ഇലക്ട്രോണിക്‌സ് ഘടകനിര്‍മാണം: കേന്ദ്രം അംഗീകരിച്ച ഏഴ് പദ്ധതികളില്‍ അഞ്ചും തമിഴ്നാടിന്

പ്രതീകാത്മകചിത്രം  | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ചെന്നൈ: ഇലക്ട്രോണിക്‌സ് ഘടകനിര്‍മാണപദ്ധതി (ഇസിഎംഎസ്) അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഏഴ് പദ്ധതികളില്‍ അഞ്ചും തമിഴ്നാടിന്. മൊത്തം 4271 കോടിരൂപയുടെ പദ്ധതികളാണ് സംസ്ഥാനത്തിന് ലഭിച്ചത്.

സ്മാര്‍ട്ട് ഫോണ്‍, ഡ്രോണ്‍, റോബോട്ട്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ട ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയാണ് ഇസിഎംഎസ്. മൊത്തം 59,350 കോടിരൂപയുടെ നിക്ഷേപമാണ് ഇവയില്‍ പ്രതീക്ഷിക്കുന്നത്. അതിലേക്ക് ഒരുലക്ഷം കോടിരൂപയുടെ അപേക്ഷകള്‍ വന്നു. ആദ്യഘട്ടത്തില്‍ 5532 കോടിയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. അതില്‍ 77 ശതമാനവും തമിഴ്നാട്ടിലാണ്.

എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനുകീഴില്‍ വ്യാവസായികരംഗത്ത് തമിഴ്നാട് കൈവരിക്കുന്ന മുന്നേറ്റത്തിനു തെളിവാണ് ഇതെന്ന് സംസ്ഥാന വ്യവസായമന്ത്രി ടി.ആര്‍.ബി. രാജാ പറഞ്ഞു. ഈ പദ്ധതികളിലൂടെ 3660 തൊഴിലവസരങ്ങളാണ് ലഭിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

മൊത്തം പദ്ധതികളുടെ 30 ശതമാനമാണ് തമിഴ്നാട് പ്രതീക്ഷിക്കുന്നത്. തമിഴ്നാടിന്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാണിക്കുന്ന താത്പര്യത്തിന് തെളിവാണ് ഇതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

Content Highlights: Tamil Nadu secures 5 out of 7 government-approved Electronics Components Manufacturing Scheme (ECMS) projects, totaling ₹4,271 crore. Boost to electronics manufacturing, smartphones, drones & more.