പാചകവാതക ക്ഷാമം: ടെക്‌നോപാർക്കിന്റെ പ്രവർത്തനത്തേയും ബാധിക്കുന്നു, വർക്ക് ഫ്രം ഹോം പരിഗണിക്കുന്നു

#ടെക്നോളജി ഡെസ്ക്
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിൻഡറുകളുടെ ക്ഷാമം രൂക്ഷമായതോടെ ടെക്‌നോപാർക്ക്, ഹോസ്റ്റലുകൾ എന്നിവയേയും ബാധിച്ചുതുടങ്ങി.

ഒരാഴ്ചയായി വാണിജ്യാവശ്യത്തിനുള്ള സിലിൻഡറുകളുടെ വിതരണം പൂർണമായും നിലച്ചിരിക്കുകയാണെന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്. ആശുപത്രികൾക്കുള്ള സിലിൻഡറുകൾ മാത്രമാണ് കമ്പനികൾ തരുന്നതെന്ന് ഏജൻസികളും പറയുന്നു.

ടെക്‌നോപാർക്കിനകത്തെ കഫടീരിയകൾ പലതും അടച്ചുതുടങ്ങി. കമ്പനികൾ കഫടീരിയകളുടെ കൗണ്ടറുകളുടെ എണ്ണം കുറച്ചു. ഇതോടെ പല കഫടീരിയകൾക്ക് മുന്നിലും ജീവനക്കാരുടെ നിരകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. രണ്ടു ദിവസം പിന്നിടുന്നതോടെ ഭൂരിഭാഗം റസ്റ്ററന്റുകളും ഹോട്ടലുകളും അടയ്ക്കുന്ന സ്ഥിതിയാണെന്നു ടെക്‌നോപാർക്ക് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത് ടെക്‌നോപാർക്കിന്റെ പ്രവർത്തനത്തേയും ബാധിച്ചേക്കാം. കമ്പനികളിൽ പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഭക്ഷണം ഇല്ലാത്ത സ്ഥിതിവന്നാൽ പ്രതിസന്ധിയുണ്ടാകും.

ഇതോടെ വർക്ക് ഫ്രം ഹോമിലേക്ക് കമ്പനികൾ മാറേണ്ട സ്ഥിതിയാണെന്ന് അധികൃതർ പറയുന്നു. അരലക്ഷത്തിലേറെ ജീവനക്കാർ ടെക്‌നോപാർക്കിലുണ്ട്. ഇതിൽ ഭൂരിഭാഗവും താമസിക്കുന്നത് ഹോസ്റ്റലുകളിലും പി.ജി.കളിലുമാണ്.

Content Highlights: A severe shortage of commercial LPG cylinders has paralyzed cafeterias and hostels at Trivandrum Technopark, potentially forcing over 50,000 employees back to Work From Home (WFH) due to lack of food facilities.