നാളത്തെ മെസ്സിയാര്? മികച്ച താരങ്ങളെ കണ്ടെത്താനും എഐ

കൊച്ചി: 'വേഗത്തിന്റെ പുതിയ കാലത്ത് കളിക്കളത്തിലെ നാളത്തെ താരങ്ങളെ കണ്ടെത്താന്‍ ഞങ്ങള്‍ ഉപയോഗിക്കുന്നത് എ.ഐ.യുടെ സേവനം'- നിര്‍മിതബുദ്ധിയുടെ കരുത്തില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചു പറയുകയാണ് സെവിയ ഫുട്‌ബോള്‍ ക്ലബ്ബ് ഡേറ്റാ വിഭാഗം മേധാവി ഡോ. ഏലിയാസ് സമോറ. കൊച്ചിയില്‍ ആരംഭിച്ച എ.ഐ. കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.
സ്‌പെയിനിലെ ഏറ്റവും പഴയ ക്ലബ്ബാണ് സെവിയ. 'ലോകം ഒരു ഗ്രാമമായി പരിണമിച്ചുകഴിഞ്ഞു. വിദൂരമായ വന്‍കരകളില്‍ നടക്കുന്ന കായികമത്സരങ്ങള്‍ കാണാന്‍ വീട്ടില്‍ ആളുകള്‍ ടി.വി.ക്കു മുന്നില്‍ കാത്തിരിക്കുന്നു. ഓരോ കളിക്കളത്തിലും പോയി കളിക്കാരെ തിരഞ്ഞെടുക്കുന്ന രീതി ഇന്ന് മാറിയിട്ടുണ്ട്. മനുഷ്യര്‍ ടീമിലേക്ക് ആളെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിന് ഏറെ സമയം വേണം. ചിലര്‍ വീഡിയോകള്‍ കണ്ട് ആളെ വിലയിരുത്തുന്നു. പക്ഷേ, ലക്ഷക്കണക്കിന് ഡേറ്റയില്‍ നിന്നാണ് ജനറേറ്റീവ് എ. ഐ. ആളുകളെ തിരഞ്ഞെടുക്കുന്നത്. കണക്കുകള്‍ പിഴയ്ക്കാറില്ല. വേഗവും കൃത്യതയും കരുത്തുമാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ഉയരം, തൂക്കം, അടിച്ച ഗോളുകള്‍, പാഴാക്കിയ അവസരങ്ങള്‍, പെനാല്‍റ്റി കിക്കുകള്‍, കോര്‍ണര്‍ കിക്കുകള്‍, സ്റ്റാമിന എന്നിവയെല്ലാം കണക്കാക്കും - അദ്ദേഹം പറഞ്ഞു.
ഐ.ബി.എമ്മിന്റെ വാട്‌സോണ്‍ എക്‌സുമായി ചേര്‍ന്നാണ് ഫുട്‌ബോള്‍ രംഗത്ത് എ.ഐ. സാധ്യതകള്‍ തേടുന്നത്. ഇതിനായി ഫുട്‌ബോള്‍ രംഗത്ത് സ്‌പെഷ്യലൈസ് ചെയ്ത എ.ഐ. സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.
കേരളത്തില്‍നിന്ന് താരങ്ങള്‍ വരുമോ എന്ന ചോദ്യത്തിനു മറുപടിയായി ഡോ. ഏലിയാസ് സമോറ പുഞ്ചിരിച്ചു - 'ഞങ്ങള്‍ക്ക് ആഗോളതലത്തില്‍ സാന്നിധ്യമുണ്ട്. എല്ലാ രാജ്യങ്ങളിലെയും മിടുക്കരായ കളിക്കാരെ വേണം'.
Content Highlights: Spanish football giant Sevilla FC using GenAI