സ്റ്റുഡിയോ ജിബ്ലി; മാറ്റത്തിന്റെ മരുക്കാറ്റ്

സ്റ്റുഡിയോ ജിബ്ലി, ചാറ്റ് ജി പിടിയുടെ പുതിയ പതിപ്പ് പുറത്തുവന്ന് ദിവസങ്ങള്‍ക്കകം സാമൂഹികമാധ്യമങ്ങള്‍ കീഴടക്കിയ പേരാണിത്. ജിബ്ലി രൂപങ്ങള്‍ സ്റ്റോറികളിലും റീലുകളിലും നിറയുമ്പോള്‍ സ്റ്റുഡിയോ ജിബ്‌ലിയും അവരുടെ സിനിമകളും ഒപ്പം ഹയാവോ മിയാസാക്കിയും മറവിയുടെ മൂടുപടം വലിച്ചുകീറി പുറത്തുവന്നിരിക്കുന്നു.
മാറ്റത്തിന്റെ മരുക്കാറ്റ്
1985-ല്‍ മിയാസാക്കി, ഇസാവോ തകഹാട്ട, തോഷിയോ സുസുകി എന്നിവര്‍ ചേര്‍ന്നാണ് സ്റ്റുഡിയോ ജിബ്ലി സ്ഥാപിച്ചത്. 'ചൂടുമരുക്കാറ്റ്' എന്നര്‍ഥമുള്ള 'ജിബ്ലി' എന്ന പേര് തിരഞ്ഞെടുത്തത് സഹസ്ഥാപകനായ മിയാസാക്കി തന്നെയാണ്. ജാപ്പനീസ് അനിമേഷന്‍ മേഖലയില്‍ മാറ്റത്തിന്റെ കാറ്റാകും പുതിയ സ്റ്റുഡിയോ എന്നദ്ദേഹം പ്രവചിച്ചു. ആദ്യമൊക്കെ അതിമോഹമെന്ന് കരുതിയിരുന്നെങ്കിലും അധികം വൈകാതെ പറഞ്ഞതും അതിനപ്പുറവും മിയാസാക്കിയും സംഘവും സാധിച്ചെടുത്തു.
'അനിമേ' എന്നറിയപ്പെടുന്ന ജാപ്പനീസ് അനിമേഷന്‍ വ്യവസായത്തെയും ജാപ്പനീസ് സിനിമകളെത്തന്നെയും ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജിബ്ലി വഹിച്ച പങ്ക് ചെറുതല്ല. കുട്ടികള്‍ക്കുവേണ്ടി മാത്രമുള്ളതെന്നും ജപ്പാന്‍കാര്‍ക്ക് മാത്രം ആസ്വദിക്കാന്‍ സാധിക്കുമെന്നും കരുതിയ അനിമേയെ ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായ കലാസൃഷ്ടിയാക്കിമാറ്റിയത് സ്റ്റുഡിയോ ജിബ്ലിയുടെ സിനിമകളാണ്. എല്ലാ സിനിമകളിലും ജീവിതപാഠങ്ങളും കുട്ടിക്കാലത്തിന്റെ അദ്ഭുതങ്ങളും അവ ഒളിപ്പിച്ചുവെച്ചിരുന്നു.
സ്പിരിറ്റഡ് എവേ
ജിബ്ലി സിനിമകളെക്കുറിച്ച് പറയുമ്പോള്‍ 2001 ജൂലായ് 20-ന് ജപ്പാനിലെ തിയേറ്ററുകളിലെത്തിയ 'സ്പിരിറ്റഡ് എവേ'യെക്കുറിച്ച് പറയാതിരിക്കാനാകില്ല. ജാപ്പനീസ് അനിമേഷന്റെ തലവരമാറ്റിയ സിനിമയായിരുന്നു അത്. ആളൊഴിഞ്ഞ ഒരു തീംപാര്‍ക്കില്‍വെച്ച് വഴിതെറ്റി ദൈവങ്ങളുടെയും ആത്മാക്കളുടെയും ലോകത്തെത്തിപ്പെട്ട 10 വയസ്സുകാരി ചിഹിറോയുടെ കഥയാണ് സ്പിരിറ്റഡ് എവേ. ശാപം കാരണം പന്നികളായി മാറിയ അച്ഛനമ്മമാരെ രക്ഷിക്കാന്‍ ചിഹിറോ നടത്തുന്ന പ്രയത്‌നമാണ് സിനിമ പറയുന്നത്.
ജപ്പാന്റെ മാസ്മരിക മിത്തുകളും മിയാസാക്കിയുടെ മനംമയക്കുന്ന ചിത്രങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ ഈ സിനിമ ഒരു മാസ്റ്റര്‍പീസായി. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അത്, മികച്ച അനിമേഷന്‍ ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് ഇതര സിനിമയുമായി. പിന്നീടും പല ജിബ്ലി സിനിമകളും ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ചാറ്റ് ജിപിടി ജനറേറ്റ് ചെയ്യുന്ന ജിബ്ലി ഇമേജുകള്‍ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും സ്റ്റുഡിയോ ജിബ്ലിയുടെ സിനിമകള്‍ കാണാന്‍ മറക്കരുത്. മൈ നെയ്ബര്‍ ടൊട്ടോരോ, പോണിയോ, ഹൗള്‍സ് മൂവിങ് കാസില്‍, ദ് ബോയ് ആന്‍ഡ് ദ് ഹെറോണ്‍, പ്രിന്‍സസ് മൊണൊണോക്കെ എന്നിങ്ങനെ പോകുന്നു അവ.
Content Highlights: Studio Ghibli a Japanese Animation Legacy