ഓരോ മണിക്കൂറിലും സ്റ്റാർഷിപ്പ് വിക്ഷേപണം, മൂന്ന് വർഷത്തിനകം സാധ്യമാകുമെന്ന് മസ്‌ക്; ലക്ഷ്യമിടുന്നതെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
സ്റ്റാര്‍ഷിപ്പ് ഫ്‌ളൈറ്റ് 14-ന്റെ വിവിധ ഘട്ടങ്ങള്‍ | Screengrab
സ്റ്റാര്‍ഷിപ്പ് ഫ്‌ളൈറ്റ് 14-ന്റെ വിവിധ ഘട്ടങ്ങള്‍ | Screengrab

ഓരോ മണിക്കൂർ ഇടവേളയിലും ഓരോ സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം നടത്താൻ കഴിയുംവിധം മുന്നേറുക എന്നതാണ് സ്‌പേസ് എക്‌സിന്റെ ലക്ഷ്യമെന്ന് ഇലോൺ മസ്‌ക്. സ്റ്റാർഷിപ്പിനെ അതിവേഗം പുനരുപയോഗിക്കാവുന്ന ഒരു വിക്ഷേപണ സംവിധാനമാക്കി മാറ്റുക എന്നതാണ് സ്‌പേസ്എക്‌സിന്റെ ദീർഘകാല ലക്ഷ്യം.

ഭാവിയിൽ മണിക്കൂറിൽ ഒന്ന് എന്ന നിലയിൽ റോക്കറ്റ് വിക്ഷേപണം നടത്താൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിൽ അവകാശപ്പെട്ടു. ചരിത്രം കുറിച്ച സ്റ്റാർഷിപ്പ് ഫ്‌ളൈറ്റ് 14-ന് തൊട്ടുമുമ്പാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. മണിക്കൂറിലൊരിക്കൽ വിക്ഷേപണങ്ങൾ സാധ്യമാകാൻ സ്റ്റാർഷിപ്പിന് രണ്ട് മുതൽ മൂന്ന് വർഷം വരെ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

ഭ്രമണപഥം കീഴടക്കി സ്റ്റാർഷിപ്പ്

സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണദൗത്യത്തിൽ ചരിത്രനേട്ടം കൈവരിച്ച് സ്പെയ്‌സ് എക്‌സ്. ഇലോൺ മസ്‌കിന്റെ സ്‌പെയ്‌സ്എക്‌സ് വികസിപ്പിച്ച ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റ് 'സ്റ്റാർഷിപ്പ്' ആദ്യമായി ഭ്രമണപഥത്തിലെത്തി.

ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട് 6.20-ന് ടെക്‌സസിലെ സ്റ്റാർബേസിൽനിന്നായിരുന്നു വിക്ഷേപണം. കുതിച്ചുയർന്ന് രണ്ടരമിനിറ്റിൽ സ്റ്റാർഷിപ്പിൽനിന്ന് വേർപെട്ട ആദ്യഘട്ട സൂപ്പർ ഹെവി ബൂസ്റ്റർ ഏഴാം മിനിറ്റിൽ മെക്‌സിക്കൻ ഉൾക്കടലിൽ പതിച്ചു. ഈ ദൗത്യത്തിൽ ഹെവി ബൂസ്റ്റർ ഘട്ടത്തെ സുരക്ഷിതമായി വീണ്ടെടുക്കാൻ സ്‌പെയ്‌സ് എക്‌സിന് പദ്ധതിയുണ്ടായിരുന്നില്ല.

തുടർന്ന് രണ്ടാംഘട്ടമായ സ്റ്റാർഷിപ്പ് പേടകം ഭൂമിയുടെ 275 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥം ലക്ഷ്യമാക്കി യാത്രതിരിച്ചു. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചാരം. 10 മണിക്കൂർ നീളുന്ന പരീക്ഷണദൗത്യത്തിൽ ആറുതവണ ഭൂമിയെ ചുറ്റാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്‌പെയ്‌സ്എക്‌സ് ആ പദ്ധതി ഉപേക്ഷിച്ചു. ആറുഭ്രമണമെന്നത് മൂന്നാക്കി കുറച്ചു. മൂന്ന് മണിക്കൂറോളം ഭ്രമണപഥത്തിൽ സഞ്ചരിച്ചശേഷം പേടകം ചിലിക്കുപടിഞ്ഞാറ് ശാന്തസമുദ്രത്തിൽ പതിച്ചു. ദൗത്യത്തിന്റെ ഭാഗമായി സ്പെയ്‌സ്എക്‌സിന്റെ 26 പുതുതലമുറ സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളും സ്റ്റാർഷിപ്പ് ഭ്രമണപഥത്തിലെത്തിച്ചു.

ആർടെമിസ് ദൗത്യത്തിന് സജ്ജമായി സ്‌പെയ്‌സ് എക്‌സ്

സ്റ്റാർഷിപ്പിനെ ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചതിലൂടെ, ബഹിരാകാശസഞ്ചാരികളെ ചൊവ്വയിൽ ഇറക്കാനുള്ള നാസയുടെ ആർടെമിസ് ദൗത്യത്തിന് സജ്ജമാണെന്ന് തെളിയിക്കാൻ സ്‌പെയ്‌സ് എക്‌സിന് കഴിഞ്ഞു. ആർടെമിസ് 3 ദൗത്യത്തിൽ സ്റ്റാർഷിപ്പും ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ വികസിപ്പിക്കുന്ന ലൂണാർ പേടകവും പങ്കാളികളാകും. തുടർന്ന് 2028-ൽ നടക്കുന്ന ആർടെമിസ് 4 ദൗത്യത്തിൽ ചന്ദ്രനിൽ എത്തിച്ചേരാൻ ആയിരിക്കും ലക്ഷ്യമിടുന്നത്. അത് സാധ്യമാക്കുകയും ബഹിരാകാശ സഞ്ചാരികളെ എത്തിക്കുകയും ചെയ്യും.

Content Highlights: Elon Musk predicts hourly Starship flights within 2 to 3 years., Starship Flight 14 is scheduled for Monday, September 28., Flight 14 is set to carry the first batch of Starlink V3 satellites.