ഡീപ്ഫേക്ക് ഭീഷണി: ശബ്ദവും രൂപവും സംരക്ഷിക്കാൻ നിയമനടപടിയുമായി ടെയ്‌ലർ സ്വിഫ്റ്റ്

#ടെക്നോളജി ഡെസ്ക്
ടെയ്ലർ സ്വിഫ്റ്റ്  | Photo by Evan Agostini/Invision/AP, File
ടെയ്ലർ സ്വിഫ്റ്റ് | Photo by Evan Agostini/Invision/AP, File

നിർമിത ബുദ്ധിയുടെയും ഡീപ്ഫേക്കുകളുടെയും ദുരുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, തന്റെ ശബ്ദവും രൂപവും സംരക്ഷിക്കാൻ അമേരിക്കൻ ട്രേഡ്‌മാർക്ക് അപേക്ഷകൾ നൽകി പ്രശസ്ത പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ്. വ്യാജ പ്രചാരണങ്ങൾ, ക്ലോൺ ചെയ്ത ഓഡിയോകൾ, ഡീപ്ഫേക്ക് വീഡിയോകൾ എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.

സ്വിഫ്റ്റിന്റെ കമ്പനിയായ ടി.എ.എസ്. (TAS) റൈറ്റ്സ് മാനേജ്‌മെന്റ് മുഖേനയാണ് ഈ അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. 'ദി ലൈഫ് ഓഫ് എ ഷോ ഗേൾ' എന്ന ആൽബവുമായി ബന്ധപ്പെട്ട പ്രൊമോഷണൽ വോയ്‌സ് മെസ്സേജുകൾക്കും, പിങ്ക് ഗിറ്റാറുമായി വേദിയിൽ നിൽക്കുന്ന താരത്തിന്റെ ഒരു ചിത്രത്തിനുമാണ് പ്രധാനമായും ട്രേഡ്‌മാർക്ക് പരിരക്ഷ തേടിയിരിക്കുന്നത്.

യഥാർഥ റെക്കോർഡിംഗുകൾ നേരിട്ട് പകർത്താതെ തന്നെ സെലിബ്രിറ്റികളുടെ ശബ്ദമോ രൂപമോ കൃത്യമായി അനുകരിക്കാൻ നൂതന എ.ഐ. ടൂളുകൾക്ക് സാധിക്കും. അതിനാൽ, നിലവിലെ പരമ്പരാഗത പകർപ്പവകാശ നിയമങ്ങൾക്ക് അപ്പുറം കൂടുതൽ നിയമപരിരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് ട്രേഡ്‌മാർക്ക് അറ്റോർണി ജോഷ് ഗെർബെൻ വ്യക്തമാക്കി. ടെയ്‌ലർ സ്വിഫ്റ്റിന് പുറമെ മാത്യു മക്കോനാഗെ, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രമുഖ താരങ്ങളും തങ്ങളുടെ വ്യക്തിത്വം അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയാൻ നേരത്തെ സമാനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കേവലം ഇന്റർനെറ്റ് തമാശകളിൽ നിന്നും മാറി വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനും, തട്ടിപ്പുകൾക്കും, വ്യക്തിത്വഹത്യക്കും ഡീപ്ഫേക്കുകൾ ഉപയോഗിക്കുന്നത് ആഗോള തലത്തിൽ ഇന്ന് വലിയൊരു പ്രതിസന്ധിയാണ്. 2023-ൽ ഇന്ത്യയിൽ രശ്മിക മന്ദാന, പ്രിയങ്ക ചോപ്ര ജോനാസ്, ആലിയ ഭട്ട് തുടങ്ങിയ പ്രമുഖ താരങ്ങളുടെ മുഖവും ശബ്ദവും മാറ്റിയ വ്യാജ വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിലും സർക്കാർ തലത്തിൽ ഡീപ്ഫേക്കിനെതിരായ കർശന നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. 

Content Highlights: Taylor Swift has filed for US trademarks via TAS Rights Management to protect her voice and physical likeness from the rising threats of AI-generated deepfakes and unauthorized audio cloning.