AI-യിൽ വൻനിക്ഷേപത്തിന് ടെക് കമ്പനികൾ, വില നൽകുന്നത് ജീവനക്കാർ, 92,000 പേർക്ക് ജോലിപോയി

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഈ വർഷം മെയ് മാസം വരെയുള്ള കണക്കനുസരിച്ച് വൻകിട ടെക് കമ്പനികളിലെ 92,000-ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടെന്ന് മാധ്യമങ്ങൾ. 98 കമ്പനികളിലായി നടന്ന കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നതിനിടെയാണ് കണക്കുകൾ പുറത്തുവരുന്നത്. ഏപ്രിലിൽ മാത്രം 45,800 ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചു. ടെക് കമ്പനി ജീവനക്കാരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം മാസമായി ഇതോടെ ഏപ്രിൽ മാറി. മെറ്റ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ബ്ലോക്ക്, ആമസോൺ, നൈക്കി, ഗോപ്രോ എന്നീ കമ്പനികളിലെല്ലാം പിരിച്ചുവിടൽ നടന്നു. 2022-ലും 2023-ലും മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക സ്ഥിതിയെ ഓർമ്മിപ്പിക്കുന്ന ഒരു കൂട്ട പിരിച്ചുവിടലാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.

കൂട്ടപ്പിരിച്ചുവിടലിന് കാരണമായി എല്ലായിടത്തും പറഞ്ഞുകേൾക്കുന്നത് നിർമിതബുദ്ധി (എഐ) ആണ്. കമ്പനികൾ ഡാറ്റാ സെന്ററുകൾക്കും എഐ ചിപ്പുകൾക്കുമായി ഭീമമായ തുക ചെലവഴിക്കുന്നതിനിടെയാണിത്. വൻ നിക്ഷേപത്തിനുള്ള പണം കണ്ടെത്തേണ്ടതുണ്ട്. അതിനായി ജീവനക്കാരെയാണ് അവർ തിരഞ്ഞെടുക്കുന്നത് എന്ന വിമർശനം ഉയരുന്നുണ്ട്.

ആമസോണിന്റെ പിരിച്ചുവിടലുകളാണ് എല്ലാവരെയും ഞെട്ടിച്ചത്. ഒറ്റയടിക്ക് ആയിരുന്നില്ല പിരിച്ചുവിടൽ. കഴിഞ്ഞ ഒക്ടോബറിൽ അവർ 14,000 ജോലികൾ വെട്ടിച്ചുരുക്കിയിരുന്നു. ജനുവരിയിൽ കമ്പനി ആഗോളതലത്തിൽ ഏകദേശം 16,000 കോർപ്പറേറ്റ് ജോലികൾ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി ആറ് മാസത്തിനുള്ളിൽ 30,000 വൈറ്റ് കോളർ തസ്തികകൾ ഇല്ലാതായി.

മെറ്റയാണ്  കൂട്ടപ്പിരിച്ചുവിടൽ നടപടി സ്വീകരിച്ച മറ്റൊരുവമ്പൻ ടെക് കമ്പനി. 8,000 പേർക്ക് ജോലി നഷ്ടപ്പെട്ടു. അതായത് ലോകമെമ്പാടുമുള്ള ജീവനക്കാരിൽ ഏകദേശം 10 ശതമാനം പേർക്ക്. നിലവിൽ ഒഴിവുള്ള 6,000 തസ്തികകളിലേക്ക് പുതിയ നിയമനങ്ങൾ ഉണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി എഐ മുന്നേറ്റത്തിനായി 135 ബില്യൺ (13,500 കോടി) ഡോളർ മൂലധന നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സ്‌നാപ്ചാറ്റ് മാതൃ കമ്പനിയായ സ്‌നാപ്പ് ഏകദേശം 1,000 ജീവനക്കാരെ കുറയ്ക്കുമെന്നു 300 ഒഴിവുള്ള തസ്തികകൾ നികത്താതെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് കഠിനമായ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിക്കുന്നതിനു പകരം, അവരുടെ യുഎസ് ജീവനക്കാരിൽ ഏകദേശം 7 ശതമാനം പേർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം നൽകി.

ആൽഫബെറ്റ്, മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവ ഈ വർഷം നിർമിതബുദ്ധിക്കായി 674 ബില്യൺ (67,400 കോടി) ഡോളർ മൂലധന നിക്ഷേപം നടത്തുമെന്നാണ് പറയപ്പെടുന്നത്. ഒഴിവാക്കാൻ കഴിയാത്ത ഒരു ആയുധ മത്സരത്തിലാണ് ഇത്തരം വമ്പൻ ടെക് കമ്പനികൾ എന്നുവേണം പറയാൻ. എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നതിലൂടെ മത്സരത്തിൽ മുന്നിലെത്താൻ കഴിയുമെന്ന് വമ്പൻ ടെക് കമ്പനികളെല്ലാം കണക്കുകൂട്ടുന്നു. എഐ നിക്ഷേപത്തിന് മൂലധനം കണ്ടെത്താനുള്ള ഒരു മാർഗ്ഗമായാണ് അവർ ജീവനക്കാരെ ഒഴിവാക്കുന്നതിനെ കാണുന്നത്.

Content Highlights: Over 92,000 tech jobs eliminated by May 2026 due to AI infrastructure costs., Major companies like Meta, Amazon, and Microsoft are sacrificing headcount to fund massive data center expansion., AI is increasingly used as a corporate narrative to justify restructuring and pandemic-era overhiring corrections., Small businesses and tech startups are facing existential threats as AI tools undercut traditional engineering roles., The trend suggests a long-term shift in industry workforce dynamics through 2026 and beyond.