ചന്ദ്രനിൽ ഒരു നഗരം: മസ്‌കിന്റെ പദ്ധതി 10 വർഷത്തിനുള്ളിൽ സാധ്യമോ? വെല്ലുവിളികൾ ഇവയാണ്

ചൊവ്വയിൽ മനുഷ്യന് ഒരു വാസസ്ഥലം നിർമിക്കാനുള്ള പദ്ധതി തത്കാലത്തേക്ക് മാറ്റിവെക്കുകയാണെന്ന് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ചൊവ്വ പദ്ധതികൾ സ്‌പേസ് എക്‌സ് ഉപേക്ഷിച്ചിട്ടില്ലെങ്കിലും ചന്ദ്രനിൽ ഒരു നഗരം സൃഷ്ടിക്കുക എന്നതിനാണ് ആദ്യ പരിഗണനയെന്ന് മസ്‌ക് പറയുന്നു. ചൊവ്വയിലെ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് സുദീർഘമായ സമയം വേണ്ടിവരും. എന്നാൽ പത്ത് വർഷംകൊണ്ട് ചന്ദ്രനിൽ ഒരു നഗരം നിർമിക്കാനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കുന്നതിന് കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാൽ ചന്ദ്രൻ കൂടുതൽ പ്രായോഗികമായ ആദ്യ ലക്ഷ്യമാണെന്നുമാണ് മസ്‌കിന്റെ വാദം.
നാസയുടെ ആർട്ടമിസ് ദൗത്യമടക്കം വിവിധ ബഹിരാകാശ ഏജൻസികൾ ചന്ദ്രോപരിതലത്തിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് മസ്‌കിന്റെ പ്രഖ്യാപനം. സ്‌പേസ്എക്‌സും 2027-ഓടെ മനുഷ്യരില്ലാത്ത ചന്ദ്രയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. താമസ കേന്ദ്രങ്ങൾ, സപ്ലേ ലാൻഡറുകൾ, താത്കാലിക ബേസുകൾ തുടങ്ങിയവ മതിയായ ധനലഭ്യതയും വിജയകരമായ സ്റ്റാർഷിപ്പ് ഫ്‌ളൈറ്റുകളും ഉണ്ടെങ്കിൽ പത്ത് വർഷത്തിനകം സ്ഥാപിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ചന്ദ്രനിൽ ഒരു നഗരം സ്ഥാപിക്കുക എന്നത് സ്‌പേസ് എക്‌സിന് വെല്ലുവിളി ആയിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. റോക്കറ്റ് വിക്ഷേപണങ്ങൾക്കപ്പുറം സങ്കീർണമായ എൻജിനിയറിങ് വൈദ്യഗ്ധ്യവും മനുഷ്യന്റെ അതിജീവനം നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതും പത്ത് വർഷംകൊണ്ട് പൂർത്തിയാക്കുക എന്നത് എളുപ്പമാവില്ലെന്നും അവർ പറയുന്നു. ചന്ദ്രനിൽ ഒരു നഗരം സൃഷ്ടിക്കുന്നതിലെ പ്രധാന വെല്ലുവിളികൾ ഇവയാണ്:
റേഡിയേഷൻ; കാൻസർ സാധ്യത
ചന്ദ്രന് കാന്തികക്ഷേത്രമോ കട്ടിയുള്ള അന്തരീക്ഷമോ ഇല്ലാത്തതിനാൽ ഉപരിതലം കോസ്മിക് വികിരണങ്ങൾക്കടക്കം നേരിട്ട് വിധേയമാകുന്നു. ഇവയുമായുള്ള ദീർഘകാല സമ്പർക്കം കാൻസർ, ഡിഎൻഎ കേടുപാടുകൾ, നാഡീപരമായ പ്രശ്‌നങ്ങൾ എന്നിവയുടെ അപകടസാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. സ്ഥിരമായ വാസസ്ഥലത്തെ മനുഷ്യവാസം ഇത് അപകടകരമാക്കുന്നു. മണ്ണിനടിയിൽ 2-3 മീറ്റർ ആഴത്തിൽ താമസസ്ഥലങ്ങൾ നിർമ്മിക്കുക എന്നതാണ് ഇതിന് ഏറ്റവും പ്രായോഗികമായ പരിഹാരം. ഇങ്ങനെ ചെയ്താൽ ഭൂമിയുടെ അന്തരീക്ഷത്തിൽ ലഭിക്കുന്നതിന് സമാനമായ രീതിയിൽ റേഡിയേഷനിൽനിന്ന് സംരക്ഷണം ലഭിക്കും. പക്ഷെ ഇത്തം നിർമാണത്തിന് വ്യാവസായികാടിസ്ഥാനത്തിലുള്ള റോബോട്ടിക് ഖനനം, മനുഷ്യ സഹായമില്ലാതെ സ്വയം പ്രവർത്തിക്കുന്ന നിർമ്മാണ സംവിധാനങ്ങൾ, പ്രതികൂല സാഹചര്യങ്ങളിലും പ്രവർത്തിക്കുന്ന യന്ത്രങ്ങൾ എന്നിവ ആവശ്യമാണ്.
ചന്ദ്രനിലെ പൊടി ഉയർത്തുന്ന വെല്ലുവിളി
ചന്ദ്രനിലെ പൊടി നേരിടാൻ ഏറ്റവും ബുദ്ധിമുട്ടായേക്കാവുന്ന വെല്ലുവിളികളിൽ ഒന്നാണ്. സ്യൂട്ടുകൾ, ഉപകരണങ്ങൾ, താമസസ്ഥലങ്ങളുടെ സീലുകൾ എന്നിവയിലെല്ലാം ഈ പൊടി പറ്റിപ്പിടിക്കം. അപ്പോളോ ബഹിരാകാശ യാത്രികർക്ക് ചെറിയ യാത്രയിൽ പോലും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും, ഫിൽട്ടറുകൾ അടയ്ക്കുകയും, ശ്വാസകോശത്തെ ബാധിക്കുകയും യന്ത്ര തകരാറുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ചന്ദ്രനിൽ നഗരം വികസിപ്പിക്കുമ്പോൾ വാസസ്ഥലങ്ങളിൽ നിരന്തരമായ പൊടി മലിനീകരണം വലിയ പ്രശ്‌നമായി മാറും. ഇതിനെ നേരിടാൻ പ്രത്യേകം തയ്യാറാക്കിയ പൊടി ലഘൂകരണ സംവിധാനങ്ങൾ, സീൽ ചെയ്ത സഞ്ചാര ഇടനാഴികൾ, നൂതന ഫിൽട്ടറേഷൻ, എന്നിവ ആവശ്യമാണ്. ശക്തമായ പൊടി നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതെ ദീർഘകാല മനുഷ്യവാസം അസാധ്യമായി മാറും.
കുറഞ്ഞ ഗുരുത്വാകർഷണം
ചന്ദ്രന്റെ ഗുരുത്വാകർഷണം ഭൂമിയുടെ ആറിലൊന്നാണ്. അത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്നതിന്റെ ദീർഘകാല ജൈവ ഫലങ്ങൾ ശാസ്ത്രലോകം ഇപ്പോഴും വേണ്ടത്ര മനസിലാക്കിയിട്ടില്ല. അസ്ഥികളുടെ സാന്ദ്രത കുറയുക, പേശികളുടെ ബലഹീനത, ഹൃദയ സംബന്ധമായ തകരാറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്. ഇവയെല്ലാം കാലക്രമേണ രൂക്ഷമാകുകയും ചെയ്യും. ഇതുകൂടാതെ ചന്ദ്രന്റെ ഗുരുത്വാകർഷണത്തിൽ കുട്ടികൾക്ക് സാധാരണ രീതിയിൽ വളരാൻ കഴിയുമോ എന്നതിനെക്കുറിച്ച് ഡാറ്റ ലഭ്യമല്ല. പ്രത്യുത്പാദനം, വളർച്ച, ദീർഘകാല ജനസംഖ്യാ സുസ്ഥിരത എന്നിവയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണിത്. ഈ ഫലങ്ങൾ മാസങ്ങളല്ല, വർഷങ്ങളെടുത്ത് പഠിക്കാതെ ചന്ദ്രനിൽ വാസസ്ഥലം നിർമിക്കുക അപകടകരമായിരിക്കും.
അതിജീവനവും ഭക്ഷ്യോത്പാദനവും
ഓക്‌സിജൻ ഉത്പാദനം, പൂർണ്ണമായ ജല പുനരുപയോഗ സംവിധാനങ്ങൾ, മാലിന്യ സംസ്‌കരണം, കൃത്രിമ വെളിച്ചത്തിലുള്ള ഭക്ഷ്യോത്പാദനം എന്നിവയെല്ലാം ചന്ദ്രനിലെ നഗരത്തിൽ ആവശ്യമായിവരും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സമാനമായ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും ഭൂമിയിൽ നിന്നുള്ള സപ്ലേയും പിന്തുണയും ആശ്രയിച്ചാണ് അതെല്ലാം ചെയ്യുന്നത്. നൂറുകണക്കിന് പേർക്കുവേണ്ടി ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നത് വെല്ലുവിളിയാണ്. ചന്ദ്രനിൽ ഏതെങ്കിലും സംവിധാനം ദീർഘകാലത്തേക്ക് തകരാറിലായാൽ കാര്യങ്ങൾ കൈവിട്ടുപോകും. അപകട ഘട്ടങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തന സൗകര്യങ്ങൾ ലഭ്യമല്ലാതെവന്നാൽ അതിന്റെ ഫലം മാരകമായിരിക്കും.
ഊർജ ഉത്പാദനവും സംഭരണവും
ഭൂമിയിലെ ഏകദേശം 14 ദിവസത്തോളം നീണ്ടുനിൽക്കുന്ന രാത്രികൾ ചന്ദ്രനിലുണ്ട്. ഈ സമയത്ത് സൗരോർജ്ജം ലഭ്യമല്ല. ഇത് വലിയ തോതിലുള്ള ഊർജ്ജ സംഭരണ സംവിധാനങ്ങളോ ആണവോർജ്ജമോ അത്യാവശ്യമാക്കി മാറ്റുന്നു. ഈ രണ്ട് ഓപ്ഷനുകൾ പരിഗണിച്ചാലും ഭാരമേറിയ വസ്തുക്കൾ ചന്ദ്രോപരിതലത്തിൽ എത്തിക്കേണ്ടിവരും. ഇതിന്റെ അപകട സാധ്യതയും, രാഷ്ട്രീയ പ്രശ്‌നങ്ങളും മറ്റ് വെല്ലുവിളികളാണ്. ഊർജ്ജ സംവിധാനങ്ങൾ തകരാറിലാകില്ലെന്ന് ഉറപ്പാക്കേണ്ടിവരും. കാരണം അത്തരത്തിലുള്ള തകരാറുകൾ ചൂട്, ജീവൻ നിലനിർത്തുന്നതിനുള്ള സംവിധാനങ്ങൾ, ആശയവിനിമയം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കും. സ്ഥിരതയുള്ള ദീർഘകാല ഊർജ്ജ സ്രോതസുകൾ ഇല്ലാതെ സുസ്ഥിരമായ വാസസ്ഥലം നിർമിക്കൽ പ്രായോഗികമാകില്ല.
ഗതാഗതം, ലോജിസ്റ്റിക്‌സ്, നിർമ്മാണം
സ്റ്റാർഷിപ്പ് പോലുള്ള പൂർണ്ണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ ഉപയോഗിച്ചാലും, താമസസ്ഥലങ്ങൾ, ഊർജ്ജ സംവിധാനങ്ങൾ, വാഹനങ്ങൾ, ജീവൻ നിലനിർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ കൊണ്ടുപോകുന്നതിന് വർഷങ്ങളോളം ആയിരക്കണക്കിന് വിക്ഷേപണങ്ങൾ ആവശ്യമായി വരും. ഓരോ വിക്ഷേപണത്തിനും ലക്ഷക്കണക്കിന് ഡോളർ ചിലവാകും. വിക്ഷേപണത്തിനുള്ള കാലതാമസമോ പരാജയങ്ങളോ നിർമ്മാണം നീട്ടിക്കൊണ്ടുപോകും. റോബോട്ടിക് നിർമ്മാണം അത്യാവശ്യമായിവരും. എന്നാൽ ചന്ദ്രന്റെ സാഹചര്യങ്ങളിൽ സങ്കീർണ്ണമായ ഘടനകൾ നിർമ്മിക്കാൻ കഴിവുള്ള റോബോട്ടിക് സംവിധാനങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.
സമ്പദ്‌വ്യവസ്ഥയുടെ അഭാവം
ചന്ദ്രനഗരത്തിന്റെ സാമ്പത്തിക ഭാരം വളരെ വലുതായിരിക്കും. അനുമാനങ്ങൾ അനുസരിച്ച് മൊത്തം ചിലവ് നൂറുകണക്കിന് ബില്യൺ ഡോളറിലെത്തും. എന്നാൽ ചന്ദ്രനിൽ വലിയ ജനസംഖ്യയെ പിന്തുണയ്ക്കാൻ കഴിവുള്ള വ്യക്തമായ വാണിജ്യ പ്രവർത്തനം ഇല്ല എന്നത് ശ്രദ്ധേയമാണ്.
ഭരണകൂടം, നിയമം, രാഷ്ട്രീയം
ചന്ദ്രനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികൾ ഏതെങ്കിലും രാജ്യത്തിന്റെ പരമാധികാരം നിരോധിക്കുകയും വിഭവങ്ങളുടെ ഉടമസ്ഥാവകാശം നിയമപരമായി അവ്യക്തമാക്കുകയും ചെയ്യുന്നു. ആർക്കാണ് ചന്ദ്രനിലെ അടിസ്ഥാന സൗകര്യങ്ങൾ ഉടമസ്ഥാവകാശം, ആരാണ് നിയമം നടപ്പാക്കുന്നത്, തർക്കങ്ങൾ എങ്ങനെ പരിഹരിക്കുന്നു, അപകടങ്ങൾ സംഭവിച്ചാൽ ആരാണ് ഉത്തരവാദി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. ചന്ദ്രനിലെ സ്വത്ത്, തൊഴിൽ, സുരക്ഷ, ക്രിമിനൽ അധികാരപരിധി എന്നിവയ്ക്ക് നിയമപരമായ ചട്ടക്കൂടുകളും ആവശ്യമായി വരും. ഇതിനൊന്നും ഉത്തരം കണ്ടെത്താതെ പത്തുവർഷത്തിനകം ചന്ദ്രനിൽ നഗരം നിർമിച്ചിട്ട് യാതൊരു കാര്യവുമുണ്ടാകില്ല.
Content Highlights: Elon Musk reveals SpaceX`s new focus on a self-growing Moon city within a decade, shifting Mars plans. Explore the feasibility and challenges.