സ്റ്റാർലിങ്കിനെ വിലക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് അനുകൂല സംഘടന; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന്

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ (Elon Musk) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് (Starlink) ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകരുതെന്ന് ആർ.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (SJM) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകുമ്പോൾ ഇന്റർനെറ്റ് സേവനങ്ങൾ തടയാനും സുരക്ഷാ നിരീക്ഷണം നടത്താനും സ്റ്റാർലിങ്കിന്റെ സാങ്കേതികവിദ്യ തടസ്സമാകുമെന്ന് ദേശീയ സഹ കൺവീനർ അശ്വനി മഹാജൻ വ്യക്തമാക്കി.
ഇന്ത്യ വിവിധ ക്രമസമാധാന പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ, ഇന്റർനെറ്റ് അധിഷ്ഠിത സമൂഹമാധ്യമങ്ങൾ പലപ്പോഴും കിംവദന്തികളും ദേശവിരുദ്ധ പ്രചാരണങ്ങളും ആളിക്കത്തിക്കാറുണ്ടെന്നും അശ്വനി മഹാജൻ പറഞ്ഞു.
ഉപഗ്രഹങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുന്ന സ്റ്റാർലിങ്ക് സാങ്കേതികവിദ്യ ഇന്ത്യയിലെ ഡാറ്റ വിദേശ സംവിധാനങ്ങൾ വഴി കടന്നുപോകാൻ വഴിവെക്കുമെന്നും ഇത് നിയമപരമായ നിരീക്ഷണങ്ങൾക്ക് വെല്ലുവിളിയാകുമെന്നും സംഘടന ചൂണ്ടിക്കാണിച്ചു. അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശം പാലിക്കാൻ സ്റ്റാർലിങ്കിന് സാധിച്ചേക്കില്ലെന്നും അവർ ആരോപിക്കുന്നു.
സ്റ്റാർലിങ്കിനെ വിലക്കുന്നത് ഇന്ത്യയുടെ തദ്ദേശീയ സാറ്റലൈറ്റ് ഇന്റർനെറ്റ് ശേഷി വേഗത്തിൽ വികസിപ്പിക്കാൻ അവസരമൊരുക്കുമെന്നും ദേശീയ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കുറഞ്ഞ ചെലവിൽ സേവനം നൽകാൻ ഇതിലൂടെ സാധിക്കുമെന്നും സംഘടന വ്യക്തമാക്കി.
ദേശീയ സുരക്ഷ മുൻനിർത്തി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന താരിഫുകൾ ചുമത്തുന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് ഇതൊരു ശക്തമായ നിലപാടായിരിക്കുമെന്ന് സ്വദേശി ജാഗരൺ മഞ്ച് അഭിപ്രായപ്പെട്ടു. മുകേഷ് അംബാനിക്കെതിരായ ആരോപണങ്ങളിലൂടെ സർക്കാരിൽ പൊതുജനസമ്മർദ്ദം ചെലുത്താനാണ് ഇലോൺ മസ്ക് ശ്രമിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.
നിലവിൽ സ്റ്റാർലിങ്ക്, റിലയൻസ് ജിയോ, യൂടെൽസാറ്റ് വൺവെബ് (Eutelsat OneWeb) എന്നിവയ്ക്ക് പ്രാഥമിക ലൈസൻസുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷമേ അന്തിമ അനുമതി ലഭിക്കൂ എന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
മുകേഷ് അംബാനിക്കതിരെ പരസ്യ വിമർശനം നടത്തിയ മസ്ക്
സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ ഭരണകൂടത്തിനെതിരെയും റിലയൻസ് ജിയോയ്ക്കെതിരെയും രൂക്ഷവിമർശനവുമായി ഇലോൺ മസ്ക് രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു.
ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കുന്നത് വൈകുന്നതിന് പിന്നിൽ വിപണിയിലെ കുത്തക നിലനിർത്താൻ ശ്രമിക്കുന്ന ചില ശതകോടീശ്വരന്മാരാണെന്ന് മസ്ക് പരസ്യമായി ആരോപിച്ചു. ഇതിന് പിന്നാലെയാണ് അംബാനിയാണോ ഇന്ത്യയിലെ യഥാർത്ഥ ബോസ്? എന്ന ചോദ്യവും ‘എക്സി’ൽ മസ്ക് ഉയർത്തി.
ഇന്ത്യയിലെ ടെലികോം വിപണിയിൽ ആധിപത്യമുള്ള റിലയൻസ് ജിയോയ്ക്ക് എസ്.ഇ.എസുമായി (SES) ചേർന്ന് സ്വന്തമായി സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമുണ്ടെന്നതും ശ്രദ്ധേയമാണ്.
എന്നാൽ, പക്ഷപാതപരമായ നിലപാടുകൾ നനടപ്പാക്കുന്നുവെന്ന മസ്കിന്റെ ആരോപണം കേന്ദ്ര സർക്കാർ തള്ളി. സ്റ്റാർലിങ്ക്, റിലയൻസ് ജിയോ, ഭാരതി പിന്തുണയുള്ള യൂടെൽസാറ്റ് വൺവെബ് എന്നീ മൂന്ന് കമ്പനികൾക്കും പ്രാഥമിക ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും ഇവ മൂന്നും സുരക്ഷാ പരിശോധനകളുടെ സമാന ഘട്ടത്തിലാണെന്നും സർക്കാർ വ്യക്തമാക്കുകയുണ്ടായി.
Content Highlights: The RSS-affiliated Swadeshi Jagaran Manch has urged the central government to deny commercial operating licenses to Elon Musk's Starlink, citing severe national security risks, law enforcement monitoring challenges, and potential data vulnerabilities.