ഗൂഗിളിൽ 75% കോഡിങ്ങും ചെയ്യുന്നത് നിർമിതബുദ്ധി; മനുഷ്യർ എന്താണവിടെ ചെയ്യുന്നത്?

നിർമിതബുദ്ധി സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ് മേഖലയിൽ വലിയ സ്വാധീനമുണ്ടാക്കുമെന്ന പ്രവചനങ്ങൾ നേരത്തെതന്നെയുണ്ട്. മനുഷ്യരുടെ ജോലി അത് കൈയടക്കുമെന്ന ആശങ്കയുമുണ്ടായി. എന്നാൽ, നിലവിൽ സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ് രംഗത്ത് എ.ഐ.യുടെ കടന്നുവരവ് എത്രത്തോളം വ്യാപകമായിട്ടുണ്ട് എന്നുള്ളതിന്റെ വ്യക്തമായ വിവരങ്ങളാണ് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ നൽകുന്നത്. ഗൂഗിളിൽ ഇപ്പോൾ എഴുതപ്പെടുന്ന പുതിയ കോഡുകളിൽ 75 ശതമാനവും എ.ഐ. ആണ് തയ്യാറാക്കുന്നതെന്ന് സി.ഇ.ഒ. സുന്ദർ പിച്ചൈ വ്യക്തമാക്കി. എ.ഐ. തയ്യാറാക്കുന്ന ഈ കോഡുകൾ പരിശോധിച്ച് അംഗീകാരം നൽകുക എന്നതാണ് ഇപ്പോൾ മനുഷ്യരായ എൻജിനീയർമാരുടെ പ്രധാന ചുമതല. വെറും കുറച്ചു മാസങ്ങൾക്കുമുമ്പ് വരെ എ.ഐ.യുടെ കോഡിങ് പങ്കാളിത്തം 50 ശതമാനമായിരുന്നുവെന്നത് ഈ മാറ്റത്തിന്റെ വേഗത വ്യക്തമാക്കുന്നു.
ജോലികൾ മാറുകയാണ്, എൻജിനീയർമാർ ഗൂഗിളിൽ ചെയ്യുന്നതെന്ത്?
മുമ്പ് ഡെവലപ്പർമാരുടെ വലിയ സംഘങ്ങൾ ഓരോ വരി കോഡും എഴുതുകയും പരിശോധിക്കുകയും ചെയ്തിരുന്ന സ്ഥാനത്ത്, ഇപ്പോൾ എ.ഐ. ഏജന്റുകൾക്ക് ടാസ്ക്കുകൾ നൽകി മേൽനോട്ടം വഹിക്കുന്ന റോളിലേക്ക് അവർ മാറിയിരിക്കുകയാണ്. ഒന്നിലധികം എ.ഐ. ഏജന്റുകൾ ഒരേസമയം സമാന്തരമായി ഒരു പ്രോജക്ടിന്റെ വിവിധ ഭാഗങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, എൻജിനീയർമാർ അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും ആവശ്യമുള്ളപ്പോൾ മാത്രം പ്രക്രിയയിൽ ഇടപെടുകയും ചെയ്യുന്നു.
ഈ പുതിയ രീതി പ്രവർത്തനങ്ങളിൽ വലിയ വേഗതയാണ് കൊണ്ടുവന്നിരിക്കുന്നത്. സങ്കീർണ്ണമായ ഒരു കോഡ് മൈഗ്രേഷൻ പ്രോജക്ട് മുമ്പത്തേക്കാൾ ആറ് മടങ്ങ് വേഗത്തിലാണ് പൂർത്തിയാക്കിയതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. മാക് ഒ.എസിനായുള്ള (macOS) കമ്പനിയുടെ ജെമിനി ആപ്പ് കേവലം കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് ഒരു പ്രോട്ടോടൈപ്പായി വികസിപ്പിച്ചെടുത്തത്. ഈ ഡെവലപ്‌മെന്റ് പ്രക്രിയകൾക്ക് കരുത്തുപകരുന്നത് ബിഗ്‌ടേബിൾ (Bigtable), കസ്റ്റം ടി.പി.യു. (TPUs) തുടങ്ങിയ ഗൂഗിളിന്റെതന്നെ ഇൻഫ്രാസ്ട്രക്ചറുകളാണ്.
തൊഴിൽ മേഖലയിലെ ആശങ്കകൾ
എ.ഐ.യുടെ ഈ അതിവേഗത്തിലുള്ള പ്രവർത്തനക്ഷമത ഭാവിയിൽ വളരെ കുറച്ച് എൻജിനീയർമാർ മാത്രം മതിയെന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്. കോഡിങ്, കണ്ടന്റ് ക്രിയേഷൻ, ലീഡർഷിപ്പ് തുടങ്ങിയ മേഖലകളിൽ വലിയ സംഘങ്ങളുടെ ആവശ്യകത എ.ഐ. കുറച്ചേക്കാമെന്ന് മുൻ ഗൂഗിൾ എക്സിക്യൂട്ടീവ് മോ ഗൗഡത്ത് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
മെറ്റ അടുത്തിടെ കമ്പനി മേധാവിയായ മാർക്ക് സക്കർബർഗിന്റെ ഒരു എ.ഐ. അവതാർ നിർമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജീവനക്കാരുമായുള്ള ദൈനംദിന സമ്പർക്കം എളുപ്പമാക്കുന്നതിനുവേണ്ടി വികസിപ്പിച്ച എ.ഐ. ഏജന്റ് ആണിത്. സി.ഇ.ഒ. തലത്തിൽവരെ എ.ഐ. കടന്നുകയറിയെന്നതിന്റെ തെളിവാണിത്.
ആമസോണും മെറ്റയും ഉൾപ്പെടെ വൻകിട കമ്പനികൾ കൂട്ടപ്പിരിച്ചുവിടലുകൾ നടത്തുന്നതും ഈ സാഹചര്യത്തിലാണെന്ന് ഓർമിക്കണം. മുമ്പ് സാമ്പത്തിക തീരുമാനങ്ങളുടെ പേരിലുണ്ടാകുന്ന കൂട്ടപ്പിരിച്ചുവിടലുകളിൽ പിന്നീടെപ്പോഴെങ്കിലും നിയമനങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന പിരിച്ചുവിടലുകൾക്ക് പകരം പിന്നീട് നിയമനം നടക്കുമെന്ന പ്രതീക്ഷ കുറയുകയാണ്. കാരണം എ.ഐ.യുടെ വരവാണ് ഈ കൂട്ടപ്പിരിച്ചുവിടലുകൾക്ക് പിന്നിലെന്നാണ് പറയപ്പെടുന്നത്.
Content Highlights: Google CEO Sundar Pichai revealed that 75% of the company's new code is now generated by AI, shifting the role of human engineers from manual coding to oversight and verification.