കാട്ടാനകളെ നിരീക്ഷിക്കാനും തുരത്താനും മധുക്കരയിൽ ഡ്രോൺ യൂണിറ്റ്, AI നിയന്ത്രണം, രാജ്യത്ത് ആദ്യം

കോയമ്പത്തൂർ: കാട്ടാനകൾ തീവണ്ടിയിടിച്ച് അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ് ഏർപ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്. നേരത്തേ ആനകളുടെ വരവ് കണ്ടെത്താൻ നിർമിതബുദ്ധികൊണ്ട് പ്രവർത്തിക്കുന്ന ക്യാമറകളും മുന്നറിയിപ്പ് സംവിധാനവും സ്ഥാപിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കാനാണ് ഡ്രോൺസംവിധാനം ഏർപ്പെടുത്തിയതെന്ന് വനംമന്ത്രി ആർ.എസ്. രാജ കണ്ണപ്പൻ പറഞ്ഞു.
8.67 കോടി ചെലവിൽ മധുക്കര വനമേഖലയിൽ മൂന്നിടത്താണ് ഡ്രോൺയൂണിറ്റുകൾ തുടങ്ങിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രോണുകൾ കാട്ടാനകൾ വരുന്നത് 2.5 കിലോമീറ്റർ അകലെനിന്നുതന്നെ കണ്ടെത്തും.
നിലവിലെ എ.ഐ. ക്യാമറകളുടെ പരിധി 500 മീറ്ററാണ്. കാട്ടാനകളുടെ നീക്കം മനസ്സിലാക്കി വനംവകുപ്പിന്റെ കൺട്രോൾറൂമിൽ വിവരം കൈമാറും. തുടർന്ന്, റെയിൽവേ അധികൃതരെ അറിയിച്ച് തീവണ്ടികളുടെ വേഗം കുറയ്ക്കും. ഒപ്പംതന്നെ ലൗഡ് സ്പീക്കറും സർച്ച് ലൈറ്റും ഘടിപ്പിച്ച ഡ്രോണുകൾ പറത്തി ആനകളെ കാട്ടിലേക്ക് തുരത്തുകയും ചെയ്യും.
കാട്ടാനകളെ നിരീക്ഷിക്കാൻ എ.ഐ. നിയന്ത്രിത ഡ്രോൺയൂണിറ്റ് ഉപയോഗിക്കുന്നത് രാജ്യത്തുതന്നെ ആദ്യമാണെന്ന് വനംമന്ത്രി പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയസാഹു ഉൾപ്പെടെയുള്ളവർ മധുക്കരയിൽനടന്ന ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Tamil Nadu Forest Department has launched an AI-powered drone unit in Madukkarai., The primary goal is to prevent train accidents involving wild elephants.