ഫാക്ടറികൾ ഇനി ബഹിരാകാശത്തും; സെമി കണ്ടക്ടർ രംഗത്ത് നിർണായകം, നീക്കങ്ങൾ അതിവേഗം

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ജനവാസ മേഖലകളിൽ ഫാക്ടറികൾ വരുന്നത് കടുത്ത ഏതിർപ്പിനും പലപ്പോഴും സംഘർഷങ്ങൾക്കുംവരെ കാരണമാകാറുണ്ട്. അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും അടക്കമുള്ള ആശങ്കകളാണ് എതിർപ്പിന് പിന്നിൽ. സാങ്കേതികവിദ്യ മുന്നേറുന്നതോടെ ഇതിനെല്ലാം ഒരു പക്ഷെ മാറ്റം വന്നേക്കാം. ഭൂമിക്ക് നൂറുകണക്കിന് കിലോ മീറ്റർ മുകളിൽ ബഹിരാകാശത്ത് ഒരു ഫാക്ടറി പ്രവർത്തിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു എന്നതരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉയർന്ന നിലവാരമുള്ള വസ്തുക്കൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫാക്ടറി ബഹിരാകാശത്ത് തുറക്കാനൊരുങ്ങുന്നത് എന്നതാണ് കൗതുകകരം.

കാർഡിഫ് ആസ്ഥാനമായ കമ്പനിയാണ് ബഹിരാകാശ ഫാക്ടറി യാഥാർത്ഥ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. സ്‌പേസ് ഫോർജ് എന്ന കമ്പനി മൈക്രോവേവ് ഓവന്റെ വലുപ്പമുള്ള ഫാക്ടറി ബഹിരാകാശത്തേക്ക് അയക്കുകയും അതിന്റെ ഫർണസിന് ഏകദേശം 1,000 ഡിഗ്രി സെൽഷ്യസ് താപനില കൈവരിക്കാൻ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു കഴിഞ്ഞു. സെമി കണ്ടക്ടറുകൾക്ക് വേണ്ടിയുള്ള വസ്തുക്കൾ നിർമ്മിക്കാനാണ് അവർ പദ്ധതിയിടുന്നത്.

സെമി കണ്ടക്ടറുകൾ നിർമ്മിക്കാൻ ബഹിരാകാശത്തെ സാഹചര്യങ്ങൾ വളരെ അനുയോജ്യമാണ് എന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഭാരമില്ലാത്ത പരിതസ്ഥിതി അവ നിർമ്മിക്കാൻ ഏറെ അനുയോജ്യമാണ്. ബഹിരാകാശത്തെ ശൂന്യത കാരണം മലിനവസ്തുക്കൾക്ക് അതിൽ കടക്കില്ല. സെമി കണ്ടക്ടറുകൾ എത്രത്തോളം ശുദ്ധമാണോ അത്രത്തോളം അത് നന്നായി പ്രവർത്തിക്കും. ഇവയ്ക്ക് ഇലക്ട്രോണിക്‌സ്, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ, കമ്പ്യൂട്ടിംഗ്, ഗതാഗതം എന്നീ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകും എന്നാണ് വിദഗ്ധർ പറയുന്നത്.

കമ്പനി നടത്തുന്ന നീക്കങ്ങൾ നിലവിൽ നിർമിക്കപ്പെടുന്നതിനെക്കാൾ 4,000 മടങ്ങ് ശുദ്ധമായ സെമി കണ്ടക്ടറുകൾ ബഹിരാകാശത്ത് നിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സ്‌പേസ് ഫോർജിന്റെ സിഇഒ ജോഷ് വെസ്റ്റേൺ പറയുന്നു. അവ നിങ്ങളുടെ മൊബൈൽ ഫോൺ സിഗ്‌നൽ ലഭിക്കുന്ന 5ജി ടവറുകളിലും കാർ ചാർജറിലും, ഏറ്റവും പുതിയ വിമാനങ്ങളിലും ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കമ്പനിയുടെ മിനി ഫാക്ടറി അടുത്തിടെയാണ് സ്‌പേസ്എക്‌സ് റോക്കറ്റിൽ വിക്ഷേപിച്ചത്. അന്നുമുതൽ ടീം കാർഡിഫിലെ അവരുടെ മിഷൻ കൺട്രോളിൽനിന്ന് അതിന്റെ സംവിധാനങ്ങൾ പരിശോധിച്ചുവരികയാണ്. ഒരു വലിയ ബഹിരാകാശ ഫാക്ടറി നിർമ്മിക്കാനാണ് അവർ പദ്ധതിയിടുന്നത്. 10,000 ചിപ്പുകൾക്ക് വേണ്ടിയുള്ള സെമി കണ്ടക്ടർ മെറ്റീരിയൽ നിർമ്മിക്കാൻ അതിന് കഴിയുമെന്നാണ് അവകാശവാദം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനും പരീക്ഷണങ്ങളടക്കം ആവശ്യമാണ്.

സ്‌പേസ് ഫോർജ് മാത്രമല്ല മറ്റ് കമ്പനികളും സമാനമായ നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ടു ചെയ്യുന്നത്. മരുന്നുകൾ മുതൽ കൃത്രിമ ടിഷ്യൂകൾ വരെ നിർമിക്കാനാണ് കമ്പനികൾക്ക് പദ്ധതികളുള്ളത്.

Content Highlights: Cardiff`s Space Forge launches orbital factory to create ultra-pure semiconductors in space, revolutionizing electronics for 5G, EVs, and more.