈകാരികവും മാനസികവുമായ ആഘാതമാണ് പെണ്‍കുട്ടിക്ക് ഉണ്ടായത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലാത്തത് നിയമപാലകര്‍ക്ക് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഹൊറൈസണ്‍ വേള്‍ഡ്‌സ് എന്ന വിആര്‍ ഗെയിം പ്ലാറ്റ്‌ഫോമില്‍ ഇതിനകം പലതവണ വിര്‍ച്വല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളില്‍ പെണ്‍കുട്ടികളുടെ അവതാറുകള്‍ക്ക് നേരെ ലൈംഗികച്ചുവയോടെ സംസാരിക്കുകയും സമീപിക്കുകയും ആംഗ്യങ്ങള്‍ കാണിക്കുകയുമാണ് കുറ്റവാളികള്‍ ചെയ്യുക. ഇത്തരം പെരുമാറ്റങ്ങള്‍ പ്ലാറ്റ്‌ഫോമുകളിലെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം തകര്‍ക്കുന്നതിനൊപ്പം സ്ത്രീകള്‍ക്ക് അത് വലിയ മാനസിക ആഘാതം ഉണ്ടാക്കുന്നു.
ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ സ്ത്രീകള്‍ക്ക് വേണ്ടി 'പേഴ്‌സണല്‍ ബൗണ്ടറി' ഉള്‍പ്പടെ വിവിധ സുരക്ഷാ ഫീച്ചറുകള്‍ മെറ്റ അവതരിപ്പിച്ചിരുന്നു. എന്നാല്‍ യുകെയിലെ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി കളിച്ചിരുന്ന ഗെയിം ഏതാണെന്ന് പോലീസ് വ്യക്തമാക്കിയില്ല.
Content Highlights: teenager gangraped in metavese uk police begin investigation